ബെര്‍ണബ്യൂ: സാന്റിയാഗോ ബെര്‍ണബ്യുവിലെ ആവേശക്കൊടുങ്കാറ്റിനെ സമനിലയില്‍ കുരുക്കി യുവേഫയിലെ ആദ്യപാദ സെമി ക്ലാസിക് പോരാട്ടം. പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയും കാര്‍ലോ ആന്‍സെലോട്ടിയുടെ റയല്‍ മാഡ്രിഡും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഓരോ ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിഞ്ഞത്. ഫൈനലിലേക്കുള്ള കുതിപ്പിന് മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദ സെമി വിധിയെഴുതും.
കളിയുടെ മുപ്പത്തഞ്ചാം മിനിട്ടില്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ വിനിഷ്യസ് ജൂനിയറിലൂടെ റയല്‍ മാഡ്രിഡാണ് മുന്നിലെത്തിയതെങ്കിലും അറുപത്താറാം മിനിട്ടില്‍ കെവിന് ഡി ബ്രൂയിന് നേടിയ ക്ലാസിക് ഗോളിലൂടെ സിറ്റി മടങ്ങി വന്നു. സിറ്റി സൂപ്പര്‍താരം എര്‍ലിന്‍ ഹാളണ്ടിനെ കൃത്യമായി മാര്‍ക്ക് ചെയ്ത റയലിന്റെ തന്ത്രങ്ങള്‍ അവരുടെ പോരാട്ടത്തിന് വേഗം കൂട്ടി. ഹാളണ്ട് മങ്ങിയപ്പോള്‍ ബെര്‍ണാഡോ സില്‍വയും ഡി ബ്രൂയിനും സിറ്റിയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. മറുഭാഗത്ത് അവസരങ്ങള്‍ മുതലാക്കാനാവാതെ പോയ ബെന്‍സേമയെ മറികടന്ന് വിനീഷ്യസും കാമവിംഗയും ആവേശം വിതച്ചു.
ബെര്‍ണബ്യൂവിലെ നിലയ്ക്കാത്ത ആരവങ്ങള്‍ക്ക് വേഗം കൂട്ടും വിധം ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു മൈതാനത്ത്. അക്ഷരാര്‍ത്ഥത്തില്‍ ക്ലാസിക് യുദ്ധം. സിറ്റിയുടെ ജാക്ക് ഗ്രീലിഷിന്റെ ഫൗളിലാണ് കളി ആരംഭിച്ചത്. മിനിട്ടുകള്‍ പിറക്കും മുമ്പേ ഫ്രീകിക്ക്. റോഡ്രിഗോയെടുത്ത കിക്ക് പക്ഷേ ലക്ഷ്യത്തില്‍ നിന്ന് അകന്നു. പിന്നീട് റയലിന്റെ മുന്നേറ്റമായിരുന്നു. നാലാം മിനിട്ടില്‍ വിനീഷ്യസ് സിറ്റിയുടെ പെനാല്‍ട്ടി ഏരിയയിലേക്ക് പന്ത് മറിച്ചെങ്കിലും ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമയ്ക്ക് അത് കണക്ട് ചെയ്യാനായില്ല.
പത്താം മിനിട്ടിലാണ് സിറ്റി ആദ്യ ആക്രമണത്തിന് മുതിര്‍ന്നത്. കെവിന് ഡി ബ്രൂയിന്റെ നേതൃത്വത്തില്‍ റയലിന്റെ കോട്ടയിലേക്ക് കടന്നെങ്കിലും ഡിഫന്‍സില്‍ തട്ടി ആ ഉദ്യമം പൊലിഞ്ഞു. ഇരുപത്തഞ്ചാം മിനിട്ടില്‍ ഗോളെന്നുറപ്പിച്ച റയലിന്റെ നീക്കം സിറ്റി സെന്റര്‍ ബാക്ക് റുബെന്‍ ഡയസ് മനോഹരമായി ടാക്കിള്‍ ചെയ്ത് ഒഴിവാക്കി. ഇക്കുറിയും വിനീഷ്യസും ബെന്‍സേമയും ചേര്‍ന്ന അച്ചുതണ്ടാണ് സിറ്റിയുടെ ഏരിയയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ഏഴ് മിനിട്ട് കഴിയും മുമ്പേ ബെന്‍സേമ ഒരിക്കല്‍ കൂടി സിറ്റിയുടെ ഗോള്‍മുഖം വിറപ്പിച്ചു. തൊട്ടുപിന്നാലെ ആദ്യഗോള്‍ പിറന്നു. അംഗോളക്കാരന്‍ എഡ്വേര്‍ഡോ കാമവിംഗയില്‍ നിന്നായിരുന്നു ഗോളിലേക്കുള്ള മുന്നേറ്റത്തിന്റെ തുടക്കം. കാമവിംഗയില്‍ നിന്ന് പന്തെത്തിയത് സിറ്റിയുടെ പെനാല്‍ട്ടി ബോക്സിന് പുറത്തുനിന്ന വിനീഷ്യസ് ജൂനിയറിലേക്ക്. കരുത്തുറ്റ ഷോട്ടിലൂടെ വിനീഷ്യസ് സിറ്റിയുടെ വല കുലുക്കി.
ഗോള്‍ വീണതോടെ ഉണര്‍ന്ന സിറ്റി തുടര്‍ച്ചയായ പ്രത്യാക്രമണങ്ങള്‍ കൊണ്ട് റയല്‍ ഗോള്‍മുഖത്ത് പലപ്പോഴും അങ്കലാപ്പുണ്ടാക്കി. ബെര്‍ണാഡോ സില്‍വ, കെവിന് ഡി ബ്രൂയിന് തുടങ്ങിയ സിറ്റിയുടെ പോരാളികള്‍ റയല്‍ പെനാല്‍ട്ടിബോക്സിലേക്ക് പല തവണ ഇരച്ചുകയറി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് പിന്നിലായിരുന്ന സിറ്റി രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ചു. രണ്ടാം പകുതി ആരംഭിച്ചത് വിനീഷ്യസ്-ബെന്‍സേമ കൂട്ടുകെട്ടിന്റെ ആക്രമണത്തിലൂടെയായിരുന്നെങ്കിലും കളിയിലേക്ക് സിറ്റി മടങ്ങി വന്നു. ഹാളണ്ടിന് അവസരങ്ങള്‍ കിട്ടാതെ വന്നതോടെ ഡി ബ്രൂയിന് മുന്നിലേക്ക് കയറി. അറുപത്താറാം മിനിട്ടില്‍ കെവിനിലൂടെത്തന്നെ സമനില ഗോള്‍ പിറന്നു. ഗോള്‍കീപ്പര്‍ തിബോട്ട് കോര്ഷ്യസിന് ചിന്തിക്കാനാവും മുമ്പേ ബെല്‍ജിയം സൂപ്പര്‍താരത്തിന്റെ സൂപ്പര്‍ ഫിനിഷിങ് സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: