കേരളത്തിന്റെ കാര്യം വല്ലാത്ത കഷ്ടമാണ്. തരംതാണ കക്ഷിരാഷ്ട്രീയമാണ് കേരളത്തിന്റെ ശാപം. കമ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കും വിധമുള്ള കമ്യൂണിസ്റ്റുകാരാകാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ രണ്ടുംകെട്ട നിലപാട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ബിജെപിയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. ഇനി കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന നരേന്ദ്രമോദിയുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്ന് കമ്മ്യൂണിസ്റ്റുകളും. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം അവര്‍ കേള്‍ക്കുന്നത്. ബിജെപിയോട് ഐത്തമില്ല. തൊട്ടുകൂടായ്മ കേരളത്തില്‍ നിന്ന് എത്രയോ മുന്‍പ് നീക്കിയതാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയാണ് ബിജെപി. അവരുമായി സഹകരിക്കില്ല, സഹായിക്കില്ല എന്ന നിലപാടില്ല എന്ന മട്ടിലൊരു പ്രസ്താവന കേട്ടാലെങ്ങിനെ സഹിക്കും. തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ബിജെപിയെ തൊട്ടുകൂടാ എന്ന നിലപാടില്ല എന്നഭിപ്രായപ്പെട്ടത്. ആ പ്രസ്താവന അച്ചടിച്ചതിന്റെ മഷി ഉണങ്ങും മുന്‍പ് ചാടി വീണു. എം.വി.ഗോവിന്ദനും കെ.സി. വേണുഗോപാലും എം.എ.ബേബിയും വി.ഡി. സതീശനുമെല്ലാം ഒരേ സ്വരം.
െ്രെകസ്തവര്‍ക്കെതിരെ വലിയ കടന്നാക്രമണം നടത്തുന്ന സര്‍ക്കാരാണ് ബിജെപിയുടേതെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. 79 ക്രൈസ്തവ സംഘടനകള്‍ സര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധം നടത്തി. 598 അതിക്രമങ്ങളെ സംബന്ധിച്ച് രേഖാമൂലം പരാതി കൊടുത്തു. അതെല്ലാം റബറിന്റെ വിലയുടെ കാര്യത്തില്‍ നടപടി സ്വീകരിച്ചാല്‍ മാറുമെന്ന് കരുതാനാകില്ല.
”ക്രൈസ്തവ ന്യൂനപക്ഷത്തിനാകെ ഈ നിലപാടാണ് എന്നതിനോട് യോജിപ്പില്ല. അങ്ങനെ അഭിപ്രായമുള്ളവരുണ്ട്, അങ്ങനയെ അതിനെ കാണേണ്ടതുള്ളൂ. അതെല്ലാം ന്യൂനപക്ഷത്തിന്റെ മുഴുവന്‍ സമീപനമാണ് എന്നു കരുതാനാകില്ല. ഇതെല്ലാം രാഷ്ട്രീയമാക്കി, ബിജെപിക്ക് കേരളത്തിലേക്ക് പ്രവേശിക്കാന്‍ നരേന്ദ്ര മോദി ശ്രമിക്കുന്നതുപോലെ പഴുതുണ്ടാക്കി കൊടുക്കലാണെങ്കില്‍ അതു സാധിക്കില്ല. ബിഷപ് അങ്ങനെ ശ്രമിക്കുന്നു എന്നു പറഞ്ഞിട്ടില്ല. അതാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്”. ബിജെപിക്കാരാണ് ബിഷപ്പിന്റെ പ്രസ്താവനയെ അംഗീകരിച്ചതെന്നും ബാക്കിയുള്ളവരാരും അംഗീകരിച്ചിട്ടില്ലെന്നും എം.വി.ഗോവിന്ദന് അഭിപ്രായമുണ്ട്.
റബര്‍ താങ്ങുവില കിലോഗ്രാമിനു 300 രൂപയാക്കിയാല്‍ ബിജെപിക്കു മലയോര കര്‍ഷകര്‍ പിന്തുണ നല്‍കുമെന്നായിരുന്നു തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. മലയോര കര്‍ഷകരെ ബിജെപി സഹായിച്ചാലും എല്‍ഡിഎഫ് സഹായിച്ചാലും അവര്‍ക്കൊപ്പം നില്ക്കും. ഇതു കത്തോലിക്കാ സഭയുടെ നിലപാടല്ലെന്നും മലയോര കര്‍ഷകരുടെ നിലപാടാണെന്നുമാണ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത്.
ഇതിനെ താമരശേരി ബിഷപ്പും അനുകൂലിച്ചാണ് പ്രതികരിച്ചത്. നേരത്തെ താമരശ്ശേരി ബിഷപ്പിനെ സിപിഎം അധിക്ഷേപിച്ചത് വിസ്മരിക്കാനാകുമോ? നികൃഷ്ടജീവി എന്നാണ് ബിഷപ്പിനെക്കുറിച്ച് സിപിഎം വിശേഷിപ്പിച്ചത്. നേരത്തെ പാലാ ബിഷപ്പിനെതിരെയും സിപിഎമ്മും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. സിപിഎം കോണ്‍ഗ്രസ് നേതാക്കളുടെ വായ്ത്താരിയായി മതമേലധ്യക്ഷന്മാര് മാറണമെന്നാണവര് ആഗ്രഹിക്കുന്നത്. ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്തിനാണ് കോണ്‍ഗ്രസും സിപിഎമ്മും ഇത്ര അസ്വസ്ഥരാകുന്നത്?. കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബിഷപ് സംസാരിച്ചത്. അവരുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്നവരെ സഹായിക്കും എന്നാണ് പറഞ്ഞത്.
പാലാ ബിഷപ് നര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറഞ്ഞപ്പോഴും സിപിഎമ്മും കോണ്‍ഗ്രസും വിമര്‍ശിച്ചു. കേരളത്തിലെ ബിഷപ്പുമാര്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചാല്‍ അവര്‍ ചാടി വീഴുന്നു. ന്യൂനപക്ഷങ്ങളെ അവരുടെ വോട്ടു ബാങ്കുകളായി മാത്രമായാണ് കാണുന്നത്. അതാണ് ഇത്ര പരിഭ്രമമെന്ന് തോന്നുന്നു. ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ചാല്‍, ഈ കല്ലില്‍ തല്ലിയാല്‍ ഈ ഉടുപ്പ് വെളുക്കില്ലെന്ന മട്ടിലാണ് പ്രതികരണം.
ബിജെപിയും ആര്‍എസ്എസുകാരും ക്രൈസ്തവരെ വേട്ടയാടുന്നവരെന്ന കുറ്റപ്പെടുത്തലും ദല്‍ഹിയിലെ പ്രകടനവും കൗതുകകരമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് നടപ്പാക്കിയതാണതെന്നതിന് സംശയമില്ല. ഗോവയ്ക്ക് പുറമെ നാഗാലാന്റും ത്രിപുരയും മിസോറാമും മണിപ്പൂരുമെല്ലാം ആ പ്രചാരണത്തെ ചവറ്റുകുട്ടിയില്‍ തള്ളി. ചത്തീസ്ഘട്ടിലാണ് പള്ളി ആക്രമിച്ചതെന്ന പ്രചാരണം നടത്തിയത്. അവിടെ ഭരിക്കുന്നതാരാണെന്നോര്ക്കണം. പണ്ട് മധ്യപ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ കടുത്ത അക്രമമെന്ന് കൊണ്ടുപിടിച്ച പ്രചരണമുണ്ടായിരുന്നു. അവിടേക്ക് സിപിഎം പ്രതിനിധിസംഘത്തെ അയച്ചതാണ്. കൂട്ടത്തില്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന ഒരംഗം പ്രതികരിച്ചത് ശ്രദ്ധേയമായിരുന്നു. മധ്യപ്രദേശില്‍ അങ്ങിനെയൊരു കന്യാസ്ത്രീ വേട്ട നടന്നിട്ടില്ല എന്നു തുറന്നുപറഞ്ഞത് അബദ്ധമായി എന്ന് പിന്നീട് സിപിഎം തന്നെ പറഞ്ഞതുമാണ്. ഇതിലും കേമമാണ് പോളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബിയുടെ അഭിപ്രായം. താനൊരു ക്രിസ്ത്യാനിയാണെന്ന മട്ടില്‍ മത്തായിയുടെ സുവിശേഷത്തെയാണ് ആശ്രയിച്ചത്. മാര്‍ക്സെ മാറി നില്ക്ക്, ഞങ്ങള്‍ സുവിശേഷം പറയട്ടെ എന്ന രീതിയിലായി അത്.
‘നിങ്ങളുടെ നിതിശാസ്ത്രിമാരുടെയും പരിശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കില്ല എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.’ യേശുക്രിസ്തു ഗലീലിയയിലെ ഗിരി പ്രഭാഷണത്തില്‍ പറഞ്ഞ ഈ വാക്യമാണ് ബേബി ആര്‍ച്ച് ബിഷപ്പിനെ ആക്ഷേപിക്കാന്‍ കൂട്ടുപിടിച്ചത്. അവര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണമെന്ന അഭിപ്രായക്കാരാണ്. ഇടത് തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞത് റബറിന് 250 രൂപ കിലോഗ്രാമിന് നല്‍കുമെന്നാണ്. എന്നാല്‍ ഇന്ന് 120 രൂപ കിട്ടുന്നത് തന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുവ കൂട്ടിയതുകൊണ്ടാണ്. അല്ലെങ്കില്‍ 86 രൂപ മാത്രമേ കിട്ടു എന്നതാണ് സത്യം. എന്നിട്ടും ബേബിയുടെ മൊഴി ഇങ്ങിനെ. കത്തോലിക്കാ സഭയുടെ അധിപന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് പറയുന്നത് നീതിയുടെ പക്ഷത്തുനില്ക്കാനാണ്. അല്ലാതെ 300 രൂപയോ അധികാരത്തിന്റെ ശീതളമയോ തരുന്നവരുടെ കൂടെ നില്ക്കാനല്ലെന്ന ഉപദേശവും തിരുവചനങ്ങളും ഓര്‍മിപ്പിച്ചാണ് ബേബി അല്ലേലൂയ ചൊല്ലുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: