ലക്നൗ: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2022 ന്റെ ലോഗോ, ജേഴ്സി, ചിഹ്നം, ദീപം ഗാനം എന്നിവ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഇന്ന് ലക്നൗവില്‍ പുറത്തിറക്കി. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ മൂന്നാം പതിപ്പ് ഈ മാസം 23 മുതല്‍ ജൂണ്‍ 3 വരെ നടക്കും. 25 ന് ലക്നൗവിലെ ബാബു ബനാറസി ദാസ് സര്‍വകലാശാലയിലാണ് ഉദ്ഘാടന ചടങ്ങ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി നിസിത് പ്രമാണിക്, ഉത്തര്‍പ്രദേശ് കായികമന്ത്രി ഗിരീഷ് ചന്ദ്ര യാദവ് എന്നിവരും മറ്റ് പ്രമുഖരും ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ 200-ലധികം സര്‍വകലാശാലകളില്‍ നിന്നുള്ള 4700-ലധികം അത്ലറ്റുകള് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
21 ഇനങ്ങളിലാണ് മത്സരം. റോവിംഗും ആദ്യമായി ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ലക്നൗവിന് പുറമെ വാരാണസി, നോയിഡ, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ഗെയിംസ് നടക്കുന്നത്. ന്യൂദല്‍ഹിയിലെ ഡോ.കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചിലാണ് ഷൂട്ടിംഗ് മത്സരം സംഘടിപ്പിക്കുന്നത്.
കര്‍ണാടകയില്‍ നടന്ന കഴിഞ്ഞ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ഭാഗമായിരുന്ന മല്ലഖംബ്, യോഗാസന എന്നീ ഇനങ്ങള്‍ ഇത്തവണയും ഉണ്ടാകും. ഡിഡി സ്പോര്‍ട്സ്, ഒടിടി പ്ലാറ്റ്ഫോമുകളിലും ഗെയിംസ് തത്സമയം സംപ്രേക്ഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: