ന്യൂദല്‍ഹി: സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലായതും പെന്ഷന് നല്‍കാത്തതും സംസ്ഥാന സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്ന് ബിജെപി കേരളാ പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ സെന്ററിലും സെര്‍വറുകളിലും അപ്ഡേഷനുകള്‍ നടത്താത്തതും സോഫ്റ്റ് വെയറുകള്‍ നന്നായി പരിപാലിക്കാത്തതുമാണ് യഥാര്‍ത്ഥ പ്രശ്നം. എന്നാല്‍ അതിന് പകരം കുറ്റം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനാണെന്ന് വ്യാജ പ്രചാരണം നടത്തുകയാണ് കേരള സര്‍ക്കാരെന്നും ജാവദേക്കര്‍ ആരോപിച്ചു.
പൊതുവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി സംസ്ഥാന ഡേറ്റാ സെന്റര്‍ ഉപയോഗിക്കുന്ന സെര്‍വറുകള്‍ അപ്ഗ്രേഡ് ചെയ്യാത്തതാണ് പ്രശ്നം. പിഒഎസ് സംവിധാനം നടത്തേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണ്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ 22 സംസ്ഥാനങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. എന്‍ഐസി നിരവധി തവണ കേരള സര്‍ക്കാരിനോട് പൊതുവിതരണ സംവിധാനം ബന്ധിപ്പിച്ചിരിക്കുന്ന സെര്‍വറുകള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് അതു പൂര്‍ത്തിയായത്. ഇനി വിവരങ്ങള്‍ പുതിയ സെര്‍വറുകളിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിന് വരുന്ന കാലതാമസമാണ് റേഷന്‍ വിതരണം താറുമാറാകാന്‍ കാരണം. സംസ്ഥാനത്തെ ജനങ്ങളോട് യഥാര്‍ത്ഥ കാരണം പറയാതെ ആയിരക്കണക്കിന് റേഷന്‍ കടകള്‍ അടച്ചിട്ട നടപടി നാണക്കേടാണെന്നും ജാവദേക്കര്‍ പറഞ്ഞു.
പെന്‍ഷനുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ അക്ഷയ സെന്ററുകള്‍ക്കായി മാത്രം നല്കിയ കേരളാ സര്‍ക്കാരിന്റെ നടപടിയാണ് പെന്ഷന് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ആളുകള്‍ക്ക് അവരുടെ വീടുകളിലിരുന്ന് പെന്ഷന് രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ ജീവന് രേഖാ സോഫ്റ്റ് വെയര്‍ തുറന്നു നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും കേരളം ചെയ്യുന്നില്ല.
അക്ഷയയ്ക്ക് മാത്രം ഇതിന് അവകാശം നല്‍കാതെ മറ്റു കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ക്കും ഏജന്‍സികള്‍ക്കും കൂടി അനുമതി നല്‍കണമെന്ന ഹൈക്കോടതി വിധിയും കേരള സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണ്. ആധാര്‍ നല്‍കേണ്ട പ്ലാറ്റ്ഫോമും കേരളത്തില്‍ താറുമാറായി കിടക്കുകയാണെന്നും കേരളാ സര്‍ക്കാര്‍ ഇക്കാര്യങ്ങളിലെല്ലാം വലിയ അലംഭാവമാണ് കാണിക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: