‘ഓതിയോതി ഒരുമൊല്ലയായി, അത് പിന്നൊരു സൊല്ലയായി’. ഇതൊരു പഴഞ്ചൊല്ലാണ്. അങ്ങിനെ ഓതിക്കൊണ്ടാണ് അബ്ദുറഹ്്മാന് മന്ത്രിയായത്. അബ്ദുറഹ്മാന്റെ വാക്കിപ്പോള് സൊല്ലയായിട്ടും അയാള്‍ക്ക് ഒരു കുലുക്കവുമില്ല. പിന്നെ പറഞ്ഞകാര്യത്തില്‍ ഒരു ഖേദവും അങ്ങേര്‍ക്കില്ല. അതുകൊണ്ടുതന്നെ പറഞ്ഞകാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ‘പട്ടിണികിടക്കുന്നവന് കളികാണണ്ട’ എന്ന മന്ത്രിയുടെ വാക്ക് മലയാളികള്‍ ഏറ്റെടുത്തു. പട്ടിണികിടക്കാത്തവര് (?) വെറും അയ്യായിരം മാത്രം. അടിച്ചുവച്ച 24000 ടിക്കറ്റ് സുഖനിദ്രയില്‍. ശ്രീകാര്യത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഓസി പാസ്സില്‍ കയറിപ്പറ്റിയല്ലാതെ കാശുകൊടുത്തുകയറിയവര് നന്നേ ചുരുക്കം. സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകള്‍ സൃഷ്ടിച്ച വിള്ളല്‍ കണ്ട് ഞെട്ടിത്തരിക്കാത്തവരില്ല. മന്ത്രിയുടെ പ്രസ്താവന നഷ്ടമുണ്ടാക്കിയത് കെസിഎയ്ക്ക് മാത്രമല്ല, ബാലഗോപാലിന്റെ ഖജനാവിനു കൂടിയാണെന്നോര്ക്കുമ്പോഴാണ് കഷ്ടം എന്ന് പറയാന്‍ തോന്നുന്നത്.
കാലിയായ കസേരകളും ആളൊഴിഞ്ഞ സ്റ്റേഡിയവും കളിയെ ഒട്ടും ബാധിച്ചില്ലെന്ന് പറയാം. വിരാട് കോലിയും ശുഭമന് ഗില്ലും നിറഞ്ഞാടി. സിറാജ് നടത്തിയ ഉജ്ജ്വല പ്രകടനവും വിജയം ലളിതമാക്കി. 40000 ത്തോളം കളിക്കാരെ നിറക്കാനുള്ള സ്റ്റേഡിയത്തില്‍ അയ്യായിരത്തില്‍ താഴെ കളിക്കാരെ കാണേണ്ടിവന്ന നാണക്കേട് മാറിക്കിട്ടാന്‍ ഇനി എത്രകാലം പിടിക്കുമെന്നതിന് ഒരെത്തുംപിടിയുമില്ല. ‘ബോയ്കോട്ട് ക്രിക്കറ്റ്’ എന്ന സോഷ്യല്‍ മിഡിയ പ്രചാരണമാണ് കസേരകള്‍ കാലിയാക്കിയതെന്നാണ് കെസിഎയുടെ പരിഭവം. അതിന് കാരണക്കാരനാരെന്ന് പറയാനുള്ള ത്രാണിപോര. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിനത്തില്‍, കായിക പ്രേമികളുടെ ആത്മാഭിമാനത്തെ തന്നെയാണ് മന്ത്രി ചോദ്യം ചെയ്തത്. ഇന്ത്യയിലെ എണ്ണപ്പെട്ട കളിക്കാരെല്ലാം ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. 97 ലക്ഷം രൂപ മാത്രമാണ് ടിക്കറ്റ് വിറ്റ് കിട്ടിയത്. കാണികള്‍ കുറഞ്ഞതും ടിക്കറ്റ് വില്പനവഴി ലഭിച്ച ശേഷിച്ച തുകയും ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ എന്ന ഭീതിയാണ് പരക്കെ. കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ 5 ശതമാനം ഈടാക്കിയ നികുതി ഇപ്പോള്‍ 12 ശതമാനമാക്കിയതാണ് ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണം. അതാകട്ടെ മന്ത്രിയുടെ ലക്കില്ലാത്ത പ്രതികരണത്തിനും കാണികളുടെ പ്രകോപനത്തിനും വഴിവയ്ക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് ധനമന്ത്രിക്ക് മിണ്ടാട്ടമില്ല. മുഖ്യമന്ത്രിക്ക് തീരേ ഇല്ല. സ്പോര്‍ട്സ് മന്ത്രിയെ ന്യായീകരിച്ചുകൊണ്ടാണ് സിപിഎം സെക്രട്ടറിയുടെ പ്രസ്താവന എന്നതാണ് വിചിത്രം.
പട്ടിണിക്കാരന് ആയാലും സമ്പന്നന് ആയാലും കായികം മൗലിക അവകാശങ്ങളില്പ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ട ഗോവിന്ദന് പട്ടിണിക്കാര്‍ കളികാണേണ്ട എന്ന മന്ത്രിയുടെ പ്രസ്താവന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നുണ്ടായതെന്നാണ് പറഞ്ഞത്. വിവാദ പരാമര്‍ശത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് വി.അബ്ദുറഹിമാനെ സിപിഎം സെക്രട്ടറി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന കാണികള്‍ കുറയാന്‍ കാരണമായെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞതിനെ ചൂണ്ടിക്കാട്ടിയപ്പോള്‍ എം.വി.ഗോവിന്ദന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഏതെങ്കിലും ഒരു കാര്യം കൊണ്ടാണ് കാണികള്‍ കുറഞ്ഞതെന്ന് പറയുന്നത് ശരിയല്ല’.
പല കാരണങ്ങള്‍ ഉണ്ടാകാം. ഞങ്ങളത് വിശകലനം ചെയ്തിട്ടില്ല. പരിശോധിക്കപ്പെടേണ്ടതാണ്. ഏറ്റവും ഉജ്ജ്വലമായ കളിയാണ് ഇന്ത്യ അവിടെ കാഴ്ചവെച്ചത്. രാജ്യത്തിന്റെ എല്ലാഭാഗത്ത് നിന്നുള്ളവരും ആ കളി ചാനലുകളിലൂടെ കണ്ടിട്ടുണ്ട്. പട്ടിണിക്കാരനായാലും സമ്പന്നനായാലും കായിക മത്സരങ്ങള്‍ എന്നത് ഏറ്റവും പ്രധാനപ്പെട്ട മൗലിക അവകാശങ്ങളില്പ്പെട്ടത് തന്നെയാണ്. അതിന് സാമ്പത്തിക ഘടന മാത്രം തിരിച്ചുകൊണ്ട് അവതരിപ്പിക്കുന്നതല്ല ശരി. കുരുടന് ആനയെ കണ്ടെത്തിയപ്പോലെ ഓരോന്ന് പറഞ്ഞിട്ട് കാര്യമില്ല. മൊത്തം ആനയെ കാണണം. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായങ്ങള്‍ രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകാര്യത്ത് ആളില്ലാത്തതിന്റെ വിള്ളലാണ് വാര്‍ത്തയെങ്കില്‍ ശബരിമലയില്‍ മകരവിളക്ക് തള്ളലിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. പതിനായിരക്കണക്കിന് ഭക്തരാണ് ഒരാളുടെ തള്ളലില്‍ മനോവേദനയില്‍ കഴിയുന്നത്. രണ്ടുമൂന്നുവര്ഷത്തെ ഇടവേളയ്ക്കുശേഷം വന്നെത്തിയ തീര്‍ത്ഥാടനം ഭക്തരുടെ വന്‍തിരക്കാണ് സൃഷ്ടിച്ചത്. സാധാരണ പോലീസുകാര്‍ സ്നേഹപൂര്‍വ്വം തിരക്കൊഴിവാക്കാന്‍ പ്രയത്നിക്കുമ്പോഴാണ് ഒരു കശ്മലന്റെ മെയ്ക്കരുത്ത് കാട്ടല്. മകരജ്യോതിതെളിയുംനേരം ഭഗവാന്റെ മുന്നിലെത്തി തൊഴാന്‍ എത്തിയവരെ ശത്രുതയോടെന്നപോലെ പിടിച്ചുതള്ളുകയായിരുന്നു. അത് ടെലിവിഷനില്‍ കണ്ടവരെല്ലാം ഞെട്ടി.
തിരുവനന്തപുരം മണക്കാട് ദേവസ്വത്തിലെ അരുണ്‍കുമാറാണ് ഭക്തജനങ്ങളോട് ശൗര്യത്തോടെ പെരുമാറിയത്. ഇയാള്‍ എങ്ങിനെ ഇവിടെ എത്തി എന്നതാണ് സകലരേയും അത്ഭുതപ്പെടുത്തുന്നത്. ദേവസ്വം ബോര്‍ഡിലെ സിപിഎം അനുകൂലസംഘടനയായ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംഘടനയുടെ സെക്രട്ടറിയാണ് അരുണ്‍കുമാര്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശബരിമല തീര്‍ത്ഥാടനത്തെയും ആചാരങ്ങളെയും പാരമ്പര്യത്തേയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് സിപിഎം. സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ഒരു മണ്ഡലകാലം മുഴുവന്‍ അലങ്കോലപ്പെടുത്തിയതിനുശേഷം വന്ന തീര്‍ത്ഥാടനത്തിലെ ഈ കയ്യാങ്കളിയില്‍ കോടതിയും ഇടപെട്ടിരിക്കുകയാണ്. ശബരിമലയില്‍ ശ്രീകോവിലിന് മുന്നില്‍ തൊഴാന്‍ നിന്ന ഭക്തരെ ദേവസ്വം ഗാര്‍ഡ് പിടിച്ചുതള്ളിയ സംഭവത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് രൂക്ഷമായാണ് വിമര്‍ശിച്ചത്. ഭക്തരെ പിടിച്ചുതള്ളാന്‍ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണ വിധേയന് എങ്ങനെ കഴിഞ്ഞെന്ന് ചോദിച്ച കോടതി മറ്റുപലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നുംപറഞ്ഞു. സംഭവം നീതീകരിക്കാനാകാത്തതാണെന്നും ആരോപണ വിധേയന് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്നും കോടതി ആരാഞ്ഞത് ശ്രദ്ധേയമാണ്.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഭാഗമായാണ് ഗാര്‍ഡിനെ നിയമിച്ചിരുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ശബരിമലയില്‍ ഇത്തരം സംഭവം അനുവദിക്കാനാകില്ലെന്നും സ്പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു നടപടി വേണമെന്ന് വിലയിരുത്തിയ കോടതി ആരോപണ വിധേയനായ ദേവസ്വം ഗാര്‍ഡിനെ ഹര്‍ജിയില്‍ സ്വമേധയാ കക്ഷിചേര്‍ത്തു. മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തരെത്തുന്നതെന്നും ദര്‍ശനം നടത്തുന്നതിനു പോലും അനുവദിക്കാത്തതരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും ഡിവിഷന് ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: