എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍
ദാരിദ്ര്യത്തിലേക്ക് അടര്‍ന്നുവീണുകൊണ്ടിരുന്ന ഒരു പഴയ ജന്മി കുടുംബത്തിലാണ് ആ ബാലന് പിറന്നു വീണത്. പലപ്പോഴും വിരുന്നുകാരായി വന്നത് പട്ടിണി മാത്രം. ബാല്യം പളപളപ്പുള്ളതായിരുന്നില്ല. ചങ്ങാതിമാര്‍ വളരെ കുറവ്. ഏകനായിരുന്ന് നാളുകള്‍ കഴിച്ചുകൂട്ടി. ശരീരംകൊണ്ട് ജാലവിദ്യകളൊന്നും കാട്ടിയിരുന്നില്ല. ചിതല് തിന്ന് വികൃതമായ പൂമുഖപ്പടിയില്‍ മലര്‍ന്നു കിടന്ന് മനോരാജ്യം കാണലാണ് ആ ദരിദ്രബാലന്റെ വിനോദം. അമ്മയും മുത്തശ്ശിയുമൊക്കെ പറഞ്ഞുകൊടുത്ത പുരാണ കഥകളിലെ ദേവകിയും വസുദേവരും, കൃഷ്ണനും, കംസനും, ആനയും തേരുമൊക്കെ കൂട്ടുകാരായി പൂമുഖത്ത് എത്താറുണ്ട്. അല്പം സംസ്കൃതവും അമരകോശവും പഠിച്ചു. ജീവിത മാര്‍ഗ്ഗത്തിന് കുലത്തൊഴിലായ തന്ത്രവൃത്തിയും കുറച്ചു പഠിച്ചു. ഇതാണ് മലയാള കവിതയില്‍ നവഭാവുകത്വം വിടര്‍ത്തിയ എന്‍.എന്‍. കക്കാടെന്ന, കക്കാട് നാരായണന് നമ്പൂതിരി.
കൗമാരഭാവനയെ കമ്പം പിടിപ്പിക്കുവാന്‍ ക്ഷേത്ര കലകളും നാടന്‍ പാട്ടുകളും കൂട്ടിനെത്തി. ഉത്സവം കഴിഞ്ഞാല്‍ വെണ്ണീറും കരിയും ഓട്ടിന്‍പൊടിയും കൊണ്ടുള്ള ഭദ്രകാളിക്കളം ബാക്കിയാകും. അവിടെ തന്നെത്താന്‍ കളം വരഞ്ഞ് തന്നെത്താന്‍ കളംപാട്ട് പാടി തന്നെത്താന്‍ കൊട്ടി, തന്നെത്താന്‍ കോമരം തുള്ളി, വാദ്യകല അഭ്യസിക്കും. എങ്ങനെയോ എവിടെയോ വച്ച് ആ കുട്ടിക്ക് വായനയില്‍ കമ്പം തുടങ്ങി. ചെറുശ്ശേരിയും എഴുത്തച്ഛനും, നമ്പ്യാരും ചമ്പൂക്കാരന്‍മാരും തമ്പുരാക്കന്മാരും മനസ്സില്‍ കയറിക്കൂടി. മഹാഭാരതം ലഹരിയായി മാറി. രാമായണവും ഭാഗവതവും ഒപ്പം നടന്നു. കുറിയ കവിതകളും ശ്ലോകങ്ങളും ഒട്ടേറെ എഴുതിയെങ്കിലും സ്വകാര്യമായി വച്ചു. കഥാപാത്രങ്ങള്‍ വിളിച്ചാല്‍ വരാവുന്ന ചാരത്തുണ്ട്.
കൗമാരം വിട്ടതോടെ, കാലം അവനില്‍ ഒരു കവിയെ ദര്‍ശിച്ചു. ജീവിതാനുഭവവും കവിതയും തമ്മില്‍ പൊരുത്തപ്പെടാതെ അസ്വസ്ഥനായി. അതൃപ്തനായി ഇത്തരം അസ്വസ്ഥതകളുടെ നടുവിലാണ് ‘പാതാളത്തിന്റെ മുഴക്കം’ പൊട്ടിപ്പുറപ്പെട്ടത്. കണ്മുന്നില് അസ്തമിച്ചു തുടങ്ങുന്ന ഗ്രാമീണതയും ഉയര്‍ന്നുപൊങ്ങുന്ന നാഗരികതയും തമ്മിലുള്ള സംഘര്‍ഷമായിരുന്നു ആ കവിത. പുതിയ വാണിജ്യ സംസ്കാരം തന്റെ പാരമ്പര്യത്തെ മായ്ച്ചു കളയുമെന്ന നോവ് ആ യുവാവിന്റെ ഹൃദയത്തെ ആകുലമാക്കി. സദാ വേദനിച്ച് കൊണ്ടിരുന്ന ജീവിതമാണ് കക്കാടിന്റെത്. മലയാള കാവ്യ പ്രവാഹത്തെ സമൂലമായി പരിഷ്ക്കരിച്ച് പരിവര്‍ത്തനപ്പെടുത്തിയ ആധുനികതയുടെ വക്താവ്. ഡോ.അയ്യപ്പപണിക്കുടെ ‘മൃത്യുപൂജ’യോടെ ആധുനിക പ്രവണത മലയാള കവിതയില്‍ ആരംഭിക്കും മുമ്പ് തന്നെ കക്കാട് കാല്പനിക വിരുദ്ധസങ്കല്പങ്ങളെ സ്വകവിതയില്‍ പരീക്ഷിച്ചു.
കണ്ണീരിന്റെയും താളത്തിന്റെയും കവിയായിരുന്നു കക്കാട്. ചെറുപ്പത്തില്‍ ചിത്രം വരക്കുന്നതിലും, യൗവ്വനത്തില്‍ ചെണ്ട കൊട്ടുന്നതിലും കമ്പമുണ്ടായി. വ്യക്തിഗതമായ ദുഃഖങ്ങളും ആകുലതകളും തന്റെ കവിതകളില്‍ നിഴല്‍ വിരിച്ചു. ‘ശിഷ്യനായ ഗുരുവും’ ‘സഫലമീ യാത്ര’യും പ്രത്യേകിച്ചും. തലേന്ന് ക്ലാസ്സില്‍ വരാതിരുന്ന പരമുവിനോട് അധ്യാപകന് ചോദിച്ചു. ‘എന്തേ നീ ഇന്നലെ ക്ലാസ്സില്‍ വരാതിരുന്നത്?’. ഭയവും ലജ്ജയും ദൈന്യവും ആത്മാഭിമാനവും അവനെ നിശബ്ദനാക്കി. ചോദ്യം വീണ്ടും ഉയര്‍ന്നപ്പോള്‍ നീറുന്ന മനസ്സോടെ നിറഞ്ഞ കണ്ണുകളോടെ ഗുരുമുഖത്ത് ഒരു മാത്രയര്‍പ്പിച്ച് അവന് പറഞ്ഞു. വിശപ്പിനാല്‍ ഇന്നലെ തലതിരിഞ്ഞ് വഴിക്ക് വീണുപോയി…… പരമുവിന്റെ ആ വാക്കുകള്‍ ഗുരുവിന്റെ ഉള്ള് നീറ്റി. ചൂരല്‍ താനേ താഴ്ന്നു. അവിടെ ഗുരു ശിഷ്യനായി, പണ്ട് താന്‍ നീന്തിക്കടന്ന ദുഃഖത്തിന്റെ സമുദ്രം കണ്മുന്നില് കാണുകയായി.
‘ഇരുള് ചൂഴ്ന്നിടുമോരോ മുറിയിലും
ദുരിതമെത്തി പതുങ്ങി നില്ക്കുന്നു-
ഭയാനകതയുടെ നേര് വര്‍ത്തമാനം പങ്കിട്ട കവിയാണ് കക്കാട്. ജലദപംക്തികള്‍ നീങ്ങിയ ആകാശമെന്നപോലെ മൂകമായ തന്റെ ബാല്യം സ്ഫുടമായി തെളിയുന്ന ഇമ്മാതിരി കവിതകള്‍ വേറെയുമുണ്ട്. പാതാളത്തിന്റെ മുഴക്കം, വിലാപത്തിന്റെ കവിതയെന്ന് പറയാം. നഷ്ടപ്പെടുന്ന നാട്ടുനന്മയാണ് ആ കവിത. ഇതള്‍ വിടര്‍ത്തുന്നതെങ്കില്‍ എഴുപതുകളില്‍ നാം കണ്ട കവിതകള്‍ പ്രത്യാശയുടെ പ്രത്യയശാസ്ത്രങ്ങളെ സമ്മതിക്കുന്നവയാണ്. ‘വജ്രകുണ്ഡലം’ നിലപാടുകള്‍ക്ക് പരമപ്രധാന്യം കൊടുക്കുന്നു. ‘വിനതാ ഗര്‍ഭം’ – വ്യര്‍ത്ഥബോധത്തില്‍ നിന്ന് തുടങ്ങിയ കക്കാടിന്റെ സഞ്ചാരം വഴിമാറുന്നതായി കാണുന്നു. ഈ വഴിമാറ്റം ഉല്‍ക്കടമായ മൂല്യാരാധനക്ക് വേണ്ടിയാണ്. വിനതാ ഗര്‍ഭത്തിലെ ബീജം പുനഃസൃഷ്ടിയുടെ കരുത്തായി പുറത്തു വരാനുള്ളതാണെന്ന പ്രഖ്യാപനമാണ്.
ബന്ധുരമായ ശാശ്വത ബാല്യത്തെ ധ്യാനിച്ചെഴുതിയ കവിതയാണ് ‘മങ്ങാത്ത മയില്‍പ്പീലി’. പീലിത്തിരുമുടിയും കോലക്കുഴല്‍വിളിയും തളയും വളയും കിങ്ങിണിയും മണിമാലയുമണിഞ്ഞ് ചേണാര്‍ന്ന് നടനം ചെയ്യാനെത്തുന്ന കോമള ബാലകനെ കക്കാട് ഉച്ചമയക്കനേരത്ത് നേരായി ദര്‍ശിക്കുകയാണ്. അപ്പോള്‍ പിറന്ന മങ്ങാത്ത മയില്‍പ്പീലിയില്‍
‘ഹന്ത തിമര്‍ക്കുകയാണെന്‍ മുന്നില്‍ ബന്ധുര ശാശ്വതബാല്യം’- തന്റെ നിര്‍വൃതികരമായ സ്വപ്നത്തിന് ഭംഗം വരുത്തുന്ന മുഹൂര്‍ത്തങ്ങളെ ശപിക്കാതിരിക്കാന്‍ കഴിയുന്നില്ല. നടുവണ്ണൂരിലെ വാല്‍ക്കണ്ണാടിപോലെ നിഷ്കളങ്കമായ അവിടനല്ലൂരിന്റെ മൂര്‍ദ്ധാവിലൂടെയാണ് കക്കാട് തന്റെ കാവ്യരഥം ഓടിച്ചു തുടങ്ങിയത്. അവിടെ ഗ്രാമീണ സൗഭാഗ്യങ്ങള്‍ നഗരത്തിനായി വഴിമാറുന്നത് കാണുമ്പോള്‍ ഉള്ള് പിടഞ്ഞു. ഓണവും വിഷുവും, ആതിരയും ഋതുക്കളില്‍ വന്ന് പോകുന്ന നിമിഷങ്ങളല്ല കവിക്കുള്ളത്.
‘കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം…’- എന്ന വായ്ത്താരി ഒരു ദുഃഖസ്മൃതിയായ് അവശേഷിക്കുന്നതില്‍ പിടയുന്ന ഗൃഹാതുരത വ്യക്തമായി കാണാം. ‘നന്ദി തിരുവോണമേ നന്ദി ‘ എന്ന കവിതയില്‍ തിരുവോണത്തിന് നന്ദി പറയുകയാണ്. തന്റെ നെടുദൈന്യങ്ങള്‍ക്കിടയിലും തിരുവോണമെത്തിയില്ലേ…? പൂമുഖത്തെ തുമ്പയിലും എന്റെ മനസ്സിലും വെളിച്ചം നിറയ്ക്കാന്‍ നീ വന്നുവല്ലോ… ആട്ടം കഴിഞ്ഞ കളിയരങ്ങത്ത് പടുതിരിയുടെ മണം പരക്കുന്ന കളിവിളക്കില്‍ ചിരിയായ് പടരുന്ന പ്രസന്നതയാണ് കവിയ്ക്ക് തിരുവോണം. ഇളവെയില് കുമ്പിളില്‍ തരിമഴ നിറച്ചും ഇടറുന്ന വഴികളില്‍ തുടുകഴല്‍ പൂക്കളം വിരിയിച്ചും പുതുവാഴക്കൂമ്പുപോല്‍ എത്തുന്ന തിരുവോണത്തിനോട് വരുന്ന വര്‍ഷവും നിഴലും വെളിച്ചവും കണ്ണീരും കിനാവുമൊക്കെയായി എത്താന്‍ പ്രാര്‍ത്ഥിക്കുന്ന സാധകനെ കവിതയില്‍ കാണാം. മലയാളത്തിന്റെ ലക്ഷണമൊത്ത അപൂര്‍വ്വം ദാമ്പത്യ കവിതകളില്‍ ഒന്നായി ‘സഫലമീ യാത്ര’ നിലകൊള്ളുന്നു. എത്രയോ മര്‍ത്യമാനസങ്ങളില്‍ നോവിന്റെ മുറിപ്പാടുകള്‍ തീര്‍ത്ത ഈ കവിത കാലങ്ങളെ അതിജീവിക്കുന്നു. നീണ്ട വഴികളില്‍ ഒരുമിച്ചു കൊഴുത്തചവര്‍പ്പു കുടിച്ചുവറ്റിച്ച കൂട്ടുകാരി പ്രേയസി എന്നപോലെ കവിതയെന്ന ജീവിതസഖിയുമാണ്.
‘കാലമിനിയുമുരുളും, വിഷുവരും
വര്‍ഷം വരും തിരുവോണം വരും പിന്നെ
യോരോ തളിരിനും പൂവരും കായ്വരും അപ്പോ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?’
ഇവിടെ അടര്‍ന്നു വീഴാന്‍ മടിയ്ക്കുന്ന കണ്ണീര്‍കണങ്ങളില്ല. താനൊരു ‘മൈനര്‍ പോയറ്റ്’ മാത്രമാണെന്ന് വിനയാന്വിതനായി പറഞ്ഞ കവിയാണ് കക്കാട്. ‘ഞാനിന്ന് രാവിലെയും തൊട്ടുനോക്കി, എന്റെ നട്ടെല്ലവിടെത്തന്നെയുണ്ട്.’ ഇത് നിശ്ചയദാര്‍ഢ്യത്തിന്റെ വാക്കുകളാണ്. എളിമയും കരുത്തും ഇടകലര്‍ന്ന ഈ ചേരുവയില്‍ കക്കാടിന്റെ സാരസ്വതമുദ്ര ശാശ്വതമായി പതിഞ്ഞിരിക്കുന്നു. മനുഷ്യ സ്നേഹം തുളുമ്പിനിന്ന കവിതകളില്‍ സമൂഹത്തിന് വന്നുചേര്‍ന്ന ദുരവസ്ഥകളിലെ നൈരാശ്യം നിഴലിക്കുന്നു. സഹതാപത്തിന്റെയും വികാരാര്‍ദ്രതയുടെയും കവിയാണ് കക്കാട്.
ഇടത്തരക്കാരന്റെ ധര്മ്മസങ്കടങ്ങളും ആധുനിക നാഗരികതയുടെ ശൂന്യതയും ആവിഷ്ക്കരിച്ച കക്കാട്, കവിതകളിലൂടെ മലയാളിയുടെ മനസ്സില്‍ നെയ്ത്തിരി നാളത്തിന്റെ വെളിച്ചം പകര്‍ന്ന ധന്യതയായാണ് കുടികൊള്ളുന്നത്. അറുപതുകളില്‍ കമ്മ്യൂണിസ്റ്റെന്നും എഴുപതുകളില്‍ വര്‍ഗ്ഗീയവാദിയെന്നും ആക്ഷേപിക്കപ്പെട്ട, എന്നാല്‍ ഒന്നിനും മറുവാക്കോതാതെ കവിതകളെ അനശ്വരമാക്കിയ ധീരത, അതാണ് കക്കാടെന്ന നന്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: