തിരുവനന്തപുരം: മഹര്‍ഷി അരവിന്ദന്റെ അഞ്ച് സ്വപ്നങ്ങള്‍ യാഥാര്ത്ഥ്യമായിത്തീര്ന്നാല് വിവിധ സമൂഹങ്ങളും രാജ്യങ്ങളും സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന തലത്തില്‍ എത്തിച്ചേരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച് മെമ്പര്‍ സെക്രട്ടറി സച്ചിദാനന്ദമിശ്ര.
തിരുവനന്തപുരം സംസ്കൃതിഭവനില് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ നടക്കുന്ന ‘ശ്രീ അരവിന്ദോ-സമകാലീന പ്രസക്തി’ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാസിസവും ഭാരത ദേശീയതയും താരതമ്യം ചെയ്യുന്നത് തെറ്റാണ്. ജര്‍മനി കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന ദേശീയതാ സങ്കല്പത്തില്നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു മഹര്‍ഷി അരവിന്ദന്റെ ദേശീയതാ ദര്‍ശനം. ഇത് ആധ്യാത്മികതയില്‍ അടിയുറച്ചതായിരുന്നു. ഭാരതത്തിന്റെ വിമോചനത്തില്‍ തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളുടെ വിമോചനത്തിലൂടെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ എത്തിനിന്നത് മനുഷ്യന്റെ അതിമാനുഷിക അവസ്ഥയിലായിരുന്നുവെന്നും സച്ചിദാനന്ദ മിശ്ര പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രത്തിന്റെ സ്ഥാപകനായ പി. പരമേശ്വരന് അരവിന്ദദര്ശനത്തിന്റെ ആധുനിക കാലത്തെ പ്രസക്തി വര്‍ഷങ്ങള്‍ക്കു മുന്‍പേ തിരിച്ചറിഞ്ഞിരുന്നുവെന്നും ഭാവിയുടെ ദാര്ശനികന് എന്ന പുസ്തകത്തിലൂടെ അദ്ദേഹം ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും സഞ്ജയന് പറഞ്ഞു.
മധുര കോളജ് പ്രൊഫസറും സെമിനാര്‍ കോര്‍ഡിനേറ്ററുമായ ഡോ. ആര്. സുബ്രഹ്മണി വിഷയാവതരണം നടത്തി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി. വി. ജയമണി, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, ട്രഷറര്‍ ആര്. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് വിവിധ സെഷനുകളിലായി അരവിന്ദ ദര്‍ശനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അവതരിപ്പിച്ചു. കൊറിയന്‍ യുദ്ധത്തെ നിരീക്ഷിച്ച അരവിന്ദന് 1950 ല്‍ നല്കിയ മുന്നറിയിപ്പുകള്‍ ഗൗരവപൂര്‍വം കണക്കിലെടുത്തിരുന്നെങ്കില്‍ ചൈനയുടെ 1962 ലെ അധിനിവേശ ശ്രമങ്ങള്‍ക്ക് തടയിടാമായിരുന്നെന്ന് ഒഡീഷ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ പ്രൊഫ. സച്ചിതാനന്ദ മൊഹന്തി പറഞ്ഞു. ഡോ. എം.പി. അജിത്കുമാര്‍, ഡോ. നിഷ്ഠാ സക്സേന, പ്രൊഫ. സുധീര്‍കുമാര്‍, ഡോ. പി. ശ്രീകുമാര്‍, പ്രൊഫ. ബീന ഐസക്, പ്രിയ എം. വൈദ്യ, ഡോ. ശ്രീകലാ എം. നായര്‍, ഡോ. എം.പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് ഹരിയാന ഋഷിഹുഡ് യൂണിവേഴ്സിറ്റി ഡയറക്ടര്‍ പ്രൊഫ. സമ്പാദാനന്ദ മിശ്ര, ഗോവ എഐടി അസോസിയേറ്റ് പ്രൊഫ. ഡോ. ശരണി ഘോഷല്‍ മണ്ഡല്, ഡോ. റിമ ഘോഷ്, ഡോ. എം.എസ്. ഗായത്രിദേവി, ഡോ. ശ്രീകലാദേവി, ഡോ. നീലേഷ് മാരിക്, ഡോ. ഇ. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: