എന്താണ് വികസനം, എന്താണ് അതിന്റെ അടയാളം? എന്താണ് അതിന്റെ വിലയും ഫലവും അളക്കാനുള്ള മാനദണ്ഡം? ഇതാണിപ്പോള്‍ ഉയരുന്ന ചോദ്യം. വലിയ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു ഈ ചോദ്യമെങ്കിലും വലിയ ആശ്വാസം വികസനം ചര്‍ച്ചയാകുന്നുവെന്നതാണ്. കാല് നൂറ്റാണ്ടിനിടെ വന്ന വലിയൊരു അടിസ്ഥാനമാറ്റമാണത്. പക്ഷേ വികസനം കാല്‍നൂറ്റാണ്ടിനിപ്പുറം ഏറെ വികസിച്ചത് അറിയാത്തവരുടെ വലിയൊരുകൂട്ടവും നമുക്കിടയിലുണ്ടെന്നതാണ് അതിശയം.
ഇരുപതുവര്‍ഷം മുമ്പ്, 2003 ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി വികസനം തെരഞ്ഞെടുപ്പ് അജണ്ടയായത്. അവശ്യ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിന്റെ തോതും അതിനുള്ള പദ്ധതിയും സങ്കല്‍പ്പവും ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച് അതിന്മേല് വോട്ടുതേടി നേടിയവിജയം ചരിത്രപരമായിരുന്നു. അന്ന് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരായിരുന്നു. അടല്‍ ബിഹാരി വാജ്പേയിയായിരുന്നു പ്രധാനമന്ത്രി. വികസനം ആയിരിക്കണം രാജ്യത്തിന്റെ ഭരണ അജണ്ട എന്നും അതിന് തെരഞ്ഞെടുപ്പില്‍ മാത്രം രാഷ്ട്രീയം, അതുകഴിഞ്ഞാല്‍ എല്ലാവരുമായി സമവായം എന്ന വാജ്പേയി നയം അന്ന് ഏറെ പ്രശംസിക്കപ്പെട്ടു.
ബിജെപിയുടെ വന്‍ വിജയമായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലെ ആ തെരഞ്ഞെടുപ്പുഫലം. അത് ബിഎസ്പി എന്ന വികസന മുദ്രാവാക്യത്തില്‍ -ബിജ്ലി (വൈദ്യുതി), സഡക് (റോഡ്), പാനി (വെള്ളം)- ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് പരീക്ഷണ പോരാട്ടമായിരുന്നു. അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയാണ് അന്ന് ആ പദ്ധതി ആവിഷ്കരിച്ചതും പ്രചരിപ്പിച്ചതും പ്രയോഗിച്ചതും. അത് വമ്പിച്ച രാഷ്ട്രീയ ചര്‍ച്ചാ വിഷയമായി. ലോഹ് പുരുഷ് (ഉരുക്കുമനുഷ്യന്) എല്‍.കെ. അദ്വാനിയും വികാസ് പുരുഷ് (വികസന മാനവന്) അടല്‍ ബിഹാരിയും ചേര്‍ന്നുള്ള കേന്ദ്രഭരണം പുതിയ ദിശയിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്തു. വികസനത്തിന് തടസമായ അഴിമതിക്കെതിരേ സന്ധിയില്ലാ നിലപാടുകള്‍ക്ക് വാജ്പേയി സര്‍ക്കാര്‍ തുടക്കമിട്ടു. പക്ഷേ, ബിജെപി നയിച്ച ആ സര്‍ക്കാര്‍ ഒട്ടേറെ കൊച്ചു പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം ചേര്‍ന്നുള്ള മുന്നണിയായിരുന്നല്ലോ. അവര്‍ക്ക് രാജ്യ വികസനമായിരുന്നില്ല മുഖ്യ ലക്ഷ്യം. തമിഴ്നാട്ടിലെ ഇന്നത്തെ ഭരണകക്ഷിയായ, ബിജെപിയെയും നരേന്ദ്രമോദിയേയും കേന്ദ്ര സര്‍ക്കാരിനേയും ഏറെ എതിര്‍ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അച്ഛന് കെ. കരുണാനിധി ആ പാര്‍ട്ടി നയിക്കുമ്പോള്‍ ഡിഎംകെ അന്നത്തെ വാജ്പേയി സര്‍ക്കാരില്‍ അംഗമായിരുന്നു.
പിന്നീട് 2004 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ‘തിളങ്ങുന്നുവെന്ന’ (ഇന്ത്യാ ഷൈനിങ്) ബിജെപി പ്രചാരണവും വാജ്പേയി ഭരണത്തിലെ നേട്ടങ്ങളും ഉള്‍ക്കൊള്ളാന്‍ തയാറാകാഞ്ഞ ആഭ്യന്തര-ബാഹ്യ ശക്തികളുടെ സംയുക്ത ശ്രമത്തില്‍ വാജ്പേയി സര്‍ക്കാര്‍ പുറത്തുപോയി. തുടര്‍ന്നുള്ള 10 വര്‍ഷം വികസന അജണ്ട മരവിച്ചുനിന്നു. പകരം അഴിമതി ആര്‍ത്തുവളര്‍ന്നു. അതിന്റെ അറുതിയായിരുന്നു 2014 ല്‍. ഇപ്പോള്‍ അടുത്ത പൊതുതെരഞ്ഞെടുപ്പു വരുന്ന 2024 അടുക്കുമ്പോള്‍ വികസനം ചര്‍ച്ചയാകുന്നു, അഴിമതിരഹിത ഭരണം ജനങ്ങള്‍ക്ക് ആകര്‍ഷകമാകുന്നു. വികസനം മുഖ്യ ചര്‍ച്ചാ വിഷയമാകുന്നു. അടുത്തപടി വികസനം. അതില്‍ പങ്കാളികളാകേണ്ടവരില്‍ ചിലരുടെ മനോനില പക്ഷേ വിചിത്രമാണ്.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയില്‍ ആ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാനത്തെ പിണറായി വിജയന് സര്‍ക്കാര്‍ ക്ഷണിച്ചത് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആണ്. ഉദ്ഘാടനവേദിയില്‍ സ്റ്റാലിന് നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു. അത് പലതരത്തിലും ചര്‍ച്ചചെയ്യേണ്ട വിഷയവും. സ്റ്റാലിന് പറഞ്ഞു, ”ഉടല്‍കൊണ്ട് വെവ്വേറേ ആണെങ്കിലും ഞാനും പിണറായിയും ഒന്നാണ്.”
സ്റ്റാലിന് ഇത് പറഞ്ഞത് 2023 ഏപ്രില്‍ ഒന്നിനായിരുന്നു. അത് എന്തായാലും ഇന്ത്യയില്‍ വിഡ്ഢിദിനമല്ല. അതിനാല്‍ ഗൗരവത്തോടെ കാണണം ഈ പ്രസ്താവന. സ്റ്റാലിന് അത് പറയുമ്പോള്‍ എന്തെല്ലാം സ്വയം താരതമ്യം ചെയ്തിട്ടുണ്ടാവും? രണ്ടുപേരും കമ്മ്യൂണിസ്റ്റ് ആശയക്കാരാണ്. രണ്ടുപേരും ഹിന്ദു വിരോധികളും ഹിന്ദി വിരോധികളുമാണ്. ഇരുവരും കേന്ദ്രസര്‍ക്കാര്‍ വിരുദ്ധരാണ്, ദേശീയതയ്ക്കുപരി പ്രാദേശിക വാദികളാണ്. ഇരുവരും പരസ്പര സഹായികളാണ്. അത് രാഷ്ടീയമായി മാത്രമല്ല, സാമ്പത്തികമായുമുണ്ട്. ഇരുവര്‍ക്കും ഇപ്പോള്‍ മുഖ്യ രാഷ്ട്രീയ എതിരാളി ബിജെപിയാണ്. ഇരുവരും ഒരേസമയം പാര്‍ട്ടിയും സര്‍ക്കാരും നിയന്ത്രിച്ച് ഭരിക്കുന്ന ഏകാധിപതികളാണ്. ഇത്രയൊക്കെയാണ് പൊതുവേ ആര്‍ക്കും അറിയാവുന്ന സാദൃശ്യങ്ങളും സമാനതകളും. എന്നാല്‍ ഇതിനപ്പുറം ചിലതുള്ളതാണ് ശ്രദ്ധിക്കേണ്ടത്.
ബിജെപി തമിഴ്നാട് നേതാവ് കെ. അണ്ണാമലൈ, തമിഴ്നാടിന്റെയും വര്‍ഷാരംഭ ദിനമായ ഏപ്രില്‍ 14 ന് ‘ഡിഎംകെ ഫയല്‍സ്’ എന്നു പേരിട്ട ഒരു രഹസ്യം പരസ്യപ്പെടുത്തിയപ്പോള്‍ 14 ദിവസം മുമ്പ് സ്റ്റാലിന് നടത്തിയ പ്രസ്താവന പൂര്‍ണമായും ശരിയാണെന്ന് ആര്‍ക്കും തോന്നി. ഡിഎംകെ എന്ന ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ നേതാക്കള്‍ നടത്തിയ അഴിമതികളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കണക്കുകളുടെ ആദ്യ ഭാഗമാണ് ‘ഒന്നാം ഡിഎംകെ ഫയല്‍സ്.’ ഏറെ വിസ്തരിച്ചാണ് അഴിമതിയുടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെ: ഡിഎംകെയിലെ ഉന്നതരായ 11 പേര്‍ക്ക് 1.34 ലക്ഷം കോടിരൂപയുടെ സമ്പാദ്യമുണ്ട്. അതെല്ലാം ഭരണത്തിലിരുന്ന് അഴിമതികളിലൂടെയോ അനധികൃത സ്വത്തുസമ്പാദനത്തിലൂടെയോ നേടിയത്. ഇനം തിരിച്ച്, ആളുകളുടെ തരംതിരിച്ചാണ് അണ്ണാമലൈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അച്ഛന് കലൈഞ്ജര്‍ കരുണാനിധിയുടെ കാലം മുതല്‍ 40 കൊല്ലം കൊണ്ട് സമ്പാദിച്ച അനധികൃത സ്വത്തുക്കള്‍. 190 കമ്പനികളുടെ കണക്കുകള്‍ അണ്ണാമലൈ ആദ്യ വെളിപ്പെടുത്തലിലെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. അവയെല്ലാംതന്നെ, സ്റ്റാലിന്, സ്റ്റാലിന്റെ മകന്, ബന്ധുക്കള്‍, കുടുംബക്കാരോ അവരുടെ ബിനാമികളോ നടത്തുന്നവയാണ്. സ്റ്റാലിന്റെ മന്ത്രിസഭയില്‍ സ്പോര്‍ട്സ് മന്ത്രിയായ ഉദയനിധി സ്റ്റാലിന് നടത്തിയ അഴിമതികളുടെ രേഖകള്‍ ഡിഎംകെ ഫയല്‍സിലുണ്ട്. റെഡ് ജയന്റ് മൂവി എന്ന സിനിമാക്കമ്പനിയുടെ പിന്നിലെ കള്ളക്കളികള്‍. സ്റ്റാലിന് മെട്രോ ഒന്നാം ഫേസിന്റെ പേരില്‍ തട്ടിയ പണം. വിവിധ കരാറുകള്‍ കമ്മീഷനുകള്‍. സര്‍ക്കാരിന്റെ കരാറുകള്‍ ഏറ്റെടുക്കാനും നടപ്പാക്കാനും കടലാസു കമ്പനികള്‍ ഉണ്ടാക്കിയത്. സ്റ്റാലിന്റെ മകനും അമ്മായിയച്ഛനും ഉള്‍പ്പെട്ട കമ്പനികള്‍, അവര്‍ ഉണ്ടാക്കിയ ഇടപാടുകള്‍ എന്നിങ്ങനെ ഒരു വശത്ത്. ബന്ധുക്കള്‍ സമ്പാദിച്ച അനധികൃത സ്വത്ത് വേറേ 30,000 കോടിവരും. ഡിഎംകെയുടെ ജനപ്രതിനിധികളും മറ്റും നടത്തിയ 20,000 കോടിയുടെ അഴിമതി രേഖകളായിരിക്കും വരാന്‍പോകുന്ന രണ്ടാം ഡിഎംകെ ഫയല്‍സില്‍.
ഈ ആരോപണങ്ങളൊന്നും അടിസ്ഥാനമില്ലാതെയല്ല. എല്ലാം രേഖാമൂലം. മുന്‍ ഐപിഎസ് ഓഫീസര്‍, ഐഐഎമ്മില്‍നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ എഞ്ചിനീയറിങ് ബിരുദധാരി. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരേ ഡിഎംകെ 500 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് കൊടുത്തപ്പോള്‍ തിരികെ 500 കോടിയ്ക്ക് പുറമേ ഒരു രൂപകൂടി ചേര്‍ത്ത് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വെല്ലുവിളിച്ച ധീരന്. അണ്ണാമലൈ പുറത്തുവിട്ട ഈ ചരിത്രങ്ങള്‍ രേഖകള്‍ സഹിതം പുറത്തുവന്നപ്പോളാണ് സ്റ്റാലിന്റെ ആ പ്രസ്താവന- ”ഉടല്‍കൊണ്ട് വെവ്വേറേ ആണെങ്കിലും ഞാനും പിണറായിയും ഒന്നാണ്,” – എന്ന പ്രസ്താവന കിറുകൃത്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെട്ടത്.
അഴിമതിയില്‍ മുങ്ങിയ ഭരണം, ജനാധിപത്യം നടപ്പിലാക്കാത്ത പാര്‍ട്ടിയും സര്‍ക്കാരും, അധികാരത്തിന്റെ ധാര്‍ഷ്ട്യം, സ്വജനപക്ഷപാതം, ഭരണത്തില്‍ ബന്ധുക്കള്‍ക്ക് വഴിവിട്ട സ്വാധീനം. മക്കള്‍ക്കുവേണ്ടിയുള്ള ചട്ടലംഘനങ്ങള്‍, ഞാന്മാത്രം ശരിയെന്ന നിലപാട്… അതെ സാമ്യങ്ങള്‍ ഏറെയാണ്. ‘രണ്ട് ഉടല്’ എന്നതുപോലും തോന്നലാണ്; പിണറായിയും സ്റ്റാലിനും മറ്റൊരു ‘സയാമീസ് ഇരട്ട’കളാണ്.
ഇരുവരും വികസനമെന്നാല്‍ നിര്‍മ്മാണമാണെന്ന് ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. വൈതാളികരെ വിനിയോഗിച്ച് അപദാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുന്നു. അടിസ്ഥാന പ്രശ്നങ്ങളില്‍ ഒരു പുരോഗതിയും ഇരു സംസ്ഥാനങ്ങളും ഉണ്ടാക്കുന്നില്ല. അതേസമയം ഏറ്റെടുത്തുനടത്തുന്ന എല്ലാ പദ്ധതികളിലും അഴിമതി നടത്തുന്നു. ഇഷ്ടക്കാര്‍ക്ക് അഴിമതിക്ക് കൂട്ടു നില്ക്കുന്നു. ഇരുവരും മത-ജാതീയ ധ്രുവീകരണ രാഷ്ട്രീയം പയറ്റുന്നു. സ്റ്റാലിനും ഒരു മകനും മകളും. മകള്‍ സെന്താമരൈ സ്റ്റാലിന്, സണ്‍ഷൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ നടത്തുന്നു. അത് സംരംഭകകൂടിയായ സെന്താമരൈയുടെ ഇടപാടുകള്‍ക്ക് മാന്യതമുറ്റിക്കുന്ന മേല്‍വിലാസം. മകന് സ്പോര്‍ട്സ് വകുപ്പുമന്ത്രി. മകന്റെ അഴിമതിയെക്കുറിച്ച് ഡിഎംകെയുടെതന്നെ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് ഒരു പത്രപ്രവര്‍ത്തകനുമായി സംസാരിക്കുന്നതിന്റെ ശബ്ദലേഖനം ഡിഎംകെക്കാര്‍തന്നെ പുറത്തുവിട്ടിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ എത്രയെത്ര. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ, അതിനുമുമ്പ് സംസ്ഥാന വൈദ്യുതിവകുപ്പ് മന്ത്രിയായിരിക്കെ നടത്തിയെന്ന് കോടതിയില്‍ കേസുള്ള ലാവ്ലിന് ഇടപാടു മുതലുള്ള അഴിമതികളില്‍ എത്രകോടി സമ്പാദ്യം, എത്രകോടി നിക്ഷേപം എന്നുള്ളതൊക്കെ കേരളത്തില്‍ ഒരു ”അണ്ണാമലൈ” വന്നാല്‍ പുറത്തുവരും. പിണറായിയുടെ മകളും മരുമകനും ചില ബന്ധുക്കളുമൊക്കെയായിരുന്ന ഇതുവരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍. എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിരീക്ഷണ ക്യാമറ ഇടപാടിലെ അഴിമതി വെളിച്ചത്തു വന്നതോടെ സ്റ്റാലിന്റെ മകനെപ്പോലെ വിവേക് കിരണ്‍ വിജയനും അഴിമതിക്കൂട്ടത്തില്‍ അംഗമാണെന്ന സംശയമായി. അങ്ങനെ പിണറായി-സ്റ്റാലിന് ഉടലുകള്‍ പോലും സമാനമായി.
വികസനം എന്നാല്‍ ‘അതിവേഗപ്പാതയില്‍ ബഹദൂരം സഞ്ചരിച്ച് അപ്പംചുട്ട് വില്‍ക്കുന്നതിനുള്ള സൗകര്യ’മാണെന്ന് ധരിച്ചിട്ടുള്ളനേതാക്കളും അവര്‍ നയിക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാരും പക്ഷേ, വികസനം എന്നാല്‍ കൂറ്റന്‍ കെട്ടിടങ്ങളും ഫൈഌഓവറുകളുമല്ല എന്ന യാഥാര്‍ത്ഥ്യം അറിയുന്നില്ല. വികസനം എന്ന വാക്കുപോലും മാറി. വികസനത്തിന്റെ അര്‍ത്ഥവും സങ്കല്‍പ്പവും കോണ്‍ക്രീറ്റ് കെട്ടിപ്പൊക്കലുകളില്‍ ഒതുങ്ങിപ്പോയതിനാലാണത്. കേന്ദ്ര സര്‍ക്കാരിനുകീഴിലെ പ്ലാനിങ് കമ്മീഷന് (ആസൂത്രണക്കമ്മീഷന്) ‘നിതി ആയോഗാ’യപ്പോള്‍ ഒമ്പതുവര്‍ഷം മുമ്പേ ആ മാറ്റം തുടങ്ങിയിരുന്നു. ഇന്ന് ‘ഡവലപ്മെന്റ’് അല്ല, ‘ട്രാന്‍സ്ഫര്‍മേഷ’നാണ് (പരിവര്‍ത്തനമാണ്) നടക്കുന്നത്. അത് ഒരേസമയം സാങ്കേതികമാണ്, വൈകാരികവുമാണ്. മാനസാന്തരം സംഭവിക്കുമ്പോഴേ അത് പൂര്‍ണമായി ഫലിക്കൂ. അത് സ്വാര്‍ത്ഥ നേട്ടത്തിനപ്പുറമുള്ള സംയുക്ത ലാഭമാണ്. അതുപക്ഷേ അഴമതിയിലും ക്രമക്കേടിലും മാത്രം ‘ഉടലും ഉയിരും’ അര്‍പ്പിച്ചവര്‍ക്ക് സാധിക്കാന്‍പോയിട്ട് സങ്കല്‍പ്പിക്കാന്‍പോലുമാകില്ല. അവിടെയാണ് ‘ഉടലൊന്നായ സയാമീസ് ഇരട്ടകള്‍’ എത്രമാത്രം ഒന്നിച്ചു നിന്നാലും പരസ്പരം ഭാരമായിമാറുന്നത്.
പിന്കുറിപ്പ്:
കേരള സ്റ്റോറി സിനിമ കാണാതെ എങ്ങനെ സിപിഎം നേതാവ് എം.എ. ബേബി അതിന്റെ ഉള്ളടക്കത്തെയും വിഷയത്തെയും കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്നുവെന്ന് ഒരു വിമര്‍ശകന്റെ ചോദ്യം. പുസ്തകം വായിക്കാതെ പിന്പുറത്തെ അഭിപ്രായം വായിച്ച് പുസ്തക നിരൂപണമെഴുതി തഴക്കമുള്ള വരുടെ കൂട്ടത്തില്‍പെട്ട ആളിനെക്കുറിച്ചാണ് ഈ വിമര്‍ശനമെന്ന് ഓര്‍ക്കണം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: