കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതി ചാടിപ്പോയി. മലപ്പുറം വേങ്ങര സഞ്ജിത്ത് പസ്വാന് വധക്കേസിലെ പ്രതി പൂനം ദേവിയാണ് ഞായറാഴ്ച രാവിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് കടന്നുകളഞ്ഞത്. പിന്നീട് ഇവര്‍ പോലീസ് പിടിയിലായി.
ബിഹാര്‍ വൈശാലി സ്വദേശിയായ പൂനം കുഞ്ഞിനെ കാണാനെന്ന് പറഞ്ഞ് മറ്റ് അന്തേവാസികളുടെ അറിവോടെയാണ് പുറത്ത് കടന്നതെന്ന് എസിപി സുദര്ശന് പറഞ്ഞു. ഒന്നാം നിലയിലെ ശൗചാലയം വഴിയാണ് പൂനം ദേവി പുറത്തുകടന്നത്. രാവിലെ ഏഴരയോടെ കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് ബസ് കയറിയ പൂനം ദേവിയെ വേങ്ങര ബസ് സ്റ്റാന്‍ഡില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
ജനുവരി 31-ാം തീയതിയാണ് വേങ്ങരയിലെ ക്വാര്‍ട്ടേഴ്സില്‍വെച്ച് ഭര്‍ത്താവ് സഞ്ജിത്തിനെ പൂനംദേവി കൊലപ്പെടുത്തിയത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്നു പൂനംദേവി. ഇതേത്തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും രണ്ടുമാസം മുമ്പ് സഞ്ജിത് ബിഹാറില്‍നിന്ന് വേങ്ങരയിലേക്ക് കൊണ്ടുവരകയായിരുന്നു.
31-ാം തീയതി രാത്രി ഉറങ്ങുന്നതിനിടെ ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉടുത്തസാരി കൊണ്ട് ഭര്‍ത്താവിന്റെ കഴുത്തില്‍ കുരുക്കുകയും പിന്നീട് കട്ടിലില്‍നിന്ന് വലിച്ച് താഴെ ഇടുകയുമായിരുന്നു. മൃതദേഹപരിശോധനയില്‍ സഞ്ജിത്തിന്റെ മുഖത്തും നെറ്റിയിലും പരിക്ക് കണ്ടെത്തി. കഴുത്തിലെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പൂനംദേവിയെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: