ന്യൂദല്‍ഹി : ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, താന്‍ നിരപരാധിയാണെന്നും അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും’ റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് . ജന്തര്‍ മന്തറില്‍ മുന്‍നിര ഗുസ്തിക്കാര്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസും ചില വ്യവസായികളുമാണെന്ന് അദ്ദേഹം ആരോപിച്ചു.
‘രാജി വലിയ കാര്യമല്ല, ഞാനൊരു കുറ്റവാളിയല്ല. ഞാന്‍ രാജിവച്ചാല്‍, ഗുസ്തിക്കാരുടെ ആരോപണങ്ങള്‍ അംഗീകരിച്ചുവെന്നാണ് അര്‍ത്ഥമാക്കുന്നത്. എന്റെ കാലാവധി ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു- ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് പറഞ്ഞു.
അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറാണ്. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവിനെ മാനിക്കുന്നുവെന്നും ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്ത ഡബ്ല്യുഎഫ്ഐ മേധാവിയെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിയാനയിലെ ഭൂരിഭാഗം ഗുസ്തിക്കാരുടെയും പിന്തുണ തനിക്കുണ്ടെന്ന് ബ്രിജ് ഭൂഷണ് സിംഗ് അവകാശപ്പെട്ടു.ഓരോ ദിവസവും ഗുസ്തിക്കാര്‍ പുതിയ ആവശ്യങ്ങളുമായി വരുന്നു. അവര്‍ എഫ്ഐആര്‍ ആവശ്യപ്പെട്ടു. അത് രജിസ്റ്റര്‍ ചെയ്തു, ഇപ്പോള്‍ അവര്‍ പറയുന്നത് തന്നെ ജയിലിലേക്ക് അയയ്ക്കണമെന്നും എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവയ്ക്കണമെന്നുമാണ്. തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ വോട്ട് ചെയ്താണ് താന്‍ എംപിയായതെന്നും വിനേഷ് ഫോഗട്ട് കാരണമല്ലെന്നും ബ്രിജ് ഭൂഷണ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: