ചെന്നൈ: തമിഴ്നാടിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി മോദിയുടെ സെല്‍ഫി. തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നുള്ള അംഗപരിമിതനായ തിരു എസ്. മണികണ്ഠനോടൊപ്പമാണ് തന്റെ തമിഴ്നാട് സന്ദര്‍ശനത്തിനിടയില്‍ മോദി സെല്‍ഫി എടുത്തത്. മണികണ്ഠനും ജീവിതത്തില്‍ ഏപ്രില്‍ 8 ശനിയാഴ്ച ഒരിയ്ക്കലും മറക്കാനാവില്ല. കാരണം മണികണ്ഠനോടൊപ്പം സെല്‍ഫിയെടുത്തത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസും ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും അടക്കം ഒട്ടേറെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട്ടില്‍ എത്തിയതായിരുന്നു മോദി. പക്ഷെ ബിജെപി ബൂത്ത് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന തിരു എസ് മണികണ്ഠന്റെ നിസ്വാര്‍ത്ഥ സേവനത്തിന്റെ കഥ മോദിയെ ആകര്‍ഷിച്ചു.
മണികണ്ഠനുമൊത്ത് ഒരു സെല്‍ഫിയെടുക്കാന്‍ മോദി തന്നെയാണ് മുന്നോട്ട് വന്നത്. അംഗപരിമിതി ഉണ്ടായിട്ടും അതിന് കീഴടങ്ങാതെ സ്വന്തമായി ചെറിയ കട നടത്തുന്ന തിരു എസ് മണികണ്ഠന്റെ ജീവിതത്തിലെ ഒരു കാര്യമാണ് മോദിയെ കൂടുതല്‍ ആകര്‍ഷിച്ചത്. അത് മറ്റൊന്നുമല്ല, കടയില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ നല്ലൊരു പങ്ക് മണികണ്ഠന് ബിജെപിയ്ക്ക് സംഭാവനയായി നല്കുന്നു എന്നതാണ്. ഇക്കാര്യം വിശദമായി പറഞ്ഞുകൊണ്ടാണ് തിരു എസ് മണികണ്ഠനുമായുള്ള സെല്‍ഫി ചിത്രം ട്വിറ്ററില്‍ മോദി പങ്കുവെച്ചു.
ട്വിറ്ററില്‍ തിരു എസ് മണികണ്ഠന് വേണ്ടി രണ്ടാമതൊരു ട്വിറ്റര്‍ സന്ദേശം കൂടി മോദി പങ്കുവെച്ചു. തിരു എസ് മണികണ്ഠനെപ്പോലുള്ള ആളുകള്‍ ഉള്ള ഒരു പാര്‍ട്ടിയുടെ കാര്യകര്‍ത്ത ആയിരിക്കുന്നതില്‍ തനിക്കും അഭിമാനമുണ്ടെന്നാണ് മോദി കുറിച്ചത്. മണികണ്ഠന്റെ ജീവിതയാത്ര പ്രചോദനമുള്ളതാണ്. അവന്റെ പാര്‍ട്ടിയോടും ആശയത്തോടും ഉള്ള പ്രതിബദ്ധതയും അതുപോലെ പ്രചോദനമേകുന്നു.
മോദിയുടെ ഈ അപൂര്‍വ്വ സെല്‍ഫിയും ട്വിറ്റര്‍ സന്ദേശങ്ങളും കണ്ട് നിരവധി പേര് പ്രതികരിച്ചു. പലരും മണികണ്ഠന്റെ ത്യാഗത്തെ അഭിനന്ദിച്ച് കൊണ്ടാണ് ട്വിറ്ററില്‍ പ്രതികരിച്ചത്. ‘മണികണ്ഠനെപ്പോലുള്ളവരെ തിരിച്ചറിഞ്ഞതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി’ എന്നാണ് ആരോണ്‍ മൈക്കേല്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ട്വിറ്ററില്‍ കുറിച്ചത്. ഇതുപോലുള്ള പ്രവര്‍ത്തകര്‍ക്ക് വലിയൊരു ആദരമെന്നാണ് പ്രതിഭ കൗള്‍ എന്ന പ്രവര്‍ത്തക കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: