ഭാഷയില്‍ തീവ്രാനുഭവങ്ങളുടെ തീക്കടല്‍ കടഞ്ഞ് സാഹിത്യാമൃതം സമ്മാനിച്ച അഭിനവ എഴുത്തച്ഛന് സി.രാധാകൃഷ്ണന് ഇന്ന് എണ്പത്തിനാലാം പിറന്നാള്‍. ജ്ഞാനവും വിവേകവും അലങ്കാരഭംഗി നല്കുന്ന രചനാ ശൈലി കൊണ്ട് മലയാളത്തെ ധന്യമാക്കിയ എഴുത്തുകാരന് ചമ്രവട്ടത്തുണ്ട്. ഭാഷാപിതാവിന്റെ സ്മാരകത്തിനും ഒരു വിളിപ്പാടകലെ.
പൗരാണികതയോളമെത്തുന്ന ചരിത്രപാരമ്പര്യത്തില്‍നിന്നും ആധുനിക ശാസ്ത്രയുക്തികളില്‍ നിന്നും ഇത്രമേല്‍ ഊര്‍ജമുള്‍ക്കൊണ്ട മറ്റൊരു എഴുത്തുകാരന് മലയാളത്തിലില്ല. നൂറോളമെത്തുന്ന നോവല്‍, ചെറുകഥാ സമാഹാരം, നോവലെറ്റുകള്‍ എന്നിവയില്‍കൂടി സി.രാധാകൃഷ്ണന് പറയാന്‍ ശ്രമിച്ചത് വ്യത്യസ്ത വഴികളില്‍കൂടിയുള്ള മനുഷ്യജീവിതത്തിന്റെ അഗ്നിപഥയാത്രകളാണ്.
തീക്കടല്‍ കടഞ്ഞ് തിരുമധുരവും, മുന്‍പേ പറക്കുന്ന പക്ഷികളുമാണ് സി.രാധാകൃഷ്ണന്റെ ഏറ്റവും ശ്രദ്ധേയമായ നോവലുകള്‍. രണ്ടിലും അതിതീവ്രമായ ജീവിതങ്ങളുടെ പൊള്ളുന്ന രേഖാ ചിത്രങ്ങളുണ്ട്. തീര്‍ത്തും വ്യത്യസ്തമായ ഭൗതിക സാഹചര്യങ്ങളും ചരിത്രഭൂമികയുമാണ് രണ്ടു നോവലുകളുടേയും പശ്ചാത്തലമെങ്കിലും മനുഷ്യനന്മയെക്കരുതി, സമൂഹനന്മയെക്കരുതി അഗ്നിപഥം തെരഞ്ഞെടുക്കുന്നവരാണതിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സാമൂഹ്യഉത്കര്‍ഷത്തിനായുള്ള ഈ ആഗ്നേയതാപം സി.രാധാകൃഷ്ണന്റെ എല്ലാ കൃതികളിലും ബോധധാരയായി വര്‍ത്തിക്കുന്നുണ്ട്.
ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ജീവിതമാണ് തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന ചരിത്ര നോവലിന്റെ പ്രമേയം. കോഴിക്കോട് സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മില്‍ നിലനിന്ന അധികാരത്തര്‍ക്കങ്ങളും സാധാരണക്കാരുടെ ജീവിതത്തെ ഈ അധികാരത്തര്‍ക്കങ്ങള്‍ അത്രമേല്‍ ആഴത്തില്‍ സ്വാധീനിച്ചതും സാമൂതിരി മേല്‍ക്കോയ്മക്കെതിരായ വെട്ടത്തുനാടിന്റെ ചെറുത്തുനില്‍പ്പുകളുമെല്ലാം നോവലില്‍ കടന്നുവരുന്നു.
രാഷ്ട്രീയ കാരണങ്ങളാല്‍ ശിക്ഷയേറ്റുവാങ്ങേണ്ടി വരുന്ന എഴുത്തച്ഛന് ചക്കാട്ടി എണ്ണയെടുക്കുന്നതിനൊപ്പം മനോഹരമായ രാമകഥയില്‍നിന്ന് അധ്യാത്മാനുഭൂതിയുടെ നറുനെയ്യും കടഞ്ഞെടുക്കുന്നു. ഭാഷയുടേയും ചരിത്രത്തിന്റെയും സമ്മോഹനമായ മേളനമാണ് തീക്കടല്‍ കടഞ്ഞ് തിരുമധുരം.
ഭൗതിക -രാഷ്ട്രീയ സാഹചര്യങ്ങളുടെ തീക്ഷ്ണമായ വെല്ലുവിളികളെ ആത്മീയതയുടെ അമൃതാനുഭൂതി കൊണ്ട് അതിജീവിക്കുന്ന നായകന് സമൂഹത്തിന് വഴിനടക്കാനുള്ള വെളിച്ചം സമ്മാനിക്കുന്നു. ഭാരതീയ ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തീദേവി പുരസ്കാരം ഈ നോവലിന് ലഭിച്ചിട്ടുണ്ട്.
തീര്‍ത്തും വ്യത്യസ്തമായ ജീവിതചിത്രണമാണ് മുന്‍പേ പറക്കുന്ന പക്ഷികളിലേത്. വസന്തത്തിന്റെ ഇടിമുഴക്കത്തിന് കാതോര്‍ത്ത് കാലം തെറ്റിപൂത്ത കടും ചുവപ്പ് നിറമുള്ള പൂക്കളെക്കുറിച്ചാണ് ഈ നോവല്‍. എഴുപതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചക്രവാളത്തെ വിപഌവ സ്വപ്നങ്ങള്‍ കൊണ്ട് ചുവപ്പിക്കുകയും സ്വയം ആ വിപ്ലവാഗ്നിയില്‍ ആഹുതിയാവുകയും ചെയ്ത നക്സലൈറ്റ് പ്രസ്ഥാനത്തെയാണ് മുന്‍പേ പറക്കുന്ന പക്ഷികളില്‍ നോവലിസ്റ്റ് പ്രമേയമാക്കുന്നത്.
ആത്മീയതക്ക് തരിമ്പും ഇടമില്ലാത്ത ശുദ്ധ ഭൗതികവാദത്തിന്റെ കനല് നടത്തങ്ങള്‍. പക്ഷേ രണ്ടിടത്തും തീവ്രമായ ഈ ജീവിതസമരത്തിന് കാരണമാകുന്നതാകട്ടെ ലോകത്തിന് പുതിയ വെളിച്ചം നല്‍കണമെന്ന ആദര്‍ശബോധവും. ഭൗതികവാദം പൂര്‍ണമായും പരാജയപ്പെട്ടുപോകുമ്പോള്‍ ആത്മീയത അമൃതായി, തിരുമധുരമായി പരിണമിക്കുന്നു.
അഗ്നി സി.രാധാകൃഷ്ണന്റെ നോവലുകളിലും ചെറുകഥകളിലും ആവര്‍ത്തിച്ച് കടന്നുവരുന്ന ബിംബമാണ്. മനുഷ്യപുരോഗതിയുടെ ചരിത്രത്തില്‍ അഗ്നിയുടെ കണ്ടുപിടുത്തം വലിയ നാഴികക്കല്ലാണല്ലോ. ശാസ്ത്രബോധമുള്ള എഴുത്തുകാരനായതുകൊണ്ടാകാം എഴുത്തുവഴികളില്‍ അഗ്നി സജീവമായ സാന്നിധ്യമാകുന്നത്. സി.രാധാകൃഷ്ണന് സംവിധായകനായ ആദ്യ മലയാള സിനിമയുടെ പേരും അഗ്നി എന്നു തന്നെ.
ആത്മീയതയേയും ശാസ്ത്രത്തേയും ഒരു പോലെ പ്രമേയവത്കരിക്കാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരനില്‍ ഈ ദ്വന്ദ്വം പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. അഗ്നിപോലെ തന്നെ ആവര്‍ത്തിക്കുന്ന മറ്റൊരു ബിംബം നിലാവാണ്. ഒന്ന് ചൂടും തീഷ്ണതയുമാണെങ്കില്‍ മറ്റൊന്ന് തണുപ്പും ആര്‍ദ്രതയുമാണ്.
ഏതുമാര്‍ഗത്തിലൂടെ സഞ്ചരിച്ചാലും ശരിയിലേക്കെത്താനാകുമെന്ന ഭാരതീയ ദര്‍ശനത്തിന്റെ അനുകര്‍ത്താവായതിനാലാകാം എപ്പോഴും വൈരുദ്ധ്യങ്ങളെ ഒരേ പോലെ പരിശോധിക്കാനും അതിലെ നന്മയെ സ്വാംശീകരിക്കാനും എഴുത്തുകാരനാവുന്നത്. ആകാശഗംഗയോളം ആശയവിസ്തൃതിയുള്ള രചനകള്‍ ഭാഷക്ക് സമ്മാനിച്ച ശാസ്ത്രകുതുകിയായ എഴുത്തുകാരന് ഏറ്റവും ഇഷ്ടപ്പെട്ട ജോലി എഴുത്താണെന്നും ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടം ചമ്രവട്ടം എന്ന ഗ്രാമമാണെന്നും പറയുമ്പോള്‍ സി.രാധാകൃഷ്ണനെ നമുക്ക് കൂടുതല്‍ മനസിലാകുന്നു.
ശാസ്ത്രജ്ഞന്, പത്രപ്രവര്ത്തകന്, സംവിധായകന് എന്ന നിലയിലെല്ലാം സി.രാധാകൃഷ്ണന് മേല്‍വിലാസമുണ്ടെങ്കിലും ഭാഷാസ്നേഹികളുടെ മനസില്‍ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും അദ്ദേഹം എഴുത്തുകാരനാണ്. അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകള്‍ എന്നീ സിനിമകള്‍ സി.രാധാകൃഷ്ണന് സംവിധാനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള നിരവധി സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് പ്രധാന മലയാള പത്രങ്ങളിലും ഒരു ഇംഗ്ലീഷ് പത്രത്തിലും പത്രപ്രവര്‍ത്തകനായും പത്രാധിപരായും പ്രവര്‍ത്തിച്ചു. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ച് ഇതിലോരോന്നും ഒരു ജീവിതകാലത്തിന്റെ മേല്‍വിലാസമാണ്.
പക്ഷേ ഇവിടെ സുദീര്‍ഘമായ രചനാ ജീവിതം കൊണ്ട് അദ്ദേഹം എഴുത്തുകാരന് എന്ന മേല്‍വിലാസം സ്വന്തമാക്കിയിരിക്കുന്നു. അതിനുമുന്നില്‍ മറ്റുള്ളതെല്ലാം പാര്‍ശ്വവവത്കരിക്കപ്പെടുന്നു. 1939 ഫെബ്രുവരി 15 നാണ് ചമ്രവട്ടത്ത് ചക്കുപുരയില്‍ ജാനകിയമ്മയുടേയും പറപ്പൂര് മഠത്തില്‍ മാധവന് നായരുടേയും മകനായി രാധാകൃഷ്ണന് പിറന്നത്. എഴുത്തുകാരന് ഇന്ന് എണ്പത്തിനാലാം പിറന്നാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: