ഇംഫാല്‍: കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 13 വരെ നീട്ടി. അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു. കലാപം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
അക്രമം നടത്തിയവരെ മാത്രമല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അക്രമം നേരിടാതെ സഹായിച്ച സര്‍ക്കാര്‍ ജീവനക്കാരെയും കൃത്യമായി പുറത്തുകൊണ്ടുവരും, അദ്ദേഹം പറഞ്ഞു. ദുരൂഹത സൃഷ്ടിക്കുന്ന സന്ദേശങ്ങളില്‍ ജനങ്ങള്‍ കുടുങ്ങരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മണിപ്പൂരിനെ ശാന്തമാക്കാന്‍ ഒപ്പം നിന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ബിരേന്‍ സിങ് നന്ദി പറഞ്ഞു. മെയ് 3 വരെ തുടര്‍ന്ന രണ്ട് ദിവസത്തെ അക്രമസംഭവങ്ങളില്‍ അറുപത് പേരാണ് മരിച്ചത്. 231 പേര്‍ക്ക് പരിക്കേറ്റു. 1700 വീടുകള്‍ അഗ്നിക്കിരയാക്കി. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ഇടപെടലാണ് നടത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് കാര്യങ്ങള്‍ നിരീക്ഷിച്ചു. കേന്ദ്രസേനയുടെ ഇടപടലും കലാപം നേരത്തെ ഒതുക്കുന്നതിന് സഹായകമായി, മുഖ്യമന്ത്രി പറഞ്ഞു.
1593 വിദ്യാര്‍ഥികളടക്കം 35655 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനായി. പതിനായിരം പേരെങ്കിലും ഒറ്റപ്പെട്ട നിലയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കെല്ലാം സാധ്യമായ എല്ലാ സുരക്ഷിതത്വവും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കും വരെ വിശ്രമിക്കില്ലെന്ന് ബിരേന്‍ സിങ് പറഞ്ഞു.
ജനങ്ങള്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ചിതറിപ്പോയ കുടുംബങ്ങള്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സഹായിക്കണം. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ദിവസം മുതല്‍ ഇതുവരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൃത്യമായ മേല്‍നോട്ടവും സഹായവും മണിപ്പൂരിലെ സമാധാന പുനഃസ്ഥാപന പരിശ്രമങ്ങള്‍ക്ക് ലഭിച്ചു. അദ്ദേഹത്തോട് മണിപ്പൂര്‍ സര്‍ക്കാരും ജനങ്ങളും നന്ദിയുള്ളവരാണ്, ബിരേന്‍ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: