തിരുവനന്തപുരം: തെറ്റായ വാര്‍ത്തകള്‍ തിരുത്താതെ അത് ശരിയെന്ന് വരുത്തി തീര്‍ക്കുന്ന കാഴ്ചയാണ് നമ്മുടെ രാജ്യത്തെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. തങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റെന്ന് സമ്മതിച്ച് അത് തിരുത്തിയ എത്രയോ മാധ്യമങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്ന വാര്‍ത്തകളുടെ ഇംപാക്ട് എന്താണെന്നു കൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാവ്യ, സംഗീത, ചലച്ചിത്ര സപര്യയുടെ ആറു പതിറ്റാണ്ട് പിന്നിടുന്ന ശ്രീകുമാരന്‍ തമ്പിയെ ആദരിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തിയെക്കുറിച്ച് തെറ്റായി വാര്‍ത്ത നല്‍കുമ്പോള്‍ അയാളുടെ മനസിലുണ്ടാക്കുന്ന ചലനങ്ങളെയും വേദനകളെയും കുറിച്ച് മാധ്യമങ്ങള്‍ ചിന്തിക്കുന്നില്ല.
ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ അടുത്ത ദിവസത്തെ പത്രത്തിന്റെ തലക്കെട്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ പുതിയ രീതിയില്‍ വായനക്കാര്‍ക്ക് മുമ്പില്‍ എങ്ങനെ അവതരിപ്പിക്കാമെന്ന് പത്രങ്ങള്‍ ആലോചിക്കണം. പോസിറ്റീവ് ന്യൂസ് ജനങ്ങള്‍ക്ക് ആവശ്യമില്ലാതെ വരുന്ന കാലഘട്ടമാണ്. അതിനാല്‍ നെഗറ്റീവ് ന്യൂസ് അവതരിപ്പിക്കാനും മാധ്യമങ്ങള്‍ മത്സരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അധികാരം പാര്‍ലമെന്റിനോ സുപ്രീംകോടതിക്കോ അല്ല. ജനങ്ങളാണ് നമ്മുടെ രാജ്യത്തെ പരമാധികാരി. അഞ്ചു വര്‍ഷത്തെ ഭരണത്തിന് അധികാരം നല്‍കുന്നത് ജനങ്ങളാണ്.
അവരാണ് നിയമങ്ങള്‍ നിര്‍മിക്കുന്നത്. ഭരണഘടനയുടെ 395-ാം വകുപ്പ് മാറ്റിയില്ലായിരുന്നുവെങ്കില്‍ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ബ്രിട്ടീഷുകാരുടെ സമ്മാനമായി മാറുമായിരുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ ഡിജിപി ഋഷിരാജ് സിങ്, സാഹിത്യകാരന്‍ പിരപ്പന്‍കോട് മുരളി, പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍. സാനു, ഐജെടി ഫാക്കല്‍ട്ടി ശശിമോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: