ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ഗുസ്തി താരങ്ങള്‍ സമരം തുടരുന്നതിനിടെ, ‘ഡബ്ല്യുഎഫ്ഐയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉചിതമായ ഇടക്കാല ക്രമീകരണങ്ങള്‍’ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) പ്രസിഡന്റ് പി ടി ഉഷയ്ക്ക് കത്തയച്ചു.
മേയ് 7 ന് നടക്കാനിരിക്കുന്ന ഡബ്ല്യുഎഫ്ഐ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. എന്നാല്‍ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഒരു ഐഒഎയോട് ആവശ്യപ്പെട്ടു.
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണിനെതിരെ സമരം തുടരുന്നതിനിടെയാണ് ഈ സംഭവവികാസങ്ങള്‍.
യുവ ഗുസ്തിക്കാരെ സംരക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ പറഞ്ഞു. എന്നാല്‍ യുപിയും ഹരിയാനയും തമ്മിലുള്ള പ്രശ്നമാക്കി മാറ്റി ഇതിനെ രാഷ്ട്രീയ വിഷയമാക്കാനാണ് ബ്രിജ് ഭൂഷണ് ശ്രമിക്കുന്നത്. എന്നാല്‍ യുപിയില്‍ നിന്നുള്ള ഗുസ്തിക്കാര്‍ തങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.
അതിനിടെ ഈ വര്‍ഷം ജനുവരിയില്‍ നിയോഗിച്ച മേല്‍നോട്ട സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ഇത് കായിക മന്ത്രാലയം പഠിച്ചുവരികയാണ്. ഐഒഎയ്ക്ക് അയച്ച കത്തില്‍ കായിക മന്ത്രാലയം സമിതിയുടെ പ്രധാന കണ്ടെത്തലുകള്‍ ഉദ്ധരിച്ചു.എന്നാല്‍ ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് മൗനം അവലംബിക്കുകയാണ്. ഫെഡറേഷനും കായിക താരങ്ങളും തമ്മില്‍ ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിന് ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് റിപ്പോട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: