കൊച്ചി: ജോലിക്കിടെ അതിക്രൂരമായി കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് ഡോ.കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അടിയന്തരമായി വിഷയം പരിഗണിച്ചപ്പോഴാണ് വന്ദനയുടെ മരണം സംബന്ധിച്ച വാക്കുകളില്‍ ജസ്റ്റിസിന്റെ കണ്ണുകള്‍ നിറഞ്ഞത്. ആ പെണ്‍കുട്ടിയെ ഞങ്ങളുടെ മകളായാണ് കാണുന്നത്. പാവം. അവസാനനിമിഷം അവള് പ്രതിക്കുമുന്നില്‍ പെട്ടുപോയി. എത്രമാത്രം ഭയവും വേദനയും അവള് അനുഭവിച്ചിരിക്കും,’ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ വാക്കുകള്‍ ഇടറി. കണ്ണടയൂരി ജസ്റ്റിസ് കണ്ണുതുടച്ചാണ് വാക്കുകള്‍ തുടര്‍ന്നത്. ആലോചിക്കാനേ വയ്യ. അവളുടെ ജീവത്യാഗം മറവിയിലാണ്ടുപോവില്ല. കോടതി ആദരാഞ്ജലി അര്‍പ്പിക്കുന്നെന്നും കോടതി പറഞ്ഞു.
രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പോലീസിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടിക്കൂടേയെന്നും വാക്കാല്‍ പറഞ്ഞു. സൈനികരായിരുന്നെങ്കില്‍ അവരുടെ ജീവന്‍കൊടുത്ത് സംരക്ഷണം നല്കിയേനേ എന്ന പരാമര്‍ശവും കോടതിയില്‍ നിന്നുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: