മലമ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ അണക്കെട്ടില്‍ നിന്നുമുള്ള വൈദ്യുതിയുത്പാദനത്തിലും റെക്കോര്‍ഡ്. ജില്ലയില്‍ വേനല്‍ കനത്ത സാഹചര്യത്തില്‍ രണ്ടാം വിള കൃഷിക്കായുള്ള ജലസേചനവും മുറപോലെ നടത്തിയിരുന്നു.
ഈ സീസണില്‍ 50.5 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മലമ്പുഴയില്‍ നിന്നും ഉത്പാദിപ്പിച്ചത്. അണക്കെട്ടിനോടു ചേര്‍ന്നുള്ള ചെറുകിട ജലവൈദ്യുതി പ്ലാന്റിലാണ് വൈദ്യുതിയുത്പാദനം സാധ്യമാകുന്നത്. ഇതിനുമുമ്പ് മലമ്പുഴയില്‍ നിന്നും കൂടിതല്‍ വൈദ്യുതിയുത്പാദിപ്പിച്ചത് 2018-19 വര്‍ഷത്തിലാണ്. അക്കാലത്ത് 48 ലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ അത് മറികടന്നിരിക്കുകയാണ്.
ജില്ലയില്‍ ഇത്തവണത്തെ രണ്ടാം വിള നെല്‍കൃഷിക്ക് വേണ്ടി 116 ദിവസമാണ് മലമ്പുഴ അണക്കെട്ടില്‍ നിന്ന് ജലവിതരണം നടത്തിയത്. പാടങ്ങള്‍ ജലസമൃദ്ധമായതിനൊപ്പം മലമ്പുഴയിലെ വൈദ്യുതിയുത്പാദനം കൂടുകയും ചെയ്തു. അണക്കെട്ടിന്റെ ഷട്ടറിനു താഴെയായി സ്ഥാപിച്ചിട്ടുള്ള ജലവൈദ്യുതി നിലയത്തിന്റെ ഉത്പാദന ശേഷി 2.5 മെഗാവാട്ടാണ്. അണക്കെട്ടില്‍ നിന്നും ജലസേചനത്തിനായി തുറന്നുവിടുന്ന വെള്ളം ഉപയോഗിച്ചാണ് വൈദ്യുതിയുത്പാദനം.
പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കെഎസ്ഇബി അധികൃതര്‍ പരിശോധന നടത്തിയിരുന്നു. പ്രതിവര്‍ഷം ശരാശരി 100 ദിവസമാണ് അണക്കെട്ടില്‍ നിന്നും ജലസേചനം നടത്തുന്നത്. എന്നാല്‍ ഇത്തവണ 116 ദിവസമായിരുന്നു ജലസേചനം. വൈദ്യുതി പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി മലമ്പുഴയിലെ സബ് സ്റ്റേഷനിലെത്തിച്ചാണ് വിതരണം സാധ്യമാകുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15 മുതല്‍ കാര്‍ഷികാവശ്യത്തിന് ജലസേചനത്തിനായുള്ള വെള്ളം തുറന്നുവിട്ടത്. ഇക്കാലയളവില്‍ ശരാശരി 170 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് മലമ്പുഴയില്‍ നിന്നും കനാലുകളിലൂടെ വിതരണം നടത്തിയത്.
നിലവില്‍ മലമ്പുഴ അണക്കെട്ടില്‍ 375 ദശലക്ഷം ഘനമീറ്റര്‍ വെള്ളം അവശേഷിക്കുന്നുണ്ട്. പ്രതിമാസം ശരാശരി 2.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ജലഅതോറിറ്റി കുടിവെള്ള വിതരണത്തിനായി നല്‍കുന്നത്. വേനല്‍മഴ കാര്യക്ഷമമായി ലഭിച്ചില്ലെങ്കിലും ഇത്തവണ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നതും ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: