ഒരു കാലത്ത് കോഴിക്കോട് കല്ലായിപ്പുഴയുടെ തീരത്ത് നിറയെ തടിമില്ലുകളും തടിഡിപ്പോകളുമായിരുന്നു. കല്ലായിപ്പുഴയിലൂടെ മരങ്ങള്‍ ഒഴുക്കിക്കൊണ്ടുവന്ന് ഇവിടെ കെട്ടിയിടും. പുഴയുടെ തീരത്തു വലിയവ്യാസമുള്ള തടികള്‍ കൂട്ടിക്കെട്ടിയിട്ടിരിക്കും. കല്ലായിയുടെ മരവ്യാപാരത്തിന്റെ സുവര്‍ണകാലത്ത് മാമുക്കോയ അവിടെയൊക്കെ ഓടിനടന്നിരുന്നു, കയ്യിലൊരു മുഴക്കോലുമായി. തടി അളന്ന് നമ്പരിടുകയായിരുന്നു ജോലി. ഒപ്പം മരത്തിന്റെ ഗുണവും കാലപ്പഴക്കവുമെല്ലാം വാങ്ങാന്‍ വരുന്നവരോട് പറയും. ആവശ്യക്കാരോട് മരം എന്താണെന്ന് ബോധ്യപ്പെടുത്തായാലെ അവരതു വാങ്ങൂ. അതിനാല്‍ വളരെ വേഗത്തിലത് അവരോട് പറയണം. അന്നുമുതല്‍ തുടങ്ങിയതാണ് തനി നാടന്‍പ്രയോഗങ്ങള്‍ ചേര്‍ത്തുവച്ചുള്ള മാമുക്കോയയുടെ സംസാരം. മരം അളവുകാരനായി തുടരുമ്പോഴും രാത്രിയില്‍ അദ്ദേഹം നാടകത്തിലും അഭിനയിച്ചു.
കോഴിക്കോടിന് തനതായ നാടകസംസ്കാരമുണ്ട്. കെ.ടി. മുഹമ്മദും വാസു പ്രദീപും എ.കെ. പുതിയങ്ങാടിയും കെ.ടി. കുഞ്ഞും തിക്കോടിയനുമെല്ലാം ചേര്‍ന്ന് പരിപാലിച്ചു പോന്നതായിരുന്നു അത്. ഇവരുടെയെല്ലാം നാടകങ്ങളില്‍ മാമുക്കോയ അഭിനയിച്ചു. പകല്‍ മരക്കടയിലെ ജോലിയും രാത്രിയില്‍ നാടകാഭിനയവും. കോഴിക്കോട് കേന്ദ്രീകരിച്ച് സാഹിത്യരംഗം ശക്തമായിരുന്ന കാലത്ത്, ആ വഴിനടന്നവര്ക്കൊപ്പം മാമുക്കോയയും ചേര്‍ന്നു. ബാബുരാജിന്റെ സംഗീതവും കോഴിക്കോടിന്റെ രുചികളുമൊക്കെ സൗഹൃദം തീര്‍ത്ത സദസ്സുകളില്‍ മാമുക്കോയയും കണ്ണിയായി. ബേപ്പൂര്‍ സുല്‍ത്താനും എസ്.കെ. പൊറ്റക്കാടും എംടിയും തിക്കോടിയനും കുഞ്ഞാണ്ടിയുമെല്ലാം ഗുരുക്കന്മാരൊ കൂട്ടുകാരൊ ഒക്കെയായി.
നാടകനടന്‍ മാമു തൊണ്ടിക്കാട്
ജീവിതം മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും നാടകത്തെ വിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സ്കൂള്‍കാലം മുതല്‍ തുടങ്ങിയതാണ് നാടകപ്രേമം. കുറ്റിച്ചിറ സ്കൂളിലും എം.എം. ഹൈസ്കൂളിലുമെല്ലാം സ്കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്നു. ജീവിക്കാന്‍ കല്ലായിയില്‍ മരം അളക്കുമ്പോഴും നാടകത്തിനാണ് മുന്‍ഗണന നല്‍കിയത്. ജീവിക്കാന്‍ പണം വേണമെന്നതിനാലാണ് മരം അളക്കാന്‍ പോയതെന്ന് മാമുക്കോയ തന്നെ പറഞ്ഞിട്ടുണ്ട്. പകല്‍ മരം അളക്കുന്ന മുഹമ്മദ് രാത്രിയില്‍ സ്റ്റേജില്‍ മാമുതൊണ്ടിക്കാടെന്നും മാമു ടി.കെയെന്നുമൊക്കെ പേരുള്ള നാടകനടനുമായി. കല്ലായി പള്ളിക്കണ്ടിയിലെ സൈഗാള്‍ ആര്‍ട്സ് ക്ലബ് എന്ന കലാസമിതിയാണ് നാടകത്തെ ഗൗരവത്തില്‍ സമീപിക്കാന്‍ അവസരമൊരുക്കിയത്. നെല്ലിക്കോട് ഭാസ്കരനും മച്ചാട് കൃഷ്ണനുമൊക്കെ അവിടെയുണ്ടായിരുന്നു. കഥാപാത്രങ്ങള്‍ സ്വന്തമായി ആശയങ്ങളുണ്ടാക്കി സംസാരിച്ച് വികസിപ്പിക്കുന്നതായിരുന്നു നാടക ശൈലി.
കെ.ടി. കുഞ്ഞുവെന്ന നാടകകൃത്തിന്റെ നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക നാടകങ്ങളിലും മാമുക്കോയയ്ക്ക് വേഷമിടാനായി. ചെമ്മനട് അബ്ദുറഹ്മാന്, ടി. മുഹുമ്മദ് കോയ, എ.കെ. പുതിയങ്ങാടി, സലാം പള്ളിത്തോട്ടം സുന്ദരന്‍ കല്ലായി എന്നിവരടക്കമുള്ളവരുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ബ്രദേഴ്സ് മ്യൂസിക് ക്ലബ്, മ്യൂസിക്കല്‍ തീയേറ്റേഴ്സ്, എക്സല്‍ ആര്‍ട്സ് സെന്റര്‍, ദേശപോഷിണി എന്നിവയുമായും സഹകരിച്ചുപോന്നിരുന്നു. ചില നാടകങ്ങളില്‍ ബാലന്കെ. നായര്‍ക്കൊപ്പവും അഭിനയിച്ചു.
കോഴിക്കോടിനൊരു വേറിട്ട സാഹിത്യസംസ്കാരമുണ്ടായിരുന്നു. നാടകമായാലും പാട്ടായാലും എഴുത്തായാലും എല്ലാം സാംസ്കാരികപ്രവര്‍ത്തനമായിരുന്നു. എല്ലാവരും ഒറ്റക്കെട്ട്. എസ്.കെയും ബഷീറും ബാബുരാജുമൊക്കെ റിഹേഴ്സല്‍ കാണാന്‍ വരികയും അഭിപ്രായം പറയുകയും ചെയ്യും. അന്നത്തെ കൂട്ടായ്മകളില്‍ തിക്കോടിയനും ഉറൂബും പി. ഭാസ്കരനും രാഘവന് മാഷുമൊക്കെയുണ്ടായിരുന്നു.
സിനിമയിലേക്ക്
നാടകസംഘത്തില്‍ തന്നെയുള്ളവര്‍ ചേര്‍ന്ന് ഒരു സിനിമയുണ്ടാക്കാന്‍ തീരുമാനിച്ചത് അഭിനയിക്കാനുള്ള വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായിരുന്നു. അങ്ങനെയാണ് നിലമ്പൂര്‍ ബാലന് സംവിധായകനായ ‘അന്യരുടെ ഭൂമി’ എന്ന ചിത്രം ഉണ്ടാകുന്നത്. മാമുക്കോയ ആദ്യമായി സിനിമാനടനായത് അന്യരുടെ ഭൂമിയിലാണ്. പക്ഷേ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അന്യരുടെ ഭൂമിക്കു ശേഷം അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറാണ് അതിനു കാരണം. കലാസംവിധായകനായ എസ്. കൊന്നനാട്ട് പി.എ. മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകള്‍ എന്ന നോവല്‍ സിനിമയാക്കുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് കൊന്നനാട്ട് ബേപ്പൂരില്‍ ബഷീറിന്റെ വീട്ടിലെത്തി. അപ്പോള്‍ മാമുക്കോയയും കുറച്ചാളുകളും മാങ്കോസ്റ്റിന്റെ ചുവട്ടിലുണ്ട്. ബഷീര്‍ മാമുവിനെ ചൂണ്ടി കൊന്നനാട്ടിനോട് പറഞ്ഞു, ഇവന് നാടക നടനാണ്. ഇവനും സിനിമയില്‍ ഒരു വേഷം കൊടുക്കണം. സിനിമയില്‍ കെ.പി. ഉമ്മര്‍ ഒരറബിയാണ്. അറബിക്കല്യാണവും മറ്റുമൊക്കെയാണ് കഥ. ഇതില്‍ അറബിക്ക് പോകാനും വരാനും ഒരു കുതിരവണ്ടിയുണ്ട്. കുതിരയ്ക്ക് പുല്ലിട്ട് കൊടുക്കുന്ന ആളായി മാമുക്കോയ അഭിനയിച്ചു. ഇതായിരുന്നു രണ്ടാമത്തെ സിനിമ.
അറബി മുന്‍ഷി
ശ്രീനിവാസന് തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം ചെയ്ത ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലെ അറബി മുന്‍ഷിയെ ആര്‍ക്കു മറക്കാനാകും. ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയാണ് തന്നെ സിനിമാനടനെന്ന നിലയില്‍ പ്രശസ്തനാക്കിയതെന്ന് മാമുക്കോയ തന്നെ പറഞ്ഞിട്ടുണ്ട്. ശ്രീനിവാസനുമായുള്ള പരിചയമാണ് അതിലേക്കെത്തിച്ചത്. നാടകക്കാരനായ മാമുവിനെ ശ്രീനിക്ക് നേരത്തെ അറിയാമായിരുന്നു. തലശ്ശേരിമേഖലയില്‍ ശ്രീനിവാസന് അക്കാലത്ത് നാടകപ്രസ്ഥാനവുമായി നടക്കുകയായിരുന്നു. സ്കൂള്‍ പശ്ചാത്തലത്തിലുള്ളൊരു കഥയാണ്. കുറേ അധ്യാപകകഥാപാത്രങ്ങളുണ്ട്. അതില്‍ അറബിമുന്ഷിയുടെ വേഷം മാമുവിനെക്കൊണ്ട് ചെയ്യിക്കാം എന്ന് ശ്രീനി, സിബിമലയിലിനോട് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോള്‍ മാമുവിന്റെ അഭിനയം കണ്ട് കൂടുതല്‍ സീനുകള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. ഈ സിനിമയ്ക്കുശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് മാമുക്കോയ പിന്നീട് പറഞ്ഞിട്ടുണ്ട്.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റി’ല്‍ ശ്രീനിവാസന്റെ ശിപാര്‍ശയിലായിരുന്നു അടുത്തവേഷവും. മോഹന്‍ലാലിന്റെ കൂട്ടുകാരിലൊരാളായി മാമുക്കോയ അഭിനയിച്ചു. ആ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ സത്യന് അന്തിക്കാട് ശ്രീനിവാസന് ടീമിന്റെ സിനിമകളിലെല്ലാം മാമുക്കോയ സ്ഥിരം സാന്നിധ്യമായി. ഗാന്ധിനഗറിനു ശേഷം, ‘സന്മനസ്സുള്ളവര്ക്ക് സമാധാനം’ എന്ന സിനിമയിലെത്തി. അതു തീരാറായപ്പോഴേക്കും സിബിമലയിലിന്റെ മമ്മൂട്ടി ചിത്രം ‘രാരീര’ത്തില്‍ അവസരം ലഭിച്ചു. പിന്നീട് തുടരെ സിനിമകള്‍. ‘നാടോടിക്കാറ്റ്’, ‘വരവേല്‍പ്പ്’, ‘മഴവില്‍ക്കാവടി’ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ മാമുക്കോയ നിഷേധിക്കാനാകാത്ത ഇടം നേടി. സത്യന് അന്തിക്കാട്, പ്രിയദര്ശന് തുടങ്ങിയവര്‍ മാമുക്കോയ ഇല്ലാതെ സിനിമകള്‍ ചെയ്യില്ലെന്ന നിലയിലേക്കെത്തി.
ഗഫൂര്‍ക്കാ ദോസ്ത്
നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക എല്ലാക്കാലത്തും പ്രേക്ഷക മനസ്സില്‍ ചിരി പരത്തും. മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉരുവില്‍ കയറ്റി ദുബായ് ആണെന്നു പറഞ്ഞ് ചെന്നൈയിലിറക്കിവിടുന്ന മാമുക്കോയയുടെ കഥാപാത്രം ചിത്രത്തിന്റെ ഹൈലൈറ്റായി മാറി. കുറച്ചുരംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് വലിയ സാന്നിധ്യം അദ്ദേഹം അറിയിച്ചു. രണ്ട് ഓട്ടോറിക്ഷകളിലായി ഒരു ഓഫീസിനു മുന്നില്‍ വന്നിറങ്ങിയ കഥാപാത്രം വലിയ ചിരി സമ്മാനിച്ചു, മാമുക്കോയയുടെ റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ. ‘ബാലഷ്ണാ…’ എന്ന വിളിയുമായുള്ള ആ വരവു മറക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ ? തലയണമന്ത്രത്തിലെ കാര്‍ ബ്രോക്കര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, മഴവില്‍ക്കാവടിയിലെ പോക്കറ്റടിക്കാരന് കുഞ്ഞിഖാദര്‍, സന്ദേശത്തിലെ കെ.ജി. പൊതുവാള്, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, വരവേല്പിലെ ഹംസ, പാവം പാവം രാജകുമാരനിലെ ശങ്കരേട്ടന്, ഗജകേസരിയോഗത്തിലെ ആനബ്രോക്കറായ രാഘവന്‍നായര്‍, ശുഭയാത്രയിലെ ഗുണ്ട കരീംഭായ്, വക്കീല്‍ വാസുദേവിലെ എസ്ഐ ജബ്ബാര്‍, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാല്‍, വെട്ടത്തിലെ ഹംസ… മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധി.
ബഷീറിന്റെ സ്വന്തം ‘കാക്ക’
തലമുറ വ്യത്യാസമില്ലാതെ മലയാളി ആഘോഷമാക്കുകയായിരുന്നു മാമുക്കോയയെ. സിനിമാതാരമായോ അഭിനേതാവായോ മാത്രം മാമുക്കോയയെ വിലയിരുത്താനാകില്ല. കേരളത്തിന്റെ സാംസ്കാരികഭൂമികയില്‍ നിഷേധിക്കാനാകാത്ത സ്ഥാനമുണ്ട് മാമുക്കോയ എന്ന നടന്. വൈക്കം മുഹമ്മദ് ബഷീറെന്ന വലിയ മരത്തിന്റെ തണലില്‍ വളര്ന്നയാളാണദ്ദേഹം. എന്നും മലയാളത്തിന്റെ തലപ്പൊക്കമുള്ള എഴുത്തുകാര്‍ക്കും നാടകപ്രവര്ത്തകര്ക്കുമൊപ്പമായിരുന്നു ജീവിതം. ബഷിറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ സാഹിത്യകാരും രാഷ്ട്രീയപ്രവര്‍ത്തകരും അടങ്ങുന്ന ‘ഇമ്മിണി ബല്യയാള്ക്കാര്’ എല്ലാവരും മാമുക്കോയയുടെയും ചങ്ങാതിമാരായി. ബഷീറിന്റെ ശേഖരത്തിലെ പുസ്തകങ്ങള്‍ അനവധി അദ്ദേഹം വായിച്ചു. ബഷീര്‍സാഹിത്യവും ജീവിതവീക്ഷണവും മാമുക്കോയയെ വളരെ സ്വാധീനിച്ചു. ഒരു കുടുംബാംഗത്തെപ്പോലെ ബഷീര്‍ അദ്ദേഹത്തെ കരുതുകയും ചെയ്തു. ‘കാക്ക’ എന്നാണ് ബഷീര്‍ മാമുക്കോയയെ വിളിച്ചത്. പണത്തിന് ആവശ്യമുള്ളപ്പോള്‍ കടംവാങ്ങാന്‍ മാമുക്കോയ സമീപിച്ചിരുന്നതും ബഷീറിനെത്തന്നെ. ചെക്കില്‍ ബഷീര്‍ രണ്ടു തരത്തിലുള്ള ഒപ്പിടാറുണ്ട്. മലയാളത്തിലുള്ള ഒപ്പാണെങ്കില്‍ പണം തിരിച്ചുകൊടുക്കേണ്ടതില്ല. ഇംഗ്ലീഷിലാണെങ്കില്‍ തിരികെ കൊടുത്തിരിക്കണം. ബഷീറിന്റെ മലയാളം ഒപ്പുള്ള ചെക്കുകള്‍ ധാരാളം കൈപ്പറ്റിയിട്ടുണ്ടെന്ന് മാമുക്കോയ പറഞ്ഞിട്ടുണ്ട്.
വെള്ളിത്തിരയില്‍ തമാശപറഞ്ഞും അഭിനയിച്ചും പ്രേക്ഷകരെ ചിരിപ്പിച്ച അദ്ദേഹം പക്ഷേ, ജീവിതത്തില്‍ വലിയ തമാശക്കാരനായിരുന്നില്ല. ‘കാമ്പുള്ള സംസാരം’ പറഞ്ഞും ഗുണമുള്ള പ്രവൃത്തികള്‍ ചെയ്തും മാമു കോഴിക്കോട്ടെ സാംസ്കാരികനായകരില്‍ പ്രമുഖനായി. മതവും രാഷ്ട്രീയവും കലാപവും കൊലപാതകവും ഒന്നും മാമുക്കോയ എന്ന വലിയ മനുഷ്യന് ചേരുന്നതായില്ല. അതൊന്നും ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: