കെ.പി. രാധാകൃഷ്ണന്‍
ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ്
രാഷ്‌ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും, പ്രചാരണവും സംഘം ആരംഭിച്ച കാലത്തുതന്നെ തുടങ്ങിയതാണ്. ഗാന്ധിവധം ഉള്‍പ്പെടെ സത്യവിരുദ്ധമായ ആരോപണങ്ങളേയും നിരോധനങ്ങളേയും ഒക്കെ അതിജീവിച്ചാണ് സംഘം വളര്‍ന്നത്. 98 വര്‍ഷത്തെ പ്രവര്‍ത്തനം പിന്നിട്ട് ശതാബ്ദിയോടടുത്ത് നില്‍ക്കുന്ന സംഘം ഇന്ന് ലോകവ്യാപനത്തിന്റേയും സാര്‍വ്വത്രികമായ അംഗീകാരത്തിന്റേയും ഘട്ടത്തിലാണ്. എന്നാല്‍ ഇപ്പോഴും സംഘത്തിനു നേരെ ചിലര്‍ പഴയതും മുനയൊടിഞ്ഞതുമായ ചില ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതില്‍ ഒന്നാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ‘വിചാരധാര’യിലെ ചില പരാമര്‍ശങ്ങളെ സംബന്ധിച്ച വിവാദം.
ഗുരുജിയുടെ ജീവിതകാലം 1906 മുതല്‍ 1973 വരെയാണ്. 66-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു. സംഘസ്ഥാപകന്റെ മരണത്തിനുശേഷം 1940 മുതല്‍ 1973 വരെ 33 വര്‍ഷം അദ്ദേഹം സര്‍സംഘചാലക് ആയിരുന്നു. ലോകചരിത്രത്തില്‍ പൊതുവേയും ഭാരതചരിത്രത്തില്‍ വിശേഷിച്ചും വളരെ പ്രക്ഷുബ്ധമായിരുന്നു ഈ കാലഘട്ടം. ലോകചരിത്രത്തില്‍ രണ്ടാം ലോകമഹായുദ്ധം, ആറ്റം ബോംബ് പ്രയോഗം, കോളനികളുടെ മോചനം, ശാക്തിക ചേരികളുടെ ശീതസമരം തുടങ്ങി ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട നിരവധി സംഭവങ്ങളുണ്ടായി. ഭാരതത്തില്‍ മുസ്ലിം ലീഗീന്റെ വിഭജനവാദം, ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ ലീഗിന്റെ പ്രത്യക്ഷനടപടി, വിഭജനം, അഭയാര്‍ത്ഥി പ്രവാഹം, ചൈനയുടെ ആക്രമണം, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചന, പാകിസ്ഥാന്റെ ആക്രമണം, ക്രിസ്ത്യന്‍ മതപരിവര്‍ത്തനവും മതരാഷ്‌ട്രവാദവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരമ്പരതന്നെ ഈകാലഘട്ടത്തിലുണ്ടായി. ഈ സാഹചര്യത്തില്‍ ദേശീയ സമൂഹത്തില്‍ ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നതിനായി രാപ്പകല്‍ വിശ്രമമില്ലാതെ ഭാരതത്തിലുടനീളം നിരന്തരം സഞ്ചരിച്ച മഹാപുരുഷനായിരുന്നു ഗുരുജി ഗോള്‍വാള്‍ക്കര്‍.
ഇതിനിടയില്‍ 1940 ലെ മുസ്ലീംലീഗിന്റെ വിഭജന പ്രമേയത്തിന്റെ നാളുകള്‍ മുതല്‍ 1965 ലെ പാക്കിസ്ഥാന്‍ ആക്രമണം വരെയുള്ള കാലത്ത് ഗുരുജി വിവിധസ്ഥലങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങള്‍, എഴുതിയ ലേഖനങ്ങള്‍, നടത്തിയ അഭിമുഖങ്ങള്‍ എന്നിവയുടെ സങ്കലനമാണ് 1966ല്‍ പ്രസിദ്ധീകരിച്ച ‘Bunch of Thoughts’എന്ന പുസ്തകം. ഈ പുസ്തകത്തില്‍ നിന്നും ഗുരുജിയുടെ ജീവിതത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന എറ്റവും വലിയ പാഠം ജാതി, മതം, പ്രദേശം, ഭാഷ തുടങ്ങിയ സങ്കുചിതമായ താല്‍പര്യങ്ങള്‍ക്കുപരി അദ്ദേഹത്തിന്റെ മുമ്പില്‍ ജ്വലിച്ചു നിന്ന ഒരേ ഒരു ദേവത, അത് ഭാരതമാതാവ് മാത്രമായിരുന്നു എന്നതാണ്.
ഭാരതത്തിന്റെ ഉയര്‍ച്ചക്കുവേണ്ടി സമാജ ജീവിതത്തിലെ എല്ലാ പോരായ്മകളും പരിഹരിച്ച് കരുത്തുറ്റ ദേശീയ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടിയായിരുന്നു അവസാനശ്വാസം വരെ ഗുരുജി പ്രവര്‍ത്തിച്ചത്. രാഷ്‌ട്ര താല്‍പര്യത്തിനെതിരായി നില്‍ക്കുന്ന എല്ലാറ്റിനേയും ഗുരുജി വിട്ടുവീഴ്ചയില്ലാതെ ശക്തമായി എതിര്‍ത്തിരുന്നു. അതിലൊന്നും ജാതിയോ, മതമോ, പരിഗണിച്ചിരുന്നില്ല. 1971 ജനുവരി 30ന് പത്രവര്‍ത്തകനായ ഡോ. സൈഫുദ്ദീന്‍ ജിലാനിയുടെ ഒരു ചോദ്യത്തിനുത്തരമായി ഗുരുജി പറഞ്ഞത് ”ഹിന്ദുക്കള്‍ ഏതെങ്കിലും കാരണത്താല്‍ രാഷ്‌ട്രത്തിനെതിരെ തിരിഞ്ഞാല്‍ പിന്നെ ഞാന്‍ ഹിന്ദുക്കള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കില്ല” എന്നായിരുന്നു. അദ്ദേഹത്തിന്റെ വിഷയം ജാതിയും മതവുമല്ല, രാഷ്‌ട്രം മാത്രമായിരുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ മാത്രമല്ല, മഹാത്മാഗാന്ധി, ഡോ. അംബേദ്കര്‍, സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍ തുടങ്ങി രാഷ്‌ട്രത്തിന് പ്രഥമ സ്ഥാനം നല്‍കിയ മഹാത്മാരൊക്കെ ഈ നിലപാട് സ്വീകരിച്ചവരായിരുന്നു.
ഹിന്ദുസമൂഹത്തിന്റെ ഭാഗമായി നിന്ന് ജാതീയമായ അസ്പൃശ്യത കാണിക്കുന്നവരേയും, നവബുദ്ധന്മാരേയും, സിഖുകാരേയും അദ്ദേഹം ‘വിചാരധാര’യില്‍ വിമര്‍ശിച്ചത് നമുക്ക് വായിക്കാം. കൂടാതെ ഭാഷ, പ്രദേശം എന്നിവയുടെ പേരില്‍ പ്രശ്‌നം സൃഷ്ടിക്കുന്നവരേയും വിമര്‍ശിച്ചിട്ടുണ്ട്. അതോടൊപ്പം ‘ആഭ്യന്തരഭീഷണികള്‍’ എന്ന ഭാഗത്ത് ഭാരതത്തിന്റെ ദേശീയ ഐക്യത്തിന് മതത്തിന്റേയും, കക്ഷിരാഷ്‌ട്രീയത്തിന്റേയും പേരില്‍ തുരങ്കം വെയ്‌ക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് നിലപാടുകളേയും ഗുരുജി രൂക്ഷമായിവിമര്‍ശിച്ചിട്ടുണ്ട്. അതൊന്നും മതത്തിന്റെ പേരിലല്ല, നിലപാടുകളുടെ പേരിലാണ്. അത്തരം നിലപാടുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സംഘം ഇന്നും തുടര്‍ന്നു പോരുന്നത്. വിചാരധാരയിലെ ഈ ഭാഗം വായിച്ചാല്‍ അതു മനസ്സിലാക്കാവുന്നതേയുള്ളൂ.
മതത്തിന്റെ പേരില്‍ ഭാരതത്തെ വിഭജിച്ചതിനു ശേഷം പിന്നെയും പാകിസ്ഥാനുവേണ്ടി അലറിവിളിക്കുന്ന മുസ്ലിങ്ങളെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ ജനസംഖ്യായുദ്ധം ആവര്‍ത്തിക്കാന്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറ്റം നടത്തുന്നതിനെ വിമര്‍ശിച്ചിട്ടുണ്ട്. വിഭജനത്തിന് വേഗത കൂട്ടാന്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കികൊണ്ട് നടത്തിയ മുസ്ലിം ലീഗിന്റെ, പ്രത്യക്ഷനടപടി എന്ന കൂട്ടക്കൊലയെ വിമര്‍ശിച്ചിട്ടുണ്ട്. മലബാറില്‍ സ്വതന്ത്രമാപ്പിളസ്ഥാനു വേണ്ടി നടത്തിയ പ്രചരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. മുസ്ലീമിന്റെ ദൃഷ്ടിയില്‍ മഹാത്മാഗന്ധി ഏറ്റവും വൃത്തികെട്ടവനും മഹാപാപിയുമാണെന്ന് പറഞ്ഞ മൗലാനാ മുഹമ്മദലിയുടെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. ഇതെങ്ങിനെയാണ് മതത്തിനെതിരാവുക. ഗുരുജി എതിര്‍ത്തതും വിമര്‍ശിച്ചതും ഖുറാനേയോ, പ്രവാചകനേയോ, ആരാധനാ സമ്പ്രദായത്തേയോ മതവിശ്വാസത്തേയോ അല്ല. രാജ്യത്തിനെതിരായ നിലപാടുകളെയാണ്.
വിചാരധാരയിലെ ക്രൈസ്തവര്‍ എന്ന ഭാഗത്ത് മാനുഷിക പരിഗണനകളുടെ മറവില്‍ വ്യാപകമായി നടത്തുന്ന മതംമാറ്റത്തെ എതിര്‍ത്തിട്ടുണ്ട്. മതം വളര്‍ത്താന്‍ കനേഷുമാരിക്കണക്കില്‍ കൃത്രിമം കാണിച്ചതിനെ വിമര്‍ശിച്ചിട്ടുണ്ട്. ഭാരതത്തില്‍ ക്രിസ്തുരാജ്യമാണ് തങ്ങളുടെ ലക്ഷ്യം എന്ന പ്രഖ്യാപനത്തെ എതിര്‍ത്തിട്ടുണ്ട്. പാവങ്ങളായ ഹിന്ദുക്കളുടെ മുന്നില്‍ വന്നുനിന്ന് അവരുടെ പരിപാവനങ്ങളായ പുരാണങ്ങളേയും ദൈവങ്ങളേയും ദേവിമാരേയും തെറിപറയുന്നതിനെ വിമര്‍ശിച്ചിട്ടുണ്ട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദം വളര്‍ത്തുന്നതിനേയും അതിനു വേണ്ടി രാജ്യത്തിനെതിരെ സായുധകലാപം നടത്തുന്നതിനെയും എതിര്‍ത്തിട്ടുണ്ട്. ക്ഷേത്രങ്ങള്‍ തകര്‍ത്ത് കുരിശുസ്ഥാപിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. ഇതൊന്നും ബൈബിളിനോ, യേശുക്രിസ്തുവിനോ എതിരായ വിമര്‍ശനമല്ല. രാജ്യത്തിനെതിരായ നിലപാടുകളോട് ഉള്ളതാണ്.
കമ്യൂണിസ്റ്റുകള്‍ എന്ന ഭാഗത്ത് കമ്യൂണിസത്തിന്റെ പൊള്ളത്തരത്തെ തുറന്നുകാട്ടിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ ശത്രുവായ കമ്യൂണിസത്തിന്റെ ഏകാധിപത്യസ്വഭാവത്തെ വിമര്‍ശിച്ചിട്ടുണ്ട്. ദേശീയതയെ തകര്‍ക്കുക എന്ന മുദ്രാവാക്യത്തെ എതിര്‍ത്തിട്ടുണ്ട്. കമ്യൂണിസം കൊടികുത്തിവാണ രാജ്യങ്ങളുടെ തകര്‍ച്ചയെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല ഭാരതം ഒരു രാഷ്‌ട്രമല്ല, 17 രാഷ്‌ട്രങ്ങളാണ് എന്ന നിലപാടിനേയും, ലീഗിന്റെ വിഭജനപ്രമേയത്തിന് പിന്തുണ നല്‍കിയതിനേയും എതിര്‍ത്തിട്ടുണ്ട്. കമ്യൂണിസ്റ്റുകള്‍ തുടക്കം മുതല്‍ തുടര്‍ന്നുപോരുന്ന എല്ലാ രാജ്യദ്രോഹനിലപാടുകളേയും ശക്തമായി ഗുരുജി എതിര്‍ത്തിട്ടുണ്ട്. കക്ഷിരാഷ്‌ട്രീയമായിരുന്നില്ല ഇതിന്റെ കാരണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാജ്യദ്രോഹനിലപാടുകളായിരുന്നു. ഇത്തരം നിലപാടുകള്‍ അന്നും ഇന്നും ഭാരതത്തിന് ഭീഷണിതന്നെയാണ്.
കണ്ടംപററി ഗ്രാമര്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌സ് (Contemperory grammer of Dravidian Lingustics) എന്ന പ്രബന്ധത്തിലൂടെ ദ്രാവിഡവാദത്തിന് അടിത്തറയിട്ട് രാഷ്‌ട്രത്തിന്റെ വിഭജനത്തിനു ശ്രമിച്ച റോബര്‍ട്ട് കാള്‍ഡ്വലിന്റെ ആശയങ്ങളെ തലയിലേറ്റി വിഭാഗീയത സൃഷ്ടിക്കുന്ന ശക്തികളെ ആഭ്യന്തര ഭീഷണികള്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവരും, ദക്ഷിണേന്ത്യയെ മുറിക്കാന്‍ ‘കട്ടിംഗ് സൗത്ത്’ സംഘടിപ്പിക്കുന്നവരും ഒക്കെ ആഭ്യന്തര ഭീഷണികള്‍ അല്ലാതെ മറ്റെന്താണ്…? ഭാരതം സംസ്‌ക്കാര ശൂന്യമാണെന്ന് സമര്‍ത്ഥിച്ച് പുസ്തകങ്ങളെഴുതിയ (Is india civilised) വില്ല്യം ആര്‍ച്ചറുടെയും ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പുസ്തകമെഴുതിയ (Mother India) കാതറിന്‍ മേയോയുടേയും ആശയങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ആഭ്യന്തര ഭീഷണികള്‍ എന്നല്ലാതെ മറ്റ് എന്താണ് വിളിക്കേണ്ടത്.
ഇത്തരം നിലപാടുകളെ സംഘം എന്നും എതിര്‍ത്തുപോന്നിട്ടുണ്ട്. ഇന്നും അതു തുടരുന്നു. 2018 സെപ്റ്റംബര്‍ 17,18,19 തിയ്യതികളില്‍ ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന സംവാദസദസ്സില്‍ ഒരു ചോദ്യത്തിനു ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജിഭാഗവത് നല്‍കിയ മറുപടിയിലും തുടര്‍ന്ന് ഈ സംവാദത്തെകുറിച്ച് അന്ന് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് ആയിരുന്ന ഡോ. മന്‍മോഹന്‍ വൈദ്യ എഴുതിയ ലേഖനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിചാരധാരയിലെ പരമാര്‍ശങ്ങളെ അടിസ്ഥാനമാക്കി ഇന്നു നടന്നുകൊണ്ടിരിക്കുന്ന വിവാദം സങ്കുചിത രാഷ്‌ട്രീയലക്ഷ്യം വെച്ചു കൊണ്ടുള്ളതും ഭാരതത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാമൂഹ്യ സൗഹാര്‍ദ്ദത്തെ തുരങ്കംവെക്കാന്‍ വേണ്ടിയുള്ളതുമാണെന്ന് വിചാരധാര ഒരു തവണയെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് ബോധ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: