ന്യൂദല്‍ഹി: ജനപ്രിയ ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമത്. യുഎസ് ആസ്ഥാനമായുള്ള ബിസിനസ് ഇന്റലിജന്‍സ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയില്‍, 76 ശതമാനം വോട്ടുകള്‍ നേടിയാണ് മോദി ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം ഇവര്‍ നടത്തിയ സര്‍വെയില്‍ പതിമൂന്ന് ലോക നേതാക്കളില്‍ ഒന്നാമതും മോദി ആയിരുന്നു.
ഏറ്റവും പ്രിയപ്പെട്ടതും ആരാധിക്കപ്പെടുന്നതുമായ നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് സര്‍വ്വേ ഫലം പങ്കുവെച്ചു കൊണ്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.
മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 28 വരെയാണ് ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് സര്‍വേ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയത്. 61 ശതമാനം വോട്ട് നേടിയ മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് 22 ആഗോള നേതാക്കളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് 55 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തും, 53 ശതമാനം വോട്ടുമായി സ്വിസ് പ്രസിഡന്റ് അലൈന്‍ ബാര്സെറ്റ് നാലാം സ്ഥാനത്തുമാണ്.
ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വയും 49 ശതമാനം വോട്ടുകളുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഈ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് 41 ശതമാനം വോട്ടുകളുമായി ഏഴാം സ്ഥാനത്തും, യുകെ പ്രധാനമന്ത്രി ഋഷി സുനക്ക് 34 ശതമാനം വോട്ടുകള്‍ നേടി 13ാം സ്ഥാനത്തുമാണ്. 19 ശതമാനം വോട്ടുമായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്യോള്‍ ആണ് 22 നേതാക്കളുടെ പട്ടികയില്‍ അവസാനത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: