കോട്ടയം: ക്രൈസ്തവ വോട്ടുകളുടെ ചോര്‍ച്ച ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിന് പിന്നാലെ. ക്രൈസ്തവ സഭകള്‍ ബിജെപിയോട് അടുക്കുന്നത് തടയണമെന്നാണ് വയനാട്ടില്‍ നടന്ന കെപിസിസി യോഗത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയില്‍ തിരികെയെത്തിക്കാനുള്ള നീക്കം.
ജോസ് വിഭാഗത്തെ തിരികെയെത്തിച്ചാല്‍ കത്തോലിക്കാ സഭ കൂടുതല്‍ അടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ധാരണ. തിങ്കളാഴ്ച രമേശ് ചെന്നിത്തലയാണ് ആദ്യം പ്രതികരിച്ചത്. ജോസ് മടങ്ങിവന്നാല്‍ നല്ലതെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. യുഡിഎഫിലേക്ക് തിരികെ വരാനുള്ള ക്ഷണം സന്തോഷകരമാണെങ്കിലും തല്ക്കാലം എല്‍ഡിഎഫില്‍ തുടരാനാണ് തീരുമാനമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തു പോയതല്ല, യുഡിഎഫ് പുറത്താക്കിയതാണെന്ന് റോഷി പറയുന്നു.
തുടര്‍ന്ന് കെ. മുരളീധരന് എംപിയും ചെന്നിത്തലയുടെ നിലപാട് ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് അടക്കമുള്ളവര്‍ മുന്നണിയില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ. മുരളീധരന് പറഞ്ഞു. ചെന്നിത്തല നയിക്കുന്ന ഐ വിഭാഗത്തിന്റെ എതിര്‍പ്പുകളെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടത്.
ജോസ് കെ. മാണിയെ കൈവിട്ട് ജോസഫ് വിഭാഗത്തെ പിന്തുണച്ചത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്തില്ലെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.
ചെന്നിത്തലയുടെ നിലപാടില്‍ യുഡിഎഫില്‍ എതിര്‍പ്പുണ്ട്. അനവസരത്തിലുള്ള പ്രസ്താവനയെന്നാണ് അഭിപ്രായം. ജോസ് വിഭാഗം തിരികെയെത്തുന്നതില്‍ ജോസഫ് വിഭാഗത്തിന് താല്പര്യമില്ല. വിഷയത്തില്‍ യുഡിഎഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചത്.
ഒപ്പം നില്ക്കുന്ന ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം നീക്കങ്ങള്‍ ഗുണം ചെയ്യില്ലെന്നാണ് യുഡിഎഫിലെ അഭിപ്രായം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയ മാണി സി. കാപ്പന് ഇപ്പോഴും മുന്നണിക്കൊപ്പമുണ്ട്. ഇതൊന്നും പരിഗണിക്കാതെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ജോസ് കെ. മാണി പ്രേമം എന്തിനു വേണ്ടിയെന്നാണ് ഘടകകക്ഷികള്‍ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: