കാപട്യങ്ങളെ ആഘോഷമാക്കി മാറ്റാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാമര്‍ത്ഥ്യം ഒന്നുവേറെതന്നെയാണ്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് അവര്‍ കരുതുന്നില്ല. ഇങ്ങനെയൊരു പൊരുത്തം ആവശ്യമില്ലെന്ന നിര്‍ബന്ധ ബുദ്ധിയുമുണ്ട്. ഇതിന് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ന്യായീകരണങ്ങള്‍ നിരത്താനും ഇവര്‍ക്ക് മടിയില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തിയ വടക്കുതെക്കു ജനകീയ പ്രതിരോധയാത്രയാണ് ഇക്കാര്യം വീണ്ടും ഓര്‍മിപ്പിച്ചത്. എന്തിനായിരുന്നു ഈ യാത്രയെന്ന് അത് സംഘടിപ്പിച്ചവര്‍ക്കും പങ്കാളികളായവര്‍ക്കും കാണികള്‍ക്കുമൊന്നും ഇനിയും മനസ്സിലായിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാര്‍ട്ടിയാണ് ശരിയെന്നു വരുത്താന്‍ സിപിഎം നടത്താറുള്ള കവലപ്രസംഗങ്ങള്‍ ഓരോ ജില്ലയിലും പലയിടങ്ങളിലായി നടന്നതിന്റെ അനുഭവമാണ് ജനകീയ പ്രതിരോധ യാത്ര അവശേഷിപ്പിക്കുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുകയും, സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മില്‍ ക്വട്ടേഷന്‍ സംഘവും ലഹരിക്കടത്തുകാരും ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുമൊക്കെ പിടിമുറുക്കിയ സാഹചര്യത്തിലാണ്, ഇതൊക്കെ വെള്ളപൂശാനായി ഒരു ജാഥ നടത്തിക്കളയാം എന്ന വെളിപാടുണ്ടായത്. എന്നാല്‍ ജാഥയിലൂടെയും പാര്‍ട്ടി അപമാനിക്കപ്പെടുകയായിരുന്നു. ഇതിന് പ്രധാന പങ്ക് വഹിച്ചത് ജാഥാ ക്യാപ്റ്റനായ എം.വി. ഗോവിന്ദന്റെ പ്രസംഗങ്ങളാണ്. എന്താണ് പറയേണ്ടതെന്ന് മൈക്കിനു മുന്നില്‍ കയറിനില്ക്കുമ്പോള് മാത്രം ആലോചിക്കുന്ന ഈ നേതാവ് വായില്‍ വന്നതൊക്കെ വിളിച്ചുപറയുകയായിരുന്നു. പാര്‍ട്ടിയുടെ താത്വികാചാര്യനെന്ന ഭാവത്തില്‍ ഒരുതരം ഹാസ്യകലാപ്രകടനമാണ് ഓരോയിടങ്ങളിലും അരങ്ങേറിയത്. ജാഥാംഗങ്ങളില്‍ ചിലര്‍ രംഗം കൊഴുപ്പിക്കുകയും ചെയ്തു.
പാര്‍ട്ടി നേതൃത്വം കൊട്ടിഘോഷിക്കുന്നതിന് വിരുദ്ധമായി യഥാര്‍ത്ഥ സിപിഎം എന്താണെന്ന് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ജനകീയപ്രതിരോധ യാത്രയ്ക്ക് തുടക്കംകുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ഇ.പി. ജയരാജന് പങ്കെടുക്കാതിരുന്നത് നേതൃത്വത്തിലെ ചേരിപ്പോരും പടലപ്പിണക്കങ്ങളും പുറത്തുകൊണ്ടുവന്നു. പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് ഇ.പി. ജാഥയില്‍ തല കാണിച്ചത്. തൃശൂരില്‍ നടത്തിയ പ്രസംഗത്തില്‍ പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണെന്ന് പ്രഖ്യാപിച്ചതും വിവാദമായി. മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ വിരുദ്ധോക്തി പ്രയോഗിച്ചതാണെന്ന വിമര്‍ശനം ഉയര്‍ന്നു. ഇ.പി.ജയരാനു ബന്ധമുള്ള കണ്ണൂരിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതും, അത് ചില പാര്ട്ടിക്കാര് തന്നെ നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നുമൊക്കെ വാര്‍ത്തകള്‍ വന്നത് ജാഥയ്ക്ക് തിരിച്ചടിയായി. പാര്ട്ടിക്കാര് തന്നെയായ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരും സ്വര്ണക്കള്ളക്കടത്തുകാരുമായ ചിലര്‍ നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ മറുപടി പറയാനാവാതെ ജാഥ നയിച്ചവര്‍ വിയര്‍ത്തു. ഒടുവില്‍ കാപ്പചുമത്തി ചിലരെ അറസ്റ്റു ചെയ്യേണ്ടിവന്നപ്പോള്‍ പാര്ട്ടിക്കാര് ഇത്തരക്കാരാണെന്ന സത്യം പൊതുവായി അംഗീകരിക്കപ്പെട്ടു. ഇതിനു പിന്നാലെ ലഹരിമാഫിയയെ തുറന്നുകാണിക്കുന്ന വാര്‍ത്ത നല്‍കിയതിന് എസ്എഫ്ഐക്കാര്‍ ഏഷ്യാനെറ്റ് ഓഫീസില്‍ കയറി അക്രമം കാണിച്ചതും, ചാനലിനെതിരെ പോലീസ് കേസെടുത്തതും ജാഥയിലുടനീളം വാഴ്ത്തിപ്പാടിയ പാര്‍ട്ടിയുടെ മഹത്വം വെറും തട്ടിപ്പാണെന്ന് തെളിയിച്ചു. ചെല്ലുംചെലവും കൊടുത്ത പാര്ട്ടിക്കാര് പങ്കെടുത്തെങ്കിലും ജനങ്ങള്‍ യാത്രയുമായി അകലം പാലിച്ചു.
യാത്രാനായകനായ എം.വി.ഗോവിന്ദന് ജനശ്രദ്ധയാകര്‍ഷിച്ചു എന്നത് സത്യമാണ്. അതുപക്ഷേ മര്യാദയില്ലാത്ത പെരുമാറ്റംകൊണ്ടും അഹന്തകൊണ്ടും വിവരക്കേട് വിളമ്പിയുമൊക്കെയാണ്. മൈക്ക് ശരിയാക്കാന്‍ വന്ന ഒരു പാവം തൊഴിലാളിയെ സ്റ്റേജില്‍ വച്ച് അപമാനിച്ചതും, സില്‍വര്‍ലൈന്‍ വന്നാല്‍ മലപ്പുറത്തുണ്ടാക്കുന്ന അപ്പം എറണാകുളത്തുകൊണ്ടുപോയി വില്ക്കാമെന്നു പറഞ്ഞതും, പ്രസംഗം കേള്‍ക്കാതെ പരിപാടിയില്‍നിന്ന് എഴുന്നേറ്റുപോയവരെ ശകാരിച്ചതും, ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ പണി പോകുമെന്ന് പാര്‍ട്ടി നേതാക്കള്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതും, ജാഥയില്‍ പങ്കെടുക്കാന്‍ പാടത്തെ പണി നിര്ത്തിവയ്പ്പിച്ചതുമൊക്കെ മാധ്യമശ്രദ്ധ നേടിയെന്ന് സമ്മതിക്കണം. പല ജില്ലകളിലും പാര്ട്ടിക്കാര് സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. അപ്പോള്‍ പിന്നെ നാട്ടുകാരുടെ കാര്യം പറയേണ്ടതില്ലല്ലോ. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമം തുടക്കം മുതല്‍തന്നെ പാളി. സര്‍ക്കാരിന് തിളക്കമുണ്ടെങ്കില് എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ജാഥയുടെ പോസ്റ്ററുകളിലും മറ്റും ഇടംപിടിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം ഈ സര്‍ക്കാര്‍ അഴിമതിയുടെ പുകയുന്ന അഗ്നിപര്‍വതത്തിനു മുകളിലാണിരിക്കുന്നതെന്ന് വിളിച്ചുപറഞ്ഞു. സ്വപ്നസുരേഷിനെ കോടികള്‍ നല്കി അനുനയിപ്പിക്കാനും ഭീഷണിപ്പെടുത്തി പിന്മാറ്റിക്കാനും ഏജന്റിനെ അയച്ചെന്ന വെളിപ്പെടുത്തലും സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചുകീറി. ചുരുക്കത്തില്‍ ജനകീയ പ്രതിരോധയാത്ര പാര്‍ട്ടിയെയും സര്‍ക്കാരിനെയും തുറന്നുകാട്ടുന്നതിലാണ് കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: