ഒരു ഈസ്റ്റര്‍ ദിനത്തിലാണ് ബിജെപി ജനിക്കുന്നത്. 43 വര്‍ഷം മുമ്പ് ബിജെപി രൂപം കൊണ്ടപ്പോള്‍ തന്നെ ആദ്യത്തെ അധ്യക്ഷന്‍ അടല്‍ ബിഹാരി വാജ്പേയി അത് എടുത്തുപറയുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈസ്റ്റര്‍ദിനവും പെസഹവ്യാഴവുമെല്ലാം ബിജെപി ആദരപൂര്‍വം തന്നെയാണ് കാണുന്നത്. ഇക്കൊല്ലം മാത്രമല്ല ബിജെപി ഈസ്റ്റര്‍ സന്ദേശം നല്‍കുന്നത്. ഇത്തവണ ബിജെപി നേതാക്കളും പ്രവര്‍ത്തകരും അരമനകളില്‍ കയറി ആര്‍ച്ചുബിഷപ്പുമാരെയും ആദരണീയരായ പുരോഹിതന്മാരെയും സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങി അരമനയിലെത്തി. ദല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലാണ് അദ്ദേഹം ഈസ്റ്റര്‍ സന്ദേശം നല്‍കാനെത്തിയത്.
ക്രിസ്ത്യാനികളെ വോട്ടുബാങ്കുകളായി കാണുന്ന കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും നടത്തുന്ന കുപ്രചരണങ്ങളെ പൊളിക്കുകയാണ് ലക്ഷ്യം. ബിജെപി ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. പള്ളികളില്‍ കയ്യേറ്റം നടത്തുന്നു. മതാധ്യക്ഷന്മാരെ അവഹേളിക്കുന്നു. തുടങ്ങിയ പ്രചരണം നിരന്തരം നടത്തുന്നു. അതിനൊരു അന്ത്യംകുറിക്കേണ്ടെ. അതിനുള്ള ഉപാധിയായി തന്നെയാണ് ക്രൈസ്തവരെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അങ്ങിനെ ചെയ്യുന്നതാണിപ്പോള്‍ വലിയ ക്രൂരതയായി കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും കാണുന്നത്. ‘ഉടുത്ത് നടന്നാല്‍ വമ്പ്, ഉടുക്കാതെ നടന്നാല്‍ പ്രാന്ത്’ എന്ന ചൊല്ലുണ്ടല്ലോ അതുപോലെയാണ് ഇരുപാര്‍ട്ടികളും നടത്തുന്ന പ്രചാരണം.
ബിജെപിയെക്കുറിച്ച് ഏതെങ്കിലും ബിഷപ്പ് നല്ലത് പറഞ്ഞാല്‍ പറയുന്നവര്‍ക്ക് പ്രാന്ത് എന്നുപറയും. മോശം പറഞ്ഞാല്‍ വമ്പ് എന്ന് കയ്യടിച്ച് ആഹ്ലാദിക്കും. അതൊന്നും കൂസാതെ ശരിനോക്കി പെരുമാറാന്‍ പാകത്തില്‍ ഇന്ത്യയില്‍ മതവിശ്വാസികള്‍ വളര്‍ന്നു എന്നുവേണം കരുതാന്‍. സീറോ മലബാര്‍ സഭാമേധാവി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരുമേനിയുടെ വാക്കുകള്‍ അതിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന് പെരുമ്പറയടിച്ച് പ്രചരിപ്പിക്കും. എന്നാല്‍ അങ്ങിനെയൊന്ന് ഇല്ലെന്ന് ആലഞ്ചേരിതന്നെ സാക്ഷ്യപ്പെടുത്തിയത് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ്.
നരേന്ദ്രമോദി മുഴുവന്‍ ഭാരതീയരേയുമാണ് അഭിസംബോധന ചെയ്യുന്നത്. ഏതെങ്കിലും മതവിഭാഗത്തെയോ ജാതിയെയോ വര്‍ഗത്തേയോ വര്‍ണത്തെയോ അദ്ദേഹം ഒഴിച്ചുനിര്‍ത്തിയചരിത്രമില്ല. അദ്ദേഹത്തിന് ഒരു മതമുണ്ട്. അതേതെന്ന് അദ്ദേഹം തുറന്നുപറഞ്ഞ ഒരേ ഒരു പ്രധാനമന്ത്രിയേ ഇന്ത്യയ്ക്കുണ്ടായുള്ളൂ. ഭരണഘടനയാണ് എന്റെ മതം. അതാണ് നരേന്ദ്രമോദി. ആ നരേന്ദ്രമോദിയെക്കുറിച്ചാണ് അടിക്കടി ഭരണഘടനയെ തകര്‍ക്കുന്നു എന്നുകുറ്റപ്പെടുത്തുന്നത്. ജനാധിപത്യം തകര്‍ക്കുന്നു. ജനാധിപത്യം കാറ്റില്‍പറത്തുന്നു. ഫാസിസം നടപ്പാക്കുന്നു എന്ന് പുരപ്പുറത്ത് കയറി കൂവുന്നത്. ഈ പറയുന്നവര്‍ക്ക് ജനാധിപത്യത്തിന്റെ കാതലറിയില്ല. കാര്യനിശ്ചയമില്ല. അതാണ് അടിയന്തിരാവസ്ഥയില്‍ കണ്ടത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തകാലം. ജനനേതാക്കളെ തുറങ്കിലടച്ചകാലം. ഭാരത് മാതാ കീ ജയ്, മഹാത്മാഗാന്ധി കി ജയ് എന്നുവിളിച്ചുകൂടാത്ത കാലം. അടിയന്തിരാവസ്ഥ ബോണസ്സിനേക്കാള്‍ പത്തിരട്ടി നല്ലതെന്ന് വാഴ്ത്തിയ സമയം.
നരേന്ദ്രമോദിയെ പോലെ ആക്ഷേപം കേട്ട പ്രധാനമന്ത്രിയുണ്ടോ? മരണത്തിന്റെ വ്യാപാരിയെന്നാക്ഷേപിച്ചു. നരാധമനെന്ന് കുറ്റപ്പെടുത്തി. ഏറ്റവും ഒടുവിലത്തേതാണ് ആദാനി-മോദി ഭായിഭായി എന്നത്. ഇതിനൊന്നും ഒരു മറുപടിയും നല്കാന് സമയം കളയാതെ നിരന്തരം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി എന്ന ഖ്യാതിനേടി. എതിരാളികളുടെ ജല്പനങ്ങള് ജനങ്ങള്‍ പുച്ഛിച്ചുതള്ളും. അതു തിരിച്ചറിയാന്‍ എ.കെ.ആന്റണിക്ക് കഴിയുമെന്ന് കരുതിയതാണ്. പക്ഷേ, വൈകിപ്പോയി. അദ്ദേഹം തന്നെ പറഞ്ഞല്ലൊ’ തനിക്ക് വയസ്സ് (82) ആയി. ദീര്‍ഘായുസ് വേണമെന്ന് പ്രാര്‍ഥിക്കുന്നില്ല. മകന്റെ തീരുമാനത്തെക്കുറിച്ച് ചോദ്യവും ഉത്തരവുമില്ല’ എന്ന്. മകന് ശരിയായ തീരുമാനമെടുത്തു എന്ന് ഫലത്തില്‍ ആന്റണി പറയാതെ പറയുകയായിരുന്നു.
അനില്‍ ആന്റണി കുഴിയാനയെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കുറ്റപ്പെടുത്തിയത്. സുധാകരന് ആനയെക്കുറിച്ചേ ചിന്തയുള്ളൂ. അരിക്കൊമ്പന്മാരാകണമെന്നാണ് സുധാകരന്റെ ചിന്ത. അതിലും ഭേദമല്ലെ കുഴിയാന. ആ കുഴിയാനയേ അല്ലെ കെപിസിസിയുടെയും എഐസിസിയുടെയും സോഷ്യല്‍ മീഡിയതലവനായി നിശ്ചയിച്ചത്. ഈ സ്ഥാനം ലഭിച്ചിട്ടും ഒരു ചുക്കും ചുണ്ണാമ്പും ചെയ്തില്ലെന്നാണ് ആക്ഷേപം. അനില്‍ ഇന്ന് ചെയ്ത കുറ്റമെന്താണ്? പാര്‍ട്ടിയിലെ കുടുംബവാഴ്ച ശരിയല്ലെന്ന് പറഞ്ഞു. ‘ഏതവന്‍ പല്ലക്കേറിയാലും എന്റെ മോന് ചുമക്കണം’ എന്ന ചിന്ത വേണ്ടെന്ന നിലപാടെടുത്തു. അത് വലിയ അപരാധമാണോ? അനില്‍ ആന്റണിക്ക് മുന്‍പ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞതിനെതിരെ സകലരും രംഗത്തിറങ്ങി. വിവാദത്തിന്റെ കൊടുമുടി കെട്ടിപ്പൊക്കി. അതിനുശേഷവും ബിഷപ്പുമാര്‍ ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തു.
രാഷ്ട്രീയ താല്പര്യങ്ങള് വച്ചുപുലര്‍ത്തുന്നവരാണ് അതിനെ വിവാദമാക്കുന്നത്. അവരുടെ ഭയപ്പാടാണ് അതിനെല്ലാം പിന്നില്‍. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നെഞ്ചിടിക്കുന്നുണ്ടാകും. ഈ ഭയപ്പാടുകൊണ്ടാണ് അവര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ അവര്‍ രൂക്ഷമായി പ്രതികരിക്കുന്നത്. എന്തും ഇറക്കാനുള്ള ക്യാപ്സൂളും രാഷ്ട്രീയവും അവര്‍ക്ക് അറിയാമല്ലോ. അനുകൂലിക്കുന്നവരെ എക്കാലവും താലോലിക്കുന്നവരല്ല അവര്‍. അനുകൂലിക്കുന്നവരെ ഏതെങ്കിലും കാലത്ത് താല്‍ക്കാലിക ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നേയുള്ളൂ.
ബിജെപിയും ആര്‍എസ്എസും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവരാണെന്ന കോണ്‍ഗ്രസ്, സിപിഎം വിമര്‍ശനങ്ങളോടും പുച്ഛത്തോടെമാത്രമേ കാണാനൊക്കൂ. ബിജെപിയും ആര്‍എസ്എസും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് ഇവര്‍ പതിറ്റാണ്ടുകളായി പറയുന്നതല്ലേ. എന്നിട്ടും നാഗാലാന്‍ഡിലും മിസോറാമിലും ഗോവയിലും മേഘാലയയിലുമെല്ലാം ബിജെപി ഭരിക്കുന്നത് ഇതേ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള വിഷയങ്ങള്‍ ഏശാത്തത് എന്തുകൊണ്ടാണ്? ഇവര്‍ പറയുന്ന ഇത്തരം കാര്യങ്ങള്‍ ജനം വിശ്വസിക്കാത്തത് എന്തുകൊണ്ടാണ്? ഈ പറയുന്നതിന് പിന്നിലെ താല്പര്യങ്ങള് ജനം മനസ്സിലാക്കിയതുകൊണ്ടല്ലേ? സ്വന്തം താല്‍പ്പര്യങ്ങളാണ് ഇവരെല്ലാം പറഞ്ഞുപ്രചരിപ്പിക്കുന്നത്. അത് പൊതുസമൂഹം പുച്ഛിച്ചുതള്ളുമെന്ന് എല്ലാവര്ക്കും ഉറപ്പാണ്. ക്രിസ്ത്യന്‍ സമൂഹം ആക്രമിക്കപ്പെടുന്നു എന്നു പ്രചരിപ്പിക്കുന്നവര്‍ ഓര്‍ക്കണം. അതിനെക്കാള്‍ ഇരട്ടി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വേട്ടയാടുന്നില്ലെ? അതെന്തേ പറയാന്‍ മടി. ദല്‍ഹിയില്‍ ക്രിസ്ത്യന്‍ വേട്ട എന്നപേരില്‍ സംഘടിപ്പിച്ച ധര്‍ണ നിരുപദ്രവകരം എന്നുപറയാനൊക്കുമോ? കോണ്‍ഗ്രസ്സല്ലെ അതിന് പിന്നില്‍. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പായിരുന്നില്ലെ ലക്ഷ്യം. അതപ്പാടെ പൊളിഞ്ഞുപോയി. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കോണ്‍ഗ്രസ്സുകാരും ഒപ്പം കമ്യൂണിസ്റ്റുകാരും ശ്രമിക്കുന്നു. അതും വിഫലമാകുമെന്ന് തീര്‍ച്ചയല്ലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: