കുമളി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയിലെ വനത്തില്‍ തുടരുന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. സിഗ്നല്‍ അനുസരിച്ച് മണലാറിനടുത്തുള്ള വനത്തിലാണ് അരിക്കൊമ്പനുള്ളത്.
നാലിന് രാത്രിയോടെയാണ് അരിക്കൊമ്പന് തമിഴ്നാട്ടിലെ മേഘമലയിലെത്തിയത്. 6ന് പുലര്‍ച്ചെ ഹൈവേഡ് ഡാമിനടുത്ത് ജനവാസ മേഖലയിലുമെത്തി കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചു. അടുത്ത ദിവസം ചിന്നമന്നൂര്‍ മേഘമല റോഡിലുമെത്തി. ഇരവങ്കലാര്‍ ഭാഗത്തെത്തിയ അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ തമിഴ്നാട് വനവകുപ്പ് പുറത്തു വിട്ടിരുന്നു. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മേഘമലയിലേക്ക് വിനോദ സഞ്ചാരികളെ കടത്തി വിടുന്നുമില്ല.
30 പേരടങ്ങുന്ന സംഘത്തെയാണ് തമിഴ്നാട് വനംവകുപ്പ് നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. അരിക്കൊമ്പന് പൂര്‍ണ ആരോഗ്യവാനാണെന്നും പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ വനത്തിലും ജനവാസ മേഖലയിലുമായി ദിവസവും പത്ത് കിലോമീറ്റളോളം സഞ്ചരിക്കുന്നുണ്ട്. ഭക്ഷണവും കഴിക്കുന്നുണ്ട്.
പെരിയാര്‍ വനത്തിലേക്ക് തിരിച്ചെത്തിയാല്‍ നിരീക്ഷിക്കാന്‍ വനം വകുപ്പ് അതിര്‍ത്തിയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ചിന്നക്കനാലിന് സമാന കാലവസ്ഥയുള്ള മേഘമലയില്‍ നിന്ന് അരിക്കൊമ്പന് മടങ്ങാന്‍ തയാറിയിട്ടില്ല. മറ്റാനകളുള്ള മേഖലയായിട്ടും ഇവരുമായി കൂട്ടുചേരാനും കൊമ്പന് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: