തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തില്‍ റിവ്യു ഹര്‍ജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത ന്യായാധിപന്മാര്. ആര്.എസ്. ശശികുമാറിന്റേത് ജഡ്ജിമാരെ അധിക്ഷേപിക്കുന്ന നിലപാടെന്ന് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് തുറന്നടിച്ചു. വഴിയില്‍ ഒരു പേപ്പട്ടി കുരക്കുന്നത് കണ്ടാല്‍ അതിന്റെ വായില്‍ കോലിടാതെ മാറിപ്പോകുന്ന നിലപാടാണ് തങ്ങളുടേത് എന്നായിരുന്നു ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകുപ്പുമാറ്റല് റിവ്യു ഹര്‍ജി പരിഗണിക്കുമ്പോളായിരുന്നു ന്യായാധിപന്മാരുടെ നിലവിട്ട പെരുമാറ്റം. ഹര്‍ജി ലോകായുക്ത നിയമപരിധിയില്‍ വരുമോ എന്ന് പരിശോധിക്കാന്‍ മൂന്നംഗ ബഞ്ചിന് വിട്ടു കൊണ്ടുള്ള വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്ജിക്കാരന് ആര്.എസ്. ശശികുമാര്‍ റിവ്യു ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിക്കവേ ആര്.എസ്. ശശികുമാര്‍ വന്നിട്ടില്ലേ എന്ന് ലോകായുക്തയും ഉപലോകായുക്തയും, ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍, ‘അദ്ദേഹത്തിന് വാദിക്കാമായിരുന്നില്ലേ? മാധ്യമങ്ങളില്‍ ഇരുന്ന് കണ്ടമാനം വാദിക്കുന്നുണ്ടല്ലോ? ജഡ്ജിമാര്‍ മോശക്കാരാണെന്നും സമ്മര്‍ദ്ദത്തിനും വഴങ്ങി പറഞ്ഞു കൊണ്ടിരിക്കുന്നല്ലോ?’
ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കുറ്റപ്പെടുത്തി.
വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. ആള്‍ക്കൂട്ട അധിഷേപം നടത്തുകയാണ്.ലോകായുക്ത പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തമാര്‍ പങ്കടുത്തത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിച്ചുകൊണ്ടിരിക്കെ വിരുന്നുണ്ണാന്‍ പോയതോടെ ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ശശികുമാര്‍ പറഞ്ഞിരുന്നു.
താന്‍ വിമര്‍ശിച്ചത് ലോകായുക്തയെ അല്ലെന്നും ലോകായുക്തയുടെ നടപടികളെയാണെന്നും ആര്.എസ്. ശശികുമാര്‍ പറഞ്ഞു. വിധിയില്‍ വ്യക്തത ഇല്ലാത്തത് കൊണ്ടാണ് റിവ്യൂ ഹര്‍ജി നല്‍കിയതെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: