ഡോ. കവിത
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിനിറവില്‍ ആ നവോത്ഥാനസ്മൃതിമാധുര്യം നമ്മില്‍ നവോന്മേഷം നിറയ്ക്കും. ജാതീയതയുടെ തീണ്ടാപ്പാടകലങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നിട്ട് ഒരു നൂറ്റാണ്ടു പിന്നിടുന്നു.
ബ്രാഹ്മണാദി അവാന്തരവിഭാഗങ്ങളായി മനുഷ്യന്റെ ജന്മംകൊണ്ട് ആരോപിച്ചു നിശ്ചയിക്കുന്ന ജാതിവ്യവസ്ഥയ്ക്കു ഏതൊരു പ്രസക്തിയുമില്ലെന്നു സനാതനധര്മ്മശാസ്ത്രകൃതികളുടെ പ്രാമാണികതയുറപ്പിച്ചുകൊണ്ടുതന്നെ ഗുരുദേവന് വ്യക്തമാക്കുന്നതു നാം ശ്രദ്ധിക്കണം. ‘ജാതിനിര്‍ണ്ണയ’ത്തില്‍,
”മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം യഥാ
ന! ബ്രാഹ്മണാദിരസൈ്യവം
ഹാ! തത്ത്വം വേത്തി കോƒപിന”
എന്നു ഗുരു വ്യക്തമാക്കുന്നുണ്ട്. മനുഷ്യര്‍ക്കു ‘മനുഷ്യത്വ’മാണ്, അവന്റെ ‘മനുഷ്യന്’ എന്ന ജാതിയെ നിര്‍ണ്ണയിക്കുന്നത്. ബ്രാഹ്മണാദിവിഭാഗങ്ങളല്ലെന്ന പരമസത്യം ‘ഹാ! കഷ്ടം! ആരും അറിയുന്നില്ല’ എന്ന ഗുരുദേവന്റെ ആത്മീയവ്യാകുലത ജാത്യഭിമാനികള്‍ ശ്രദ്ധിക്കുന്നുണ്ടോ?
‘ജാതിലക്ഷണ’ത്തിലൂടെ ഓരോ ജീവജാതിയുടെയും ഇനം അഥവാ ജാതി അവയുടെ ഉടല്കണ്ടാല്ത്തന്നെ മനസ്സിലാക്കാനാകും എന്നു ഗുരു വിശദമാക്കിയിട്ടുണ്ട്.
”ഇനമാര്‍ന്നുടല്‍ താന്‍ തന്റെ-
യിനമേതെന്നുചൊല്കയാല്
ഇനമേതെന്നു കേള്‍ക്കില്ല
നിനവും കണ്ണുമുള്ളവര്‍”
എന്ന സത്യം ഗുരു ഉറക്കെ പ്രഖ്യാപിക്കുന്നു. ഉടല്‍തന്നെ ജീവജാതി പറഞ്ഞുതരുമ്പോള്‍ അതുകാണാന്‍ നിനവും കണ്ണുമുള്ളവര്ക്ക് ഇനമേതെന്ന് ഒരു മനുഷ്യനോടും ചോദിക്കേണ്ടിവരില്ല. ജാതി ചോദിക്കരുത്; പറയരുത്, ചിന്തിക്കരുത്. ഇതാണുപദേശം. തന്നോടു തന്റെ ജാതിയന്വേഷിച്ച ഒരു ജാതിബ്രാഹ്മണനോട് ‘കണ്ടാലറിയാത്തവര് പറഞ്ഞാലെങ്ങനെ അറിയും?’ എന്ന ഗുരുവിന്റെ നിശിതമായ മറുപടി ചിന്തനീയമാണ്. ഇങ്ങനെ ജന്മംകൊണ്ടുമാത്രം ഇന്നും നിര്‍ണ്ണയിച്ചുപോരുന്ന ജാതിവ്യവസ്ഥയുടെ അര്‍ത്ഥശൂന്യതയെ വ്യക്തമാക്കി.
വൈക്കം സത്യഗ്രഹത്തിനെത്തിച്ചേര്ന്ന മഹാത്മാഗാന്ധിജിക്കുപോലും വൈക്കം ക്ഷേത്രത്തിന്റെ ചുമതലക്കാരനായ ഇണ്ടംതുരുത്തി മനയിലെ നമ്പ്യാതിരിയില്നിന്നു നേരിടേണ്ടിവന്ന അയിത്താചരണവും ശുദ്ധി
കലശവുമെല്ലാം സത്യഗ്രഹചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ ഗാന്ധിജിക്കും അയിത്താചരണം പ്രമാണശാസ്ത്രവിധിപ്രകാരമുള്ളതാണോ എന്നു സംശയമുണ്ടായത് ഇവിടത്തെ അനുഷ്ഠാനനിഷ്ഠകൊണ്ടാവണം. ഗാന്ധിജി ഗുരുദേവനോടുതന്നെ ആ ചോദ്യം ഉന്നയിക്കുകയുണ്ടായി. ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ? ‘ഇല്ല’ എന്നായിരുന്നു ഗുരുദേവന് നല്കിയ മറുപടി. ”വൈക്കത്ത് അയിത്താചാരത്തിനെതിരെ ചെയ്യുന്ന സത്യഗ്രഹത്തിനെപ്പറ്റി സ്വാമിജിക്ക് എന്തെങ്കിലും സംശയങ്ങളുണ്ടോ?” എന്ന ചോദ്യത്തിനും ”ഇല്ല, തീര്‍ച്ചയായും ഇല്ല” എന്നും ‘മോക്ഷം കിട്ടുവാന്‍ ഹിന്ദുമതം ആവശ്യത്തിനു സഹായിക്കുമോ?’ എന്ന ചോദ്യത്തിനു ”തീര്‍ച്ചയായും ആദ്ധ്യാത്മികസ്വാതന്ത്ര്യത്തിനുള്ള ധാരാളം വഴികളുണ്ട്. പക്ഷേ ജനങ്ങള്‍ക്കു ലൗകികസ്വാതന്ത്ര്യവും വേണം” (ബാലകൃഷ്ണന് നായര്‍.ജി, പ്രഫ, 2010: ശ്രീനാരായണഗുരുദേവകൃതികള്‍ സമ്പൂര്‍ണ്ണവ്യാഖ്യാനം-1, പുറം 811) എന്നും ഗുരുദേവന് വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്.
പുരുഷ സൂക്തം പറയുന്നത്
പ്രസ്ഥാനത്രയഭാഷ്യത്താല് വേദാന്തവിചാരത്തെ സമ്പന്നമാക്കിയ കേരളീയനായ ജഗദ്ഗുരു ശ്രീശങ്കരാചാര്യസ്വാമികള്‍ തത്തുല്യമായ ഋഗ്വേദം, പുരുഷസൂക്തം തന്റെ ഭഗവദ്ഗീതാഭാഷ്യത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. അതിന്‍പ്രകാരം സത്ത്വഗുണാധിക്യമുള്ള ബ്രാഹ്മണനും രജോഗുണാധിക്യമുള്ള ക്ഷത്രിയനും രജസ്തമോഗുണാധിക്യമുള്ള വൈശ്യനും തമസ്രജോഗുണാധിക്യമുള്ള ശൂദ്രനും ഇങ്ങനെ നാലുതരം മനോഗുണഭാവമുള്ള വ്യക്തിത്വങ്ങളുള്ളതായി പറയുന്നു. മനഃശാസ്ത്രജ്ഞര്‍ പറയുന്ന നാലുതരം വ്യക്തിഭേദങ്ങളെ സ്വന്തംഭാഷ്യത്തില് ഗുരുനിത്യചൈതന്യയതിയും വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യലോകത്തില്‍ ഈ നാലുതരം വ്യക്തിത്വഭേദങ്ങള് ഏതുകാലത്തും എവിടെയും ഉണ്ടായിരിക്കും എന്നതാണ് വസ്തുത. കാരണം പ്രപഞ്ചസ്വരൂപനായ മഹാപ്രതിഭ നാലുഭാവത്തില് പ്രകടമാകുന്നതാണത്. അവ നാലും പരസ്പരപൂരകമായി പ്രപഞ്ചമൂര്ത്തിയുടെ, മനുഷ്യലോകത്തെ നാലുതരം പ്രതിഭാപ്രഭാവമാണ്. അങ്ങനെയുള്ള വിരാട്മൂര്ത്തിയെ ഋഗ്വേദഋഷികവി സ്തുതിക്കുന്നു. എന്നാല്‍ മനുഷ്യരുടെ ഭേദബുദ്ധി ഈ ഋഷികവികല്പ്പനയെ സ്വാര്‍ത്ഥമായ അനാചാരത്തിനുപോദ്ബലകമായി സ്വീകരിച്ചതു ജ്ഞാനിയുടെ സത്യബുദ്ധി ഇല്ലാത്തതുകൊണ്ടുമാത്രമാണ്.
തുടര്‍ന്നുള്ള വരികളില്‍ ഭൂമി വിരാട്പുരുഷന്റെ പാദങ്ങളില്‍നിന്നു ജന്മംകൊണ്ടതായും പറയുന്നുണ്ട്. പാദങ്ങളില്‍നിന്നു വന്നവര്‍ക്കു ഭൂമി സ്വന്തമെന്നു വേണമെങ്കിലും അതു വ്യാഖ്യാനിക്കാമല്ലോ. അതെന്തുകൊണ്ടു കണ്ടില്ല? അര്‍ത്ഥശൂന്യമായ കുയുക്തികള്‍ നടപ്പിലാക്കുകയല്ല ശാസ്ത്രവിചാരം ചെയ്ത വേദാന്തജ്ഞാനികളുടെ ഉപദേശം സ്വീകരിക്കുകയാണു വേണ്ടത്. വിരാട്സ്വരൂപന്റെ വര്ണ്ണനയെപ്രതി തീണ്ടാചാരങ്ങള് പാലിക്കണമെന്നു ആ സൂക്തത്തിലൊരിടത്തും പറയുന്നുമില്ല. ആചാര്യസ്വാമികളുടെ ഭാഷ്യത്തിലുമില്ല. അദൈ്വതിയായ, പരമാചാര്യന് സകലഭേദവിചാരങ്ങള്ക്കും അതീതനാണ്. ഒരു പേരില്‍ അനേകര്‍ ഉണ്ടായിരിക്കെ ആചാര്യസ്വാമികളുടെ അദൈ്വതജ്ഞാനം പകരുന്ന അനേകം കൃതികളിലെ തത്ത്വത്തിനു നിരക്കാത്ത ഏതെങ്കിലും സ്മൃതിയെച്ചൊല്ലി ആചാര്യനെ വിധിക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല സ്മൃതികള്‍ സനാതനധര്‍മ്മത്തിന്റെ പ്രമാണഗ്രന്ഥങ്ങളല്ല. അവ കാലഭേദമനുസരിച്ചു മാറ്റാവുന്ന ലോകജീവിതക്രമത്തിനുവേണ്ട നിയമങ്ങളെപ്രതിയുള്ളതാണ്. അവയ്ക്കു സനാതനധര്‍മ്മത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളെന്ന സ്ഥാനമില്ല.
പ്രാമാണിക ഗ്രന്ഥങ്ങളായി മോക്ഷമാര്‍ഗം മനുഷ്യനു പകര്‍ന്നുകൊടുക്കുന്ന ജ്ഞാനകൃതികളെ മാത്രമാണുദ്ദേശിക്കുന്നത്. ദശോപനിഷത്ത്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നിങ്ങനെ പ്രസ്ഥാനത്രയമെന്നു പറയുന്ന കൃതികളാണവ. ഭഗവാന് നേരിട്ടുപദേശിച്ച ഭഗവദ്ഗീത ഇതില്‍ ശ്രദ്ധേയമാവുന്നു. അദൈ്വതാചാര്യനായ ആചാര്യസ്വാമികളുടെ പ്രഥമപ്രസ്ഥാനത്രയഭാഷ്യമാണ് ഇന്നും ആധികാരികമായുള്ളത്. ശിവഗിരിമഠത്തിലെ വേദാന്താചാര്യനായിരുന്ന പ്രൊഫ. ബാലകൃഷ്ണന്‍നായരുടെ പ്രസ്ഥാനത്രയഭാഷ്യവും ആചാര്യസ്വാമികള്‍ വ്യക്തമാക്കിയ അദൈ്വതജ്ഞാനത്തെ സാക്ഷാത്കരിച്ചുണ്ടായിട്ടുള്ളതാണ്. ഏകസത്യമായ പരമാത്മാവിനെ സ്വാത്മാവില്‍ സാക്ഷാത്കരിക്കാനുതകുന്ന ജ്ഞാനപാഠങ്ങളാണവ. അദൈ്വതജ്ഞാനിയായ ഗുരുദേവന് താന്‍ സാക്ഷാത്കരിച്ച ജ്ഞാനത്തെപ്രതി തനിക്കുണ്ടായ ബോധജ്ഞാനത്തെ അനേകം ദാര്‍ശനിക കൃതികളിലൂടെ നമുക്കു പകര്‍ന്നുതന്നതും ഇതേ ജ്ഞാനഭൂമികയെത്തന്നെ. ഇങ്ങനെ ഗീതോപദേശംപോലെ സ്വത്മാനുഭൂതിയിലുറന്നുവന്ന സ്വതന്ത്രമായ ആത്മോപദേശം പകരുന്ന ജ്ഞാനശാസ്ത്രകൃതികളെന്ന മൗലികത ഗുരുദേവന് രചിച്ച ആത്മോപദേശശതകാദികൃതികള്ക്കുണ്ട്.
”അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ത-
ന്നറിവുമൊരാദിമഹസ്സുമാത്രമാകും,
വിരളതവിട്ടുവിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതുമാത്രമായിടേണം.”
എന്നിങ്ങനെയുള്ള ഗുരുദേവവാണികള് ഈ ജ്ഞാനസാകല്യസാക്ഷാത്കാരത്തില് നിന്ന് ഉറന്നുവന്നിട്ടുള്ളവയാണ്. പരമമായ ഒരൊറ്റ ഉണ്മയാണു സര്‍വതിനെയും നിലനിര്‍ത്തുന്ന പരമാദ്ധ്യക്ഷനെന്നു പ്രഖ്യാപിച്ചു. ഈ ജന്മത്തില് ഇവിടെവച്ചുതന്നെ അജ്ഞാനം മാറ്റി അതു സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന സനാതനധര്‍മ്മത്തിന്റെ ഈ പ്രാമാണികഗ്രന്ഥങ്ങള്ക്കു കടകവിരുദ്ധമായ ഈ അനാചാരങ്ങള്‍ ഉച്ചാടനം ചെയ്തു മനുഷ്യനെ സത്യബോധത്തിലേക്കു നയിക്കുക എന്നതുകൊണ്ടുതന്നെ ഗുരുദേവന് സ്വന്തം ദൗത്യമായിക്കരുതി ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുകയും അനേകം ജ്ഞാനശാസ്ത്രകൃതികള് രചിക്കുകയും ചെയ്തു. ഇങ്ങനെ ത്രിഗുണാതീതനായി സത്യത്തെയറിയാന് മാനവനെ സമര്ത്ഥനാക്കുക എന്നതാണ് ഭഗവദ്ഗീതയുടെയും പ്രധാന ലക്ഷ്യം. അതിന് ഏതൊരു മനുഷ്യനോടും ത്രിഗുണാതീതനാകുക എന്ന സന്ദേശമാണു ഗീതയ്ക്കു നല്‍കാനുള്ളത്.
സനാതന ധര്‍മവും സമദര്‍ശനവും
ത്രിഗുണാതീതനാകുക എന്നതാണ് വേദാന്തത്തിന്റെ സന്ദേശം. ഏതൊരു വര്‍ണമാണോ ഒരുവനു സ്വഭാവമായുള്ളത് ആ ഗുണബന്ധനത്തെ ഭക്തി, കര്‍മ്മ-ജ്ഞാനയോഗാദിമാര്ഗ്ഗങ്ങളാല് മറികടക്കാനാണു ഗീതോപദേശം. അതായത് ഏതുതരം ജാതീയതയെയും വര്‍ഗ-വര്‍ണ-ഭേദവിചാരങ്ങളെ എല്ലാംതന്നെയും യോഗമാര്ഗ്ഗങ്ങളാല് അതിക്രമിച്ചു സത്യത്തെ സാക്ഷാത്കരിക്കണമെന്നതാണു ഗീതോപദേശം. ഈ ഭേദചിന്തകളാലുള്ള ഗുണത്രയബന്ധനം സൂക്ഷ്മശരീരമായ അന്തഃകരണത്തിനു സംഭവിച്ചു മോക്ഷമാര്‍ഗ്ഗം തടയപ്പെടാതെ അവയെ നിഷ്കാമകര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നിങ്ങനെ വിവിധ യോഗമാര്‍ഗ്ഗങ്ങളിലൂടെ മറികടന്നു സമഭാവനയിലും സത്യബോധത്തിലും എത്തിച്ചേരുക എന്നതാണു ഗീതോപദേശം. ഗുരുദേവന്റെ ആത്മോപദേശശതകാദി വേദാന്തകൃതികളുടെ ലക്ഷ്യവും അതുതന്നെ.
”ത്രൈഗുണ്യവിഷയാവേദാഃ
നിസ്ത്രൈഗുണ്യോഭവാര്ജ്ജുന
നിര്‍ദ്വന്ദ്വോ നിത്യസത്ത്വസ്ഥോ
നിര്യോഗക്ഷേമ ആത്മവാന്”
(അ.2, ശ്ലോ. 45)
എന്ന ഗീതാശ്ലോകം പറയുന്നത് ത്രിഗുണാതീതനാകുക എന്നുമാത്രമല്ല. ഏതൊരു ദ്വന്ദ്വചിന്തയുമില്ലാത്തവനായി സ്വന്തം യോഗക്ഷേമങ്ങള്പോലും ആഗ്രഹിക്കാത്തവനായി ലോകര്‍ക്കുവേണ്ടിയുള്ള വേദപ്രതിപാദിതങ്ങളായ ത്രിഗുണവിഷയങ്ങള് വിട്ടകന്നു ആത്മവാനായിരിക്കുക എന്നതാണ്. ത്രിഗുണത്തില്‍ ഏതു ഗുണത്തില്പെട്ട വ്യക്തിയും തന്റെ ഗുണം ഏതെന്നു തിരിച്ചറിഞ്ഞു യോഗമാര്‍ഗ്ഗങ്ങള്‍ ആചരിച്ചു ആത്മശുദ്ധി നേടി ത്രിഗുണാതീതനായി സത്യത്തെ സാക്ഷാത്കരിക്കണമെന്നതാണു ഭഗവദുപദേശം. ഗുരുദേവനും ആത്മോപദേശശതകം പതിമൂന്നാം ശ്ലോകത്തില്‍ അതുതന്നെ ഉപദേശിക്കുന്നു.
”ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടുവണങ്ങിയക്ഷമാറി
സകലമഴിഞ്ഞുതണിഞ്ഞുകേവലത്തിന്-
മഹിമയുമറ്റു മഹസ്സിലാണ്ടിടേണം”
എന്നു ത്രിഗുണങ്ങളെ ഭസ്മമാക്കി തിരുനീറണിഞ്ഞിരിക്കുന്ന ആത്മതത്ത്വമായ ശിവത്തെയറിഞ്ഞു എല്ലാ ഭേദവിചാരചിന്തകളുമകന്നു സകലലോകാസക്തികളും അഴിഞ്ഞു തണിഞ്ഞു കേവലമായ താനെന്ന ബോധമഹിമയും അറ്റവനായി പരമാത്മമഹസ്സിലാണ്ടുനില്ക്കണം. മോക്ഷപ്പൊരുളറിയണം. അദൈ്വതസാരമറിഞ്ഞു കൃതാര്ത്ഥനാവണം.
ഈ ത്രിഗുണാതീതനെ ഭഗവദ്ഗീത, സ്ഥിതപ്രജ്ഞന്, നിഷ്കാമകര്‍മ്മയോഗി, മുക്തന്, അതിവര്‍ണാശ്രമി, മഹാഭക്തന്, എന്നെല്ലാം സംബോധന ചെയ്യുന്നുണ്ട്. ശ്രീരാമകൃഷ്ണപരമഹംസരും, ചട്ടമ്പിസ്വാമികളും ഗുരുദേവനുമെല്ലാം അവ്വിധത്തിലുള്ള പൂര്ണപ്രജ്ഞന്മാരാണ്.
സനാതനധര്‍മ്മത്തിന്റെ സാരാംശമാണു സമദര്‍ശനം. ‘സമത്വം യോഗ ഉച്യതേ.’ യോഗബുദ്ധി കൈവന്നവര്ക്കേ ആന്തരികമായ ഏതൊരു വൈമനസ്യവുമില്ലാത്ത സമദര്‍ശനം സാദ്ധ്യമാകൂ. കാരണം അതു കേവലം സങ്കല്‍പ്പമല്ല, തിരിച്ചറിവാണ്. ത്രിഗുണമുക്തനായ വ്യക്തിക്ക് മാത്രമേ ശരിയായ സമദര്‍ശനം ”ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ഹിതകാംക്ഷ സാദ്ധ്യമാകൂ. അന്തഃകരണത്തില്‍ അജ്ഞാനമായിരിക്കുന്ന ത്രിഗുണസ്വാര്ത്ഥബദ്ധതകള് വിട്ടകന്നു സമബുദ്ധി കൈവരിച്ച മുക്തപുരുഷനു മാത്രമേ ശരിയായ സമദര്ദശനം സാദ്ധ്യമാകൂ എന്നതാണ് വസ്തുത. സമ, എന്നും അന്യ എന്നുമുള്ള രണ്ടു ബുദ്ധികള്‍ മനുഷ്യനുള്ളതില്‍ സമബുദ്ധിയാണ് ജ്ഞാനശാസ്ത്രകൃതികള് പറയുന്ന മോക്ഷത്തിലേക്കു നയിക്കുന്ന യോഗബുദ്ധി. ‘അന്യ’ എന്നു പറയുന്നതു സ്വാര്‍ത്ഥതയുടെ ത്രിഗുണഭാവങ്ങളിലേക്കു ബദ്ധമാക്കുന്ന ഭേദബുദ്ധിയാണ്. ഈ ഭേദബുദ്ധിയെ യോഗമാര്ഗങ്ങളാല് അതിക്രമിച്ചു സമദര്ശനത്തിലെത്താന്വേണ്ടി മാനവരാശിയെ സഹായിക്കുന്ന പ്രപഞ്ചത്തിലെ സനാതനമായ സത്യബുദ്ധിയുള്ക്കൊണ്ട് സത്യധാരണം ചെയ്ത് അതേ സത്യജ്ഞാനത്തിലുറയ്ക്കുക; അതറിഞ്ഞു ലോകജീവിതത്തെയും സത്യധര്മാത്മകമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ജീവിതപദ്ധതിയാണ് സനാതനധര്‍മ്മം ഗുരുപരമ്പരകളിലൂടെ നിര്‍വഹിച്ചുപോരുന്നത്.
വേദാന്തവിചാരത്തിലൂടെ
വേദാന്തവിചാരപദ്ധതി ജാത്യനാചാരങ്ങളെ ഇല്ലായ്മ ചെയ്യാന്‍ എത്രമാത്രം വിചാരം ചെയ്തറിയേണ്ടതാണെന്ന വസ്തുതയാണ് ഇവിടെ മനനവിധേയമാക്കിയത്. ബഹുസ്വരസമൂഹ പശ്ചാത്തലത്തിലുള്ള ഭാരതീയര്‍ക്കു അതെത്രമാത്രം സഹായകമാണെന്നു ഗുരുദേവന് ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അതിനുവേണ്ടി വേദാന്തവിദ്യ ശരിയാംവണ്ണം അഭ്യാസം ചെയ്തുറപ്പിച്ചു പ്രസ്ഥാനത്രയഭാഷ്യത്തിന്റെയും ഇതരജ്ഞാനശാസ്ത്രകൃതികളുടെയും കൃത്യമായ അഭ്യസനം സാദ്ധ്യമാക്കി മാതൃകാചാര്യന്മാരായ ശ്രേഷ്ഠഗുരുക്കന്മാരെ വാര്ത്തെടുക്കുന്നതിനുമായിട്ടാണ് ഗുരുദേവനിര്ദ്ദേശത്താല് ശിവഗിരിയില്‍ ബ്രഹ്മവിദ്യാലയം സ്ഥാപിച്ചത്. ജാത്യനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശരിയായ ജ്ഞാനബോദ്ധ്യമുള്ളവരും സത്യസാക്ഷാത്കാര ലക്ഷ്യവും സമത്വബുദ്ധിയുള്ളവരുമായ ആചാര്യശ്രേഷ്ഠന്മാരെ വാര്‍ത്തെടുക്കാനുള്ള ഗുരുദേവന്റെ ദീര്ഘദര്ശനമാണത്. ബ്രഹ്മവിദ്യാലയത്തില്‍ പ്രധാനാചാര്യസ്ഥാനം വഹിച്ചിരുന്ന പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ പ്രസ്ഥാനത്രയഭാഷ്യം രചിച്ചും അദൈ്വതാചാര്യനായ ആദിശങ്കരാചാര്യരെപ്പോലെ വിലപ്പെട്ട സംഭാവനയേകി, ഭാരതത്തില്‍ ഗൃഹസ്ഥരായ പ്രസ്ഥാനത്രയഭാഷ്യകാരന്മാര് അധികമില്ല എന്നതാണു സത്യം. ശ്രീനാരായണഗുരുദേവശിഷ്യനായ നടരാജഗുരു ഭഗവദ്ഗീതയ്ക്ക് ഇംഗ്ലീഷില്‍ വ്യാഖ്യാനം രചിച്ചു, സാര്വത്രികപ്രസക്തി നല്കി. അദ്ദേഹത്തിന്റെ ശിഷ്യന് ഗുരുനിത്യചൈതന്യയതി രചിച്ച ‘ഭഗവദ്ഗീതാസ്വദ്ധ്യായം’ മനഃശാസ്ത്ര തത്ത്വങ്ങളെ കൂട്ടിയിണക്കിയ വേദാന്തവിചാരത്തിലധിഷ്ഠിതമായ ഒരു വ്യാഖ്യാനമാണ്. ശിഷ്യനായ മുനിനാരായണപ്രസാദും ഗീതാതത്ത്വത്തെ ജീവിതത്തില്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഒരു വ്യാഖ്യാനം രചിച്ചു. ഇങ്ങനെ ഗുരുദേവന്റെ ഗുരുപരമ്പരയില്പെട്ടവരെല്ലാം തന്നെ ഗീതാവ്യാഖ്യാനങ്ങള്‍ രചിച്ചു. മലയാളിയുടെ സത്യാന്വേഷണവാസനയെ പുഷ്ടിപ്പെടുത്തിയവരാണ്. ഹരിജനോദ്ധാരണം ജീവിതവ്രതമാക്കിയ ഗാന്ധിജിയും ‘അനാസക്തി’യെ ഗീതയില്‍നിന്നു കണ്ടെടുത്ത ഒരു യോഗദര്ശനമായി സ്വാതന്ത്ര്യസമരത്തില്‍ അവതരിപ്പിച്ചുകൊണ്ട് ‘അനാസക്തിയോഗം’ എന്ന വ്യാഖ്യാനം രചിച്ചു. ഗീതയും ഗുരുദേവസൂക്തങ്ങളും വെളിവാക്കുന്ന ഈ സത്യദര്‍ശനത്തെ സ്വാംശീകരിക്കുമ്പോള്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പോയ്മറയും. ശാന്തിയും സമഭാവനയുമുള്ള സത്യലോകം അകത്തും പുറത്തും ദൃശ്യമാകുകയും ചെയ്യും. അങ്ങനെ വൈക്കം സത്യഗ്രഹം അതിന്റെ അന്തിമലക്ഷ്യം നേടാനിടവരട്ടെ.
”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.”
ഗുരുദേവന് വിഭാവനം ചെയ്ത ഈ ലക്ഷ്യത്തിലേയ്ക്കു നമ്മുടെ നാടു ചെന്നണയുവാനിടയാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: