കിളിമാനൂര്‍ ഗോവിന്ദ്
കിളിമാനൂര്‍(തിരുവനന്തപുരം): പദ്ധതിക്ക് പഞ്ഞമില്ലാത്ത ‘നമ്പര്‍ വണ്‍’ പട്ടിണിയില്‍ നട്ടംതിരിയുന്ന രത്നാകരനും സിന്ധുവും ചോദ്യച്ചിഹ്നമാകുന്നു. സര്‍ക്കാര്‍ മേനി പറയുന്ന ക്ഷേമപദ്ധതികളുടെ പൊള്ളത്തരം വിളിച്ചുപറയുന്ന നൂറുകണക്കിന് ദരിദ്രകുടുംബങ്ങളുടെ പ്രതീകമാണ് കിളിമാനൂര്‍ അടയമണ്‍ ചാവേറ്റിക്കാട് ആറ്റുമൂഴി കുന്നില്‍ വീട്ടില്‍ രത്നാകരന് (54) ഭാര്യ സിന്ധു (35) മക്കള്‍ കൃഷ്ണകുമാര്‍ (4), ശിവനന്ദകുമാര്(3) എന്നിവര്‍ അനുഭവിക്കുന്ന ദുരിത ജീവിതം.
സിപിഎം ഭരിക്കുന്ന കിളിമാനൂരിലെ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലാണ് ഈ ദുരിതക്കാഴ്ച. സിപിഎമ്മുകാരനായ വാര്‍ഡ് മെമ്പര്‍തന്നെയാണ് പഞ്ചായത്തിന്റെ പ്രസിഡന്റും. ബ്ലോക്ക് മെമ്പറും എംഎല്‍എയുമൊക്കെ സിപിഎമ്മുകാര്‍. എന്നിട്ടും ഒരു പദ്ധതിയും രത്നാകരന്റെ പടിക്കലെത്തിയില്ല. രത്നാകരന് ഹിന്ദു കുറവ സമുദായവും സിന്ധു ഹിന്ദു വേടര്‍ വിഭാഗവുമാണ്. അടച്ചുറപ്പുള്ള വീടോ മറയുള്ള ശൗചാലയമോ ഇവര്‍ക്കില്ല. കിണറിന് ആള്‍മറ ഇല്ല. മേല്‍ക്കൂരയടക്കം പ്ലാസ്റ്റിക് കൊണ്ട് കെട്ടിമറച്ചതാണ് വീട്. രത്നാകരന്റെ അച്ഛന് പരേതനായ മാധവന്റെ പേരിലുള്ള ഭൂമിയിലാണ് ഈ കൂര.
സഹോദരന് വിജയനു കൂടി അവകാശം ഭൂമിയിലുണ്ട്. അതിന്റെ പേരില്‍ ലൈഫ് അടക്കമുള്ള ആനുകൂല്യങ്ങളുമെല്ലാം പടിക്ക് പുറത്താണ്. രത്നാകരന്റെ കൂലിപ്പണിയാണ് ഏക വരുമാനം. ഇപ്പോള്‍ ജോലി തീരെ കുറവാണ്. വീടിനു വേണ്ടിയും കിണറിന്റെ ചുറ്റും കെട്ടാനും കക്കൂസിനും പലവട്ടം അധികൃതരെ സമീപിച്ചു. ഒന്നും നടന്നില്ല. തെരഞ്ഞെടുപ്പ് കാലത്തെ സ്നേഹമല്ലാതെ ആരും സഹായിക്കില്ലെന്നു രത്നാകരനും കുടുംബവും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: