പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറ്മാറിയ ഒമ്പത് സാക്ഷികള്‍ക്കെതിരെ നടപടിക്ക് കോടതി ഉത്തരവ്. മജിസ്ട്രേറ്റിന് മുന്നില്‍ 164 പ്രകാരം രഹസ്യമൊഴി നല്കിയ ശേഷം മൊഴി മാറ്റിയ ഏഴുപേര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് തുടര്‍ നടപടിക്ക് മണ്ണാര്‍ക്കാട് സ്പെഷല്‍ എസ്സി/ എസ്ടി കോടതി ഉത്തരവിട്ടത്. 24 സാക്ഷികളാണ് വിചാരണക്കിടെ കോടതിയില്‍ കൂറുമാറിയത്.
മധുവിന്റെ ബന്ധു ചന്ദ്രന്, ഉണ്ണികൃഷ്ണന്, അനില്‍കുമാര്‍, ആനന്ദന്, മെഹറുന്നീസ്, റസാഖ്, ജോളി, സുനില്‍ കുമാര്‍, അബ്ദുല്‍ ലത്തീഫ് എന്നിങ്ങനെ ഒമ്പത് പേര്‍ക്കെതിരെയാണ് നടപടി. ഇവരില്‍ എട്ട് പേര് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഇതില്‍ തീര്‍പ്പ് വരുന്ന മുറയ്ക്ക് കൂറ് മാറ്റത്തിന് നടപടി തുടങ്ങണം എന്നാണ് കോടതി ഉത്തരവ്.
സാക്ഷികളായ ഇവരുടെ ദൃശ്യങ്ങള്‍ അന്നത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും വിചാരണക്കിടെ മൊഴിമാറ്റുകയായിരുന്നു. നീതിന്യായ വ്യവസ്ഥയ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവണത ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയത് ഉണ്ണികൃഷ്ണനാണ്. എന്നാല്‍ കോടതിയില്‍ ഇത് തിരുത്തി. കാല് പൊക്കുന്നത് മാത്രമാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് കോടതിയില്‍ പറഞ്ഞത്.
മധുവിന്റെ അടുത്ത ബന്ധുവും മൊഴി തിരുത്തിയിരുന്നു. 29-ാം സാക്ഷിയായ സുനില്‍കുമാര്‍ മധുവിനെ മര്‍ദിക്കുന്നത് കണ്ടിരുന്നു എന്നാണ് പോലീസിന് നല്കിയ മൊഴി. എന്നാല്‍ വിചാരണക്കിടെ ഇത് മാറ്റിപറഞ്ഞു. മധുവിനെ മര്‍ദിക്കുന്നത് സുനില്‍കുമാര്‍ നോക്കിനില്ക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചപ്പോള്‍ തനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു.
തുടര്‍ന്ന് കോടതി സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചതില്‍ കാഴ്ചക്ക് യാതൊരു പ്രശ്നവും ഇല്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വനം വകുപ്പില്‍ താത്ക്കാലിക വാച്ചറായിരുന്ന സുനില്‍കുമാറിനെ ഇതേ തുടര്‍ന്ന് പിരിച്ചുവിടുകയുണ്ടായി. ഇത്തരത്തില്‍ കൂറുമാറിയ നാല്പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: