ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ജനപ്രിയനും പ്രിയപ്പെട്ടവനും ഊർജ്ജസ്വലനും ദീർഘവീക്ഷണവുമുള്ള നേതാവാണെന്ന് സുപ്രീംകോടതിയില്‍ നിന്നും സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് എം.ആര്.ഷാ.
വിരമിക്കൽ ദിനത്തിൽ ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഷായുടെ ഈ പ്രതികരണം
വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം വികാരാധീനനായി. വാക്കുകള്‍ കിട്ടാതെ വിഷമിച്ചു. രാജ് കപൂറിന്റെ ഗാനങ്ങളിലെ ചില വരികള്‍ ഉദ്ധരിച്ചുകൊണ്ട് വികാരനിര്‍ഭരമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ജീവിതത്തില്‍ രണ്ടാം ഇന്നിംഗ്സ് ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “വിരമിക്കുകയല്ല, പുതിയ ഇന്നിംഗ്സ് ആരംഭിക്കുകയാണ്, പുതിയ തുടക്കത്തിന് കരുത്ത് തരാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു”- ജസ്റ്റിസ് ഷാ പറഞ്ഞു.
ഓരോരുത്തർക്കും സ്വന്തം കാഴ്ചപ്പാടുണ്ടെന്നും അതു ജുഡീഷ്യൽ ഇടപെടലുകളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 നവംബറിലാണ് ഷാ സുപ്രീം കോടതി ജഡ്ജിയായത്. നിലവിലെ ജഡ്ജിമാരിൽ ഏറ്റവുമധികം വിധിപ്രസ്താവങ്ങൾ നടത്തിയ ന്യായാധിപനാണ് ജസ്റ്റിസ് ഷാ. ഏകദേശം 700-ൽ പരം വിധിന്യായങ്ങളാണ് എഴുതിയിട്ടുള്ളത്.
വളരെ കൃത്യനിഷ്ഠയോടെ പ്രവര്‍ത്തിക്കുന്ന ജഡ്ജിയാണ് എം.ആര്.ഷായെന്ന് അധ്യക്ഷത വഹിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. താന്‍ കൊടുത്തയക്കുന്ന ഏത് വിധിയും അദ്ദേഹം മുഴുവന്‍ വായിച്ച് അഭിപ്രായം രേഖപ്പെടുത്തി രാത്രി തന്നെ തിരിച്ചയക്കുമായിരുന്നു. ഒരു സീനിയറായ സഹപ്രവര്ത്തകന് എന്ന നിലയില്‍ ഒരു വിധി ഡ്രാഫ്റ്റ് ചെയ്യാന്‍ നല്കിയാല് അത് 48 മണിക്കൂറിനുള്ളില്‍ തന്റെ മേശപ്പുറത്തെത്തിയിരിക്കുമെന്നും ചന്ദ്രചൂഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: