ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മുതിര്‍ന്ന സംഘപ്രചാരകനും വിശ്വഹിന്ദു പരിഷത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ പ്രഭാരിയുമായ സ്ഥാണുമാലയന്‍ എന്റെ വീട്ടില്‍ വരികയുണ്ടായി. മുമ്പും പലതവണ വന്നിട്ടുള്ളതാണ്. ഇത്തവണത്തെ വരവ് തലേന്ന് തൊടുപുഴയില്‍ വി.ഹി.പയുടെ ഒരു പ്രവര്‍ത്തക സമാഗമത്തില്‍ മാര്‍ഗദര്‍ശനം നല്‍കാനായിരുന്നു. അനൗപചാരികമായ സന്ദര്‍ശനം ഏതാനും മിനിട്ടുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. അതിനിടെ സംസാരിച്ചതിലേറെയും നൂറ്റാണ്ടുകളായി കേരളത്തിന്റെ ഭാഗമായി കരുതപ്പെട്ടുവന്നിരുന്ന തെക്കന്‍ താലൂക്കുകളെപ്പറ്റിയായിരുന്നു. അദ്ദേഹവും ആ പ്രദേശക്കാരനായിരുന്നു. പത്മനാഭപുരത്തിനടുത്താണ് വീട് എന്നാണ്ഞാന് കരുതുന്നത്. ആളുടെ പേരും സ്ഥാണുമാലയന്‍ എന്നാണല്ലോ. താണുമാലയപ്പെരുമാള്‍ സുപ്രസിദ്ധമായ ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാള്തന്നെ. തിരു അനന്തശയനത്തില്‍ പള്ളികൊള്ളും ശ്രീപത്മനാഭപ്പെരുമാള്‍, ആ ദേവന്റെ ഇടംതിരിഞ്ഞ നിലയില്‍ ശയിക്കുന്ന തിരുവട്ടാറ്റ് ആദികേശവപ്പെരുമാള്‍ എന്നിവകൂടിയായാല്‍ പഴയ തിരുവിതാംകൂറിന്റെ ദൈവീക സമ്പത്തുക്കള്‍ ഏതാണ്ട് ആയിക്കഴിഞ്ഞു. ഈ മൂന്നിടങ്ങളിലും പ്രധാന ചടങ്ങുകള്‍ക്കും അടിയന്തരങ്ങള്‍ക്കും രാജസാന്നിധ്യം വേണ്ടിയിരുന്നത്രേ.
തിരുവനന്തപുരത്തെ എന്റെ വിദ്യാഭ്യാസകാലം (1951-55) പഴയ തിരുവിതാംകൂര്‍ മാറി കൊച്ചികൂടി ചേര്‍ന്ന തിരു-കൊച്ചി സംസ്ഥാനമായിരുന്നു. സ്ഥാണുമാലയന്‍ തിരുകൊച്ചിയില്‍ ജനിക്കുകയും തമിഴ്നാട്ടില്‍ കാര്യകര്ത്താവാകുകയും ചെയ്ത ആളാണെന്നു പറഞ്ഞു. ഞങ്ങള്‍ തിരുവനനന്തപുരത്തെ സ്വയംസേവകര്‍ക്ക് തെക്ക് പോകേണ്ടുന്ന അവസരങ്ങള്‍ ചുരുക്കമായിരുന്നു. വിശേഷാവസരങ്ങളില്‍ അവര്‍ തിരുവനന്തപുരത്തു വരാറുണ്ടായിരുന്നു. 1951 ല്‍ ഞാന്‍ അവിടെയെത്തുമ്പോള്‍ മനോഹര്ദേവായിരുന്നു പ്രചാരകന്. പരമേശ്വര്‍ജി സര്‍വഥാ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പരിപാടിയില്‍ ഞാനുമുണ്ടായിരുന്നു. ശാഖയിലെ തുടക്കക്കാലമായതിനാല്‍, അദ്ദേഹത്തിന്റെ വാക്കുകളുടെ പൊരുള്‍ എനിക്കു ‘പൊതിയാത്തേങ്ങ’യായിപ്പോയി. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞ് സംഘശിക്ഷാവര്ഗിനുശേഷമാവണം, മധ്യവേനല്‍ അവധി കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തിയപ്പോഴാണ് പുതിയ പ്രചാരകന് ഭാസ്കര്‍ ദാംലേയെ കാണുന്നത്. കറുമ്പകോണത്തെ ഞാന്‍ താമസിച്ച വീട്ടില്‍ അദ്ദേഹം വന്നു. ഞങ്ങളോടൊപ്പം ശാഖയിലും വന്നു. നല്ല ഒത്ത ശരീരം, കാല്വണ്ണയിലേയും കൈത്തണ്ടയിലെയും ദൃഢമായ പേശികള്‍ ഇന്നും മനസ്സില്‍ നില്ക്കുന്നു. ശാഖയില്‍ മുഖ്യശിക്ഷക് കെ.ഇ. കൃഷ്ണനായിരുന്നു, സഹായത്തിനു കൃഷ്ണമൂര്‍ത്തിയുമുണ്ട്. അവരും ദാംലേജിയും ചേര്‍ന്ന് ശാഖ പൊടിപൊടിച്ചു. പട്ടത്ത് ബിഎക്കു പഠിക്കുന്ന പരമേശ്വരനും ഗോപാലനുമുണ്ടായിരുന്നു. ഗോപാലന് തൊടുപുഴക്കാരനായിരുന്നു. അദ്ദേഹമാണ് തൊടുപുഴയിലെ ആദ്യ സ്വയംസേവകന്. പക്ഷേ പഠിപ്പുകഴിഞ്ഞദ്ദേഹത്തെ പരിചയപ്പെടാന്‍ സാധിച്ചില്ല. ഏറെ അന്വേഷിച്ചിട്ടും പ്രയോജനമായില്ല. ബോംബേക്കു കുടിയേറിക്കാണും.
ഭാസ്കര്‍ ദാംലേജിയുടെ കാലത്ത് തിരുവനന്തപുരത്തെ നിലച്ചുപോയ ഉപശാഖകളൊക്കെ പുനര്‍ജീവിച്ചു. സാംഘിക് നടക്കാറുള്ളത് ഇന്നു വിചാരകേന്ദ്രമിരിക്കുന്ന പുത്തന്‍ചന്ത സംഘസ്ഥാനിലായിരുന്നു. കുറേ പഴയവര്‍ സ്ഥലംവിട്ടു എതിര്‍പ്രചാരണങ്ങള്‍ ആരംഭിച്ചുവെങ്കിലും അതൊക്കെ നിഷ്ഫലമായി. അന്നു പ്രാന്തകാര്യവാഹ് അണ്ണാജി എന്നു വിളിക്കപ്പെട്ടിരുന്ന മാനഃ എ. ദക്ഷിണാമൂര്‍ത്തിയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്ത് സംഘം കരുത്താര്‍ജിച്ചത് അദ്ദേഹത്തെ ഏറെ തൃപ്തനാക്കി. പ്രാന്തപ്രചാരകനായിരുന്ന ദാദാജി പരമാര്‍ഥും ഒരിക്കല്‍ വന്നു ശൈവപ്രകാശം ഹാളില്‍ നടന്ന ബൈഠക്കില്‍ പങ്കെടുത്തുവെങ്കിലും ബൗദ്ധിക് തീരെ പിടികിട്ടിയില്ല. ”സംഘം ഈസ് ആന്‍ ഓര്ഗനൈസേഷന് ഫോര്‍ ദി കണ്സോൡഡേഷന് ഓഫ് ദി ഹിന്ദു നേഷന്‍” എന്ന വാചകം മനസ്സില്‍ പതിഞ്ഞു. കുറേക്കൂടി മുതിര്‍ന്നവര്‍ക്ക് ദാദാജിയുടെ സാന്നിധ്യം വളരെ ഉത്തേജകമായിരുന്നു. മാത്രമല്ല അന്നത്തെ മുതിര്‍ന്നവര്‍ അദ്ദേഹത്തെ അത്യധികം ആദരിച്ചിരുന്നു. ശ്രീഗുരുജിയുടെ രണ്ടു യാത്രക്കാണ് ഞാന്‍ തിരുവനന്തപുരത്തെ പഠനകാലത്ത് സാക്ഷ്യം വഹിച്ചു പങ്കുകൊണ്ടത്. രണ്ടും ദാദാജിയും അണ്ണാജിയും അനുഗമിച്ചവയാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഗുരുവായൂര്‍ പ്രചാരകനായിരിക്കെ ഒരു ദിവസം സംഘചാലക് ബാരിസ്റ്റര്‍ നാരായണമേനോന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ദാദാജിയുണ്ടായിരുന്നു. ഒരു മാസം അവിടെ അദ്ദേഹം കഴിഞ്ഞു. പരിചയപ്പെട്ടു. സംഘത്തിന്റെ ശാഖകളെപ്പറ്റി അന്വേഷിച്ചു. അതു റഷ്യ സ്ഫുട്നിക് അയച്ച സമയമായിരുന്നു. ദാദാജി സ്ഫുട്നിക്കിനെക്കുറിച്ചെഴുതിയ ഒരു ഇംഗ്ലീഷ് കവിത വായിച്ചുകേള്‍പ്പിച്ചു. ദീനദയാല്‍ജിയുടെ സമ്പൂര്‍ണ വാങ്മയം വായിച്ചപ്പോള്‍ അദ്ദേഹവും, നാനാജി ദേശ്മുഖും, ദാദാജിയും ഒരുമിച്ചു ആഗ്രയില്‍ പഠനവും സംഘപ്രവര്‍ത്തനവുമായി കഴിഞ്ഞ കാലം വായിച്ചു. അവരെല്ലാം ഇന്ന് സ്വര്‍ഗത്തിലിരുന്ന് സംഘകാര്യത്തിന്റെ സാഫല്യത്തിലേക്കുള്ള സമീപനം കാണുകയായിരിക്കാം.
തിരുവനന്തപുരത്ത് ഭാസ്കര്‍ ദാംലേ പ്രചാരകനായിരുന്ന കാലത്തെക്കുറിച്ചായിരുന്നല്ലോ വിവരിച്ചുവന്നത്. കോവളത്തേക്കുള്ള വഴിയില്‍ പാച്ചല്ലൂര്‍, മുട്ടക്കാട് എന്നീ സ്ഥലങ്ങളില്‍ ശാഖകള്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ അലിയന്‍സ് അച്ചുകൂടത്തില്‍ ജോലി ചെയ്തിരുന്ന ശ്രീധരന്, കോളജ് വിദ്യാര്‍ഥികളായിരുന്ന വേലായുധന്, പരമേശ്വരന് മുതലായവരായിരുന്നു മുന്നില്‍. കമ്യൂണിസ്റ്റുകാരുടെ ഭീഷണിയുമുണ്ടായിരുന്നു. സാധുശീലന്‍ പരമേശ്വരന്‍പിള്ള ശാഖയ്ക്കു താങ്ങായി ഉണ്ടായിരുന്നു. അദ്ദേഹം ഹിന്ദുമിഷനിലായിരുന്നുവെന്നു തോന്നുന്നു. ആര്യകുമാര്‍ ആശ്രമത്തിലും അദ്ദേഹത്തെ കാണാമായിരുന്നു.
തിരുവനന്തപുരത്തെ സ്വയംസേവകരുടെ ഒരു സൈക്കിള്‍യാത്ര കോവളത്തേക്കു നിശ്ചയിച്ചു. ഞങ്ങള്‍ തെക്കേത്തെരുവില്‍ ക്ഷേത്രപ്രവേശന സ്മാരകത്തിനു മുന്നില്‍ രാവിലെ 8 മണിക്ക് സമ്മേളിച്ച് എല്ലാവരും ഒരുമിച്ച് പോയി. 9 മണിക്ക് കോവളത്തെത്തി. ഇന്നത്തെ കോവളമല്ലത്. കരിങ്കല്ലില്‍ പണിത ഒരു കൊട്ടാരവും അതിന്റെ വളപ്പുമായിരുന്നു ഞങ്ങള്‍ക്കു ലഭിച്ചത്.
കോവളത്തെത്തിയ ഉടന്‍ കുളിവേഷത്തില്‍ എല്ലാവരും കടലിലിറങ്ങി. ഒരു കി.മീ നടന്നാലും കഴുത്തിനുമേല്‍ മുങ്ങാതെയും ഓളങ്ങള്‍ ശാന്തമായുമുള്ള അവിടം ലോകപ്രസിദ്ധ കടല്ത്തീരമായതില് ഒട്ടും അതിശയമില്ല. കുളി കഴിഞ്ഞ് കൊട്ടാരത്തിന്റെ കോലയില്ത്തന്നെ ഭക്ഷണം കഴിച്ച് ദിവാകര്‍ കമ്മത്തിന്റെ വക കഥാകഥനം ഗംഭീരമായി. രാജപുത്രകഥയാണ്. ശത്രുക്കളെ നേരിടുമ്പോള്‍ തലകുനിക്കില്ല എന്ന വാശിമൂലം ഇടുങ്ങിയ കവാടത്തിലൂടെ പിന്നിലേക്കു തല പുറത്തേക്കിട്ട് ശത്രുഖഡ്ഗത്തിനിരയായ ഒരു രജപുത്രവീരന് രാജ്യത്തെയും ജനങ്ങളെയും ഇസ്ലാമിക ആക്രമണകാരികള്‍ക്ക് കീഴടക്കാന്‍ ഇടയായ കഥയായിരുന്നു അത്. ദിവാകര്‍ കമ്മത്തിന്റെ കഥാവിവരണം എപ്പോഴും അങ്ങിനെയായിരുന്നു. തിരുവനന്തപുരത്തെ സംഘപ്രവര്‍ത്തനം 1954 ല്‍ ഏറ്റവും ദയനീയമായിരുന്നപ്പോള് തന്റെ എഞ്ചിനീയറിങ് പഠിപ്പുപോലും രണ്ടുകൊല്ലം അവതാളമാക്കിയ ആളായിരുന്നു ആ ചേര്ത്തലക്കാരന്. നരസിംഹവിലാസം ലോഡ്ജിലെ അദ്ദേഹത്തിന്റെ മുറി കാര്യാലയംതന്നെയായിരുന്നു. രാജപ്രമുഖന്‍ ഉപയോഗിച്ചിരുന്ന തൊപ്പി സംഘത്തൊപ്പിയുടെ രീതിയിലുള്ളതായിരുന്നു. ഒരു റിപ്പബ്ലിക് ദിനത്തിന് അദ്ദേഹത്തിന്റെ പഴയ തൊപ്പി ലഭ്യമാവില്ലെന്ന ആശങ്കയുണ്ടായി. ആര്‍എസ്എസ് തൊപ്പി എവിടെ ലഭിക്കുമെന്ന അന്വേഷണം പാലസ് ഗാര്‍ഡ്സിനെ നരസിംഹവിലാസത്തിലെത്തിച്ചു. അശ്വാരൂഢ ഭടന്മാര് അവിടെയെത്തിയപ്പോള്‍ സംഭ്രമമായി. അന്നു പ്രചാരകനായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍ സംഘത്തിന്റെ തൊപ്പി വില്ക്കില്ലെന്നു പറഞ്ഞ് അവരെ സമാധാനിപ്പിച്ചയച്ചു.
നേരത്തെ വിവരിച്ച കോവളം യാത്രയ്ക്കുശേഷം തിരിച്ചുവന്ന ചില സ്വയംസേവകര്‍ക്ക് ശ്രീവരാഹംവരെ സഖാക്കളുടെ ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ അടുത്തയാഴ്ച പാച്ചല്ലൂര്‍ ശാഖയിലേക്കും ഒരു സാംഘിക്കിനുകൂടി സ്വയംസേവകര്‍ പോയിരുന്നു. പാച്ചല്ലൂരിലെ പല സ്വയംസേവകരും സംസ്ഥാനമാകെ പ്രശസ്തരായി. പാച്ചല്ലൂര്‍ വേലായുധന് അനുഗ്രഹീത കവിയായിരുന്നു. ഭാവനാസമ്പന്നവും വൈവിധ്യപൂര്‍ണവുമായ കവിതകള്‍ രചിച്ച് അയക്കാന്‍ പരമേശ്വര്‍ജിയുടെ പ്രേരണമൂലം അയാള്‍ ഉത്സാഹിച്ചു. ചങ്ങമ്പുഴയുടെ അനുകരണം മാറ്റി തനിമയും ഓജസ്സുമുള്ള കവിതകള്‍ വിരചിക്കാന്‍ വേലായുധനു പരമേശ്വര്‍ജി പ്രേരണ നല്കി. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ് നേടി, മലയാള വിഭാഗം തലവനുമായി.
പാച്ചല്ലൂര്‍ പരമേശ്വരനാകട്ടെ പഠിപ്പു കഴിഞ്ഞ് സംഘപ്രവര്‍ത്തനത്തില്‍ മുഴുകി. ആയുര്‍വേദ വകുപ്പില്‍ ജോലിയായി വിരമിച്ചു. വിഭാഗ് കാര്യവാഹ് ചുമതല വഹിക്കുമ്പോഴാണ് ഞാന്‍ അവസാനം കണ്ടത്. ഞങ്ങള്‍ ഒരുമിച്ച് സംഘശിക്ഷാവര്‍ഗ് കഴിഞ്ഞവരാണ്.
പാച്ചല്ലൂരിലെ ശ്രീധരന് തന്റെ പ്രസ് പരിചയം ഉപയോഗിച്ച് പ്രാതസ്മരണ, പ്രാര്‍ഥന, അര്‍ഥം മുതലായി സ്വയംസേവകര്‍ അറിഞ്ഞിരിക്കേണ്ടവ അച്ചടിച്ചു. ചെറിയ പുസ്തകമാക്കി. മാത്രമല്ല ‘ജന്മഭൂമി’ ആരംഭിച്ചപ്പോള്‍, അതിന്റെ പഴയ മട്ടിലുള്ള അച്ചടിയുടെ മേല്‍നോട്ടത്തിനായി രാമന്‍പിള്ളയുടെ അഭ്യര്‍ഥനയനുസരിച്ച് എറണാകുളത്ത് വന്ന് നാലുവര്‍ഷത്തിലധികം താമസിച്ചു. ഒരുതരത്തിലും തുടര്‍ന്നുപോകാന്‍ കഴിയാതെ വരികയും, ജന്മഭൂമിയുടെ അച്ചടിരീതി ആധുനികമാക്കുകയും ചെയ്തപ്പോഴാണ് ശ്രീധരന് മടങ്ങിപ്പോയത്. ജന്മഭൂമിയുടെ തുടക്കക്കാലത്ത് അതിനായി അത്യാധ്വാനം ചെയ്തവരില്‍ അവിസ്മരണീയനായിരുന്നു പാച്ചല്ലൂര്‍ ശ്രീധരന്. സ്ഥാണുമാലയന്‍ വീട്ടില്‍ വന്നപ്പോള്‍ മനസ്സിലൂടെ കടന്നുപോയ തിരുവനന്തപുരം ഓര്‍മകള്‍ സംഘപഥത്തെ തെളിയിക്കുന്ന ഒരു ചൂണ്ടുപലകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: