കേരളത്തില്‍ പണ്ടുമുതലേ കാര്‍ഷികവൃത്തിയോടനുബന്ധിച്ച് വേലകള്‍ നടന്നിരുന്നു. തീയതിയോ തിഥിയോ നിശ്ചയിച്ച് നടത്തുന്നതാണ് വേലകള്‍. എന്നാല്‍ പൂരം, നക്ഷത്രപക്ഷങ്ങളാണ്. കേരളത്തിലെ കാവുകളില്‍ പണ്ടു മുതലേ ഭദ്രകാളി സങ്കല്പത്തിലാണ് ആരാധന ചെയ്തിരുന്നത്. ദേവതാപ്രതിഷ്ഠകള്‍ മരച്ചുവട്ടിലോ, തറയിലോ വച്ചാണ് ആരാധിച്ചിരുന്നത്.
യജ്ഞാചാര്യന്‍ നിശ്ചയം ചെയ്ത ഭാവത്തിലായിരുന്നു ഗോത്രങ്ങള്‍ ദേവതകളെ ഉപാസിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍ തളിപ്പറമ്പ് പെരിഞ്ചല്ലൂര്‍ ഗ്രാമത്തില്‍ നിന്നും ബ്രഹ്മണര്‍ തെക്കോട്ടു പലയാനം ചെയ്ത് പിന്നെ പാലക്കാട് ചുരംവഴി ഭാരതപ്പുഴയുടെ തീരത്ത് 64ഗോത്ര സ്വരൂപങ്ങളായി അധിവസിച്ചു. അവര്‍ ഇവിടെ നിലവിലുണ്ടായിരുന്ന കൗളാചാരം തുടര്‍ന്നില്ല. ഇവിടെയുയായിരുന്ന ആരാധനാമൂര്‍ത്തികളെ മാറ്റി, ശൈവ വൈഷ്ണവദേവതകളെ പ്രതിഷ്ഠിച്ചു. അവരുടെ സമ്പ്രദായങ്ങള്‍ ഇവിടെ വളരെ വേഗത്തില്‍ പ്രാവര്‍ത്തികമാക്കാനും അവര്‍ക്കു സാധിച്ചു. അതുകൊണ്ടാണ് ഭാരതപ്പുഴ മുതല്‍ ആലുവാപ്പുഴ വരെ കൂടുതല്‍ ഇല്ലങ്ങളും ആനകളും കാണപ്പെട്ടത്.
അന്ന് കേരളീയര്‍ കാര്‍ഷികവൃത്തിയിലും നായാട്ടിലുമാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. നായാടി കിട്ടുന്ന മൃഗത്തെ കാവിലെ ദേവതക്കു ബലി നല്കിയ ശേഷം മാത്രമേ അവര്‍ ആഹരിച്ചിരുന്നുള്ളു. ഈ മൃഗബലിക്കു പകരമായി കുമ്പളങ്ങ മുറിക്കാന്‍ ആഗമങ്ങളുടെ കാലത്ത് നിഷ്ക്കര്‍ഷിക്കുകയുണ്ടായി. ഇതു സാത്വികബലിയായി അവര്‍ അവതരിപ്പിച്ചു. ക്രമേണ ഇത് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു.
ഒരു ശരാശരി കര്‍ഷകന്റെ ആഗ്രഹമാണ് ഒരു കാളയുണ്ടാവുകയെന്ന്. അതിനാലവന് കൊയ്തു കഴിഞ്ഞ് ശേഷം കച്ചികൊണ്ട് പൊയ്ക്കാളകളെ തോളിലേറ്റി ദേവതയുടെ മുന്നില്‍ ആനന്ദനൃത്തം ചവുട്ടുന്നു. പിന്നീട് സഞ്ചാരത്തിനായി ഒരു കുതിരയെ അവര്‍ ആഗ്രഹിക്കുകയും, പോയ് കുതിരകളെ ഉണ്ടാക്കി ആടുകയും ചെയ്തു. ഇങ്ങനെ കാള വേലയും കുതിരവേലയും ഉടലെടുത്തു.
എന്നാല്‍ ചതുരംഗത്തില്‍ ഉന്നതസ്ഥാനം ആനയ്ക്കാണ്. അതുകൊണ്ട് ആനയുള്ളത് പ്രൗഢിയുടെ ചിഹ്നമായി കണക്കാക്കിയിരുന്നു. അതിനാല്‍ ബ്രാഹ്മണര്‍ സഹ്യാദ്രിയിലെ കാടുകളില്‍ നിന്നും ആനയെ പിടിച്ചു മെരുക്കി ഇല്ലങ്ങളില്‍ തളച്ചിരുന്നു. കേരളത്തിലെ ഭൂപ്രകൃതി നിമ്നോന്നതമായതുകൊണ്ട് രഥചക്രമുരുളുവാന്‍ എളുപ്പമായിരുന്നില്ല.അതുകൊണ്ട് സഞ്ചാരത്തിന് അനുയോജ്യമായി അവര്‍ തിരഞ്ഞെടുത്തത് ആനകളെയാണ്.
മരച്ചുവട്ടിലും, തറയിലും സ്ഥാപിച്ചിരുന്ന ദേവതാ പ്രതിഷ്ഠകള്‍ക്ക് അവര്‍ തറകെട്ടി, ചുമര് കെട്ടി പിന്നെ മേല്‍ക്കൂരകെട്ടി, വേലികെട്ടി വിളക്കു മാടങ്ങളാക്കി മാറ്റി. അഗ്നിയില്‍ ആറാടിയിരുന്ന ദേവതകള്‍ക്ക് ദീപക്കാഴ്ച നല്കി പരിവര്‍ത്തനം ചെയ്തു. അതാണ് ഇന്നത്തെ ദീപവിധാനം. അഗ്നിയില്‍ ആറാടുന്ന തെയ്യം, തീ ചാമുണ്ഡി ഒന്നും മാറ്റുവാന്‍ ബ്രാഹ്മണര്‍ക്ക് കഴിഞ്ഞിരുന്നില്ല.
പിന്നീട് ക്ഷേത്രങ്ങളും ക്ഷേത്ര ഊരായ്മയും അവരില്‍ നിക്ഷിപ്തമായതോടെ വേലകളെ ഉത്സവങ്ങളും പൂരങ്ങളുമാക്കി മാറ്റി, ദേവതയെ ആനപ്പുറത്ത് എഴുന്നള്ളിക്കാന്‍ തുടങ്ങി. ഒരു ദിവസം നടന്നിരുന്ന വേലയെ അവര്‍ പലദിവസങ്ങളിളായി പടഹാദിരീതിയിലുള്ള ആഘോഷമാക്കി മാറ്റി. അങ്ങനെ ദേശവാസികളുടെ ഉത്സവമായി പൂരങ്ങള്‍ നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: