മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ കണ്ണുവെട്ടിച്ച് 47 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ എക്സ് റേ പരിശോധനയിലൂടെ പൊലീസ് കണ്ടെത്തി. മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീര്‍ (26) ആണ് പിടിയിലായത്. മിശ്രിത രൂപത്തില്‍ 24 കാരറ്റുള്ള 854 ഗ്രാം സ്വര്‍ണ്ണമാണ് വയറ്റിനുള്ളില്‍ ക്യാപ്സൂള്‍ രൂപത്തില്‍ ഉണ്ടായിരുന്നത്.
ഞായറാഴ്ച വൈകുന്നേരം 6.42ന് ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ജംഷീര്‍ കരിപ്പൂരിലെത്തിയത്. നേരത്തെ കസ്റ്റംസ് പരിശോധനകള്‍ അനായാസം പാസായ ജംഷീര്‍ എയര്‍പോര്‍ട്ടിന് വെളിയിലുമെത്തി. അപ്പോളാണ് കേരള പൊലീസ് എത്തുന്നത്. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജംഷീറിനെ കസ്റ്റഡിയിലെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന നാലാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
മിശ്രിത രൂപത്തില്‍ മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം ജംഷീര്‍ നിഷേധിച്ചു. പിന്നീട് ലഗേജ് ബോക്സുകള്‍ തുറന്ന് വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ എക്സ് റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് ക്യാപ്സൂളുകള് ദൃശ്യമായത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ആഭ്യന്തരവിപണിയില്‍ 47 ലക്ഷം രൂപ വില വരും. പിടിച്ചെടുത്ത സ്വര്‍ണ്ണം കേരളാ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.
ജംഷീറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: