ഡോ. എസ്. വൈദ്യസുബ്രഹ്മണ്യം
വിസി, ശാസ്ത്ര കല്പിത സര്‍വ്വകലാശാല
മഹാകവി സുബ്രഹ്മണ്യഭാരതി ഒരിക്കല്‍ പാടി ”കാശിയില്നിന്നുയരുന്ന കാവ്യഗീതികള്‍ കാഞ്ചിയില്‍ കേള്‍പ്പിക്കാന്‍ നമ്മള് നൂതന സൂത്രം കണ്ടെത്തേണ്ടതുണ്ട്.”
ആ കാവ്യാത്മക വചനങ്ങളുടെ പ്രവചനാത്മക അന്തര്‍ധാര അക്കാലത്തു നാം തിരിച്ചറിഞ്ഞില്ല. എന്നാലിന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളും, മുഴുവന്‍ ഭാരതവും സാക്ഷിയായ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാശി-തമിഴ് സംഗമമെന്ന സാംസ്കാരികോത്സവം ഭാരതീയാര്‍ വചനങ്ങളുടെ യഥാര്‍ത്ഥ ആവിഷ്കാരമായി മാറി. തമിഴ് സന്ദര്‍ശകരും പ്രതിനിധികളും കാശി തമിഴ് സംഗമത്തിന്റെ വൈകാരികതയില്‍ നേരിട്ടു ബന്ധിക്കപ്പെട്ടിരുന്നുവെങ്കില്‍ അതിവിദൂര സ്ഥലങ്ങളിലെ പ്രേക്ഷകര്‍ ക്രമീകൃത വിവരസമാഹരണ വിതരണ യന്ത്രത്തിലെ വൈവിധ്യമാര്‍ന്ന വികാരാവിഷ്കാര സൂചകങ്ങളാല്‍ ആ സാംസ്കാരികോത്സവവുമായി കണ്ണിചേര്‍ക്കപ്പെട്ടു. ഭാരതീയാരുടെ വാക്കുകള്‍ സത്യമായതുപോലെ കാശിയുടെ ആധ്യാത്മിക സാംസ്കാരിക ദൃശ്യശ്രാവ്യങ്ങള് കാഞ്ചിയില്‍ മാത്രമല്ല ലോകം മുഴുവന്‍ പ്രസരണം ചെയ്യപ്പെടുകയുമുണ്ടായി. നൂതന വിവരസാങ്കേതികവിദ്യകള്‍ക്ക് നന്ദി!
രണ്ടുലക്ഷത്തിലധികം വരുന്ന സന്ദര്‍ശകരുടെ കാല്‍പ്പാടുകളും, ദശലക്ഷക്കണക്കിന് സംഖ്യാനുപാത സാങ്കേതിക പാദമുദ്രകളും, തമിഴ്നാട്ടില്‍നിന്ന് എണ്ണൂറും, കാശിയില്‍നിന്ന് അഞ്ഞൂറും കലാകാരന്മാരും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍നിന്നുള്ള, തമിഴ് എഴുപത്തിയഞ്ച്, കാശി നൂറ് എന്ന കണക്കിന് പ്രഗത്ഭരും, തമിഴ്നാട്, യുപി സംഘങ്ങളുടെ ക്രിക്കറ്റ്, ഹോക്കി, കബഡി, ഖൊ ഖൊ സൗഹൃദ മത്സരങ്ങളും, ജീവിതത്തിന്റെ വിവിധ വഴികളില്‍നിന്നുള്ള മുന്നൂറോളം മുഖ്യാതിഥികളുമായി കാശി-തമിഴ് സംഗമം കാശിയുടെയും തമിഴകത്തിന്റെയും സാംസ്കാരിക തലസ്ഥാനങ്ങളെ വൈവിധ്യമാര്‍ന്ന രൂപഭാവാദികളാല് സമ്പന്നമാക്കി.
ഇതിനുപുറമെ തമിഴ്നാട്ടില്‍നിന്നുള്ള കൈത്തറിയും, കരകൗശല വസ്തുക്കളും മറ്റു തുണിത്തരങ്ങളും സാഹിത്യവും പാചകരീതികളും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും എല്ലാമടങ്ങിയ സവിശേഷ പ്രദര്‍ശനം തമിഴ് കലാകാരന്മാരുടെ കഴിവു മാറ്റുരയ്ക്കുന്ന ഒരു വിപണനമേള കൂടിയായി മാറി. അവര്‍ കാശിവാസികളുടെ ഹൃദയം കവരുകയും, മൃദുലതകളെ ഇക്കിളിപ്പെടുത്തുകയും മാത്രമല്ല ഗുണമേന്മയേറിയ കരകൗശല മികവിനാല്‍ അവരുടെ മടിശ്ശീല കാലിയാക്കുകയും ചെയ്തു. പരമപ്രധാനമായി സംഗമത്തിനെത്തിയ സന്ദര്‍ശക പ്രതിനിധികളുടെ മനം കവര്‍ന്നത് കടുത്ത ശീതകാലമായിട്ടുപോലും സംഘാടകര്‍ ചൊരിഞ്ഞ ആതിഥേയത്വത്തിന്റെ ഊഷ്മളതയാണ്. സന്നദ്ധസേവകരായ ഒരു ചതുരംഗപ്പടയുടെ കവചമണിഞ്ഞ സംഘാടകര്‍ ഓരോ തമിഴ് സന്ദര്‍ശകനേയും കാശിയിലേക്കു വന്ന രാജാവെന്ന പോലെയാണ് സ്വീകരിച്ചാനയിച്ചത്. അതുകൊണ്ടുതന്നെയാണ് കാശിയാത്ര ഒരു തമിഴന്റെ ജീവിതകാലത്തവനു നേടാവുന്ന അനശ്വര മുഹൂര്‍ത്തത്തിന്റെ മകുടോദാഹരണവും സ്വപ്നസാക്ഷാല്ക്കാരവുമായത്.
പുരാതന കാലങ്ങളില്‍ കാല്‍നടയായും, പിന്നീട് കാളവണ്ടിയിലായും ഒക്കെ നടത്തിയിരുന്ന കശിയാത്ര മടങ്ങി വീട്ടിലെത്താന്‍ വര്‍ഷങ്ങളെടുക്കുമായിരുന്നു. അവരാത്മാര്ത്ഥമായി സഹിച്ച യാതനകളും, അതിനാല്‍തന്നെ അവര്‍ നേടിയിരുന്ന അനുഗ്രഹങ്ങളും നാട്ടുകാര്‍ക്കിടയില്‍ അവരെ വിശുദ്ധന്മാരും ആരാധ്യരുമാക്കിത്തീര്ത്തു. തമിഴ്നാട്ടില്‍നിന്നുള്ള ‘നാഗരത്തര്’ വിഭാഗം വഴിയിലൊരുക്കിയിരുന്ന സത്രങ്ങളും ഭക്ഷണശാലകളും അതികഠിനമായ ആ യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് രാത്രി തങ്ങാനും ഭക്ഷണത്തിനുമുള്ള കേന്ദ്രങ്ങളായി വര്‍ത്തിച്ചു. ഗതാഗതസൗകര്യം വര്‍ധിച്ചപ്പോള്‍ ആരംഭിച്ച ഗംഗാ-കാവേരി എക്സ്പ്രസ് തമിഴ്നാടിനെയും വാരണാസിയേയും ബന്ധിപ്പിക്കുന്ന യാത്രാസംവിധാനമായിത്തീര്ന്നു.
പിതൃബലിക്കായി കാശിക്കു പോയ മുത്തച്ഛനോടൊപ്പം, കുട്ടിയായിരുന്നപ്പോള്‍, ഈ വണ്ടിയില്‍ നടത്തിയ യാത്ര ഞാനോര്‍ക്കുന്നു. പണ്ടുകാലത്ത് ഒരു സാധാരണക്കാരന്റെ കാശിയാത്ര ടിക്കറ്റ് ബുക്കിങ്ങും താമസസ്ഥലം കണ്ടെത്തലും, കര്‍മ്മങ്ങള്‍ക്കായുള്ള ഒരുക്കങ്ങളും എല്ലാമായി ഒരെട്ടൊമ്പതു മാസം മുമ്പേതന്നെയുള്ള തയ്യാറെടുപ്പുകളോടെയായിരുന്നു. കാശിയിലെത്തുന്നതോടെ റെയില്‍വെസ്റ്റേഷനില്‍നിന്ന് സവാരിവണ്ടിക്കാരുമായി നടത്തുന്ന വാഗ്വാദത്തില്‍ തുടങ്ങി താമസസ്ഥലത്തിനായുള്ള കഠിനയത്നത്തിലും, ഗംഗാതീരത്തടിഞ്ഞുകൂടിയ ജനസഞ്ചയത്തിനിടയിലൂടെ തിങ്ങിഞെരുങ്ങിയുള്ള സ്നാനകര്മത്തിലും, ഇടുങ്ങിയ തെരുവിലൂടെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള തിക്കിലും തിരക്കിലുമായി അനുഭവിക്കുന്ന സംഘര്‍ഷം പക്ഷേ അനശ്വരതയിലേക്കുള്ള അപൂര്‍വ മുഹൂര്‍ത്തങ്ങളെന്ന നിലയില്‍ ഹര്ഷദായകങ്ങള്കൂടിയായിരുന്നു. എന്നാല്‍ കാശി-തമിഴ് സംഗമത്തിലെ പ്രതിനിധികളുടെ അനുഭവം തീര്‍ത്തും വ്യത്യസ്തമായി.
ആ പ്രതിനിധിസംഘത്തിലെ ഒരാളുടെ വാക്കുകളില്‍ പറഞ്ഞാല്‍- ”ഞങ്ങളെ ഏതോ രാജകുടുംബാംഗങ്ങളെന്നപോലെയാണ് സ്വീകരിച്ചു പരിചരിച്ചത്” എന്നാണ്. സുതാര്യവും സുഗമവുമായ പേരുചേര്ക്കലിലും ടിക്കറ്റെടുക്കലിലും തുടങ്ങി തമിഴ്നാട്ടിലെ രാമേശ്വരം, ത്രിശ്ശിനാപ്പള്ളി, കോവൈ, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ ആഘോഷപൂര്‍വമുള്ള യാത്രയയപ്പുകളും പ്രത്യേകം സംരക്ഷിക്കപ്പെട്ട ‘ചക്രത്തിനു മുകളിലെ കൊട്ടാരം’ എന്നു വിശേഷിക്കപ്പെടാവുന്ന ശയനശകടങ്ങളിലെ സുഖസമൃദ്ധ ഭക്ഷണ വിനോദങ്ങളടക്കമുള്ള ആഹഌദോത്സവം തന്നെയായിരുന്നു ആ യാത്ര. പ്രധാനപ്പെട്ട സ്റ്റേഷനുകളിലെല്ലാം പുഷ്പവൃഷ്ടിയോടുകൂടിയ സംഗീതസാന്ദ്രമായ സ്വീകരണങ്ങളായിരുന്നു പ്രതിനിധികള്‍ക്കു ലഭിച്ചത്.
വാരാണസിയില്‍ വണ്ടി ചെന്നുനിന്ന അര്‍ധരാത്രിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് നല്കിയ സ്വീകരണം മാത്രമല്ല; 2022 നവംബര്‍ 19 ന് ഉദ്ഘാടനസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് വ്യക്തിപരമായി ലഭിച്ച അഭിമുഖംകൂടിയായിരുന്നു വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കു ലഭിച്ച ഏറ്റവും അപൂര്‍വമായ സന്തോഷാതിരേകം. പന്ത്രണ്ട് വ്യത്യസ്ത സംഘങ്ങളായി തമിഴ്നാട്ടില്‍നിന്ന് കാശിയിലേക്കു പോയവര്‍ക്ക് ബൗദ്ധിക സംവാദങ്ങളും, ഗംഗാസ്നാനവും ഗംഗായാത്രയും ആരതിയും കാശി വിശ്വനാഥക്ഷേത്ര ഇടനാഴികളിലൂടെയും കാശി തെരുവിലൂടെയുമുള്ള നടത്തവും, സാരാനാഥ്, അയോധ്യ, പ്രയാഗ്രാജ് ത്രിവേണീ സംഗമം, പ്രാദേശിക കാഴ്ചബംഗ്ലാവ് എന്നിവിടങ്ങളിലുള്ള സന്ദര്‍ശനം, സാംസ്കാരിക സായാഹ്നങ്ങള്‍, നാട്ടുകാരുമായുള്ള ഇടപഴകല്‍ എന്നിങ്ങനെ തിരക്കാര്‍ന്ന ദിനങ്ങളായിരുന്നു മാസം മുഴുവന്‍.
പണ്ടുകാലത്ത് വളരെക്കുറച്ച് തീര്‍ത്ഥാടകരെ മാത്രമേ ഉള്ക്കൊള്ളാനാകുമായിരുന്നുള്ളൂ കാശിക്ക്. ശ്രീകോവിലിനുള്ളിലെ ദര്‍ശനം ഒരു ഞൊടിയിടകൊണ്ടു തീരുന്നതായിരുന്നു. എന്നാലിന്ന് 2021 ഡിസംബറില്‍ പ്രധാനമന്ത്രി മോദിജി ഉദ്ഘാടനം ചെയ്ത കാശിവിശ്വനാഥക്ഷേത്രം ഇടനാഴി ഓരോ ദിവസവും ലക്ഷക്കണക്കിനാളുകളുടെ പാദപതനത്തിനു സാക്ഷിയാവുന്നു. സന്ദര്‍ശകരായ പ്രതിനിധികളോരോരുത്തരും ലക്ഷങ്ങളിലൊരാളായല്ല, മറിച്ച് വിശ്വനാഥപ്രഭുവാല് അനുഗ്രഹിക്കപ്പെടാന്‍ ദേവസന്നിധിയില് പ്രത്യേകമായ ദൈവാനുഗ്രഹം ലഭിച്ച വിശിഷ്ട വ്യക്തിയാണ് താനെന്ന ബോധത്തോടെയാണ് ദര്‍ശനം നടത്തിയത്. ഓരോ സന്ദര്‍ശകനും, അപ്രതീക്ഷിതമായി വന്ന സംസ്ഥാനത്തിന്റെ അതിഥിയാണെന്ന മട്ടിലൊരുക്കി പ്രാവര്‍ത്തികമാക്കിയ സ്വീകരണ പരിചരണ പരിപാടികള്‍ അത്ര പൂര്‍ണതയില്‍ ഫലവത്തായിരുന്നു.
ഓരോ സന്ദര്‍ശകനും വ്യക്തിപരമായിത്തന്നെ തന്റെ അതിഥിയാണെന്ന പ്രധാനമന്ത്രിയുടെ സങ്കല്പത്തിന്റെ പ്രായോഗിക സഫലീകരണമായിരുന്നു ഓരോ സന്ദര്‍ശക പ്രതിനിധിയേയും സ്വീകരിച്ചു പരിചരിച്ച രീതി. തമിഴ്നാടിന്റെ സാംസ്കാരികൗന്നത്യം പകര്‍ന്നും പ്രദര്‍ശിപ്പിച്ചും മടങ്ങിയ സന്ദര്‍ശകരും പ്രതിനിധികളും സ്വേഛയില്നിന്നുണര്ന്ന ആത്മബന്ധമാണ് കാശിയില്‍ ബാക്കിയാക്കിപോയത്. വരുംതലമുറകള്‍ക്കു പകര്ന്നുനല്കാന് എന്നെന്നേക്കായും മുദ്രിതമായ സംഗമസ്മൃതികളുമായി. ചുരുക്കത്തില്‍ കാശി-തമിഴ് സംഗമം ഭാവിക്കുവേണ്ടി ഭൂതകാലത്തെ വര്‍ത്തമാനത്തോട് ബന്ധിക്കുന്ന മോദിജിയുടെ സാംസ്കാരിക ശക്തിപ്രവാഹമായിരുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: