തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ മീറ്റിന്റെ അവസാന ദിനം ട്രാക്കില്‍ ആവേശമായി 200 മീറ്റര്‍ മത്സരങ്ങള്‍. നാല് സ്വര്‍ണവും മൂന്ന് വെള്ളിയുമായി പാലക്കാടന്‍ മേധാവിത്വമായിന്നു. ഒരു സ്വര്‍ണവും വെങ്കലവുമായി ആലപ്പുഴയാണ് രണ്ടാമത്. തൃശൂര്‍ ഒരു സ്വര്‍ണം സ്വന്തമാക്കി.
സബ്ജൂനിയര് വിഭാഗത്തില്‍ പാലക്കാട് കുമ്മനംപുത്തൂര് കെഎച്ച്എസിലെ എം.ഡി. മജ്ഹാര്‍ (24.83 സെക്കന്‍ഡ്) ഒന്നാമതായി ഫിനിഷ് ചെയ്തു. പാലക്കാട് കുമ്മനംപുത്തൂരിന്റെ തന്നെ ജാഹിര്‍ ഖാന് (24.88 സെക്കന്‍ഡ്) വെള്ളിയും ഇടുക്കി കാല്‍വറിമൗണ്ട് സിഎച്ച്എസിലെ ഡോണ്‍ ലാലു (25.30) വെങ്കലവും സ്വന്തമാക്കി.
സബ്ജൂനിയര് പെണ്‍കുട്ടികളില്‍ പാലക്ക്ട് കൊടുവായൂര്‍ ഗവണ്മെന്റ് എച്ച്എസ്എസിലെ നിവേദ്യ കലാധര്‍ 28.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ നേട്ടം മൂന്നായി ഉയര്‍ത്തി. 600, 400 മീറ്ററുകളില്‍ നിവേദ്യയ്ക്കായിരുന്നു സ്വര്‍ണം. 28.59 സെക്കന്‍ഡില്‍ ഓടിയെത്തിയ കണ്ണൂര്‍ തലശേരി സായിയിലെ ഇവാന ടോമി വെള്ളിയും കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫ് സ്കൂളിലെ സൂസന് മേരി കുര്യാക്കോസ് (28.67 സെക്കന്‍ഡ്) വെങ്കലവും സ്വന്തമാക്കി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂര്‍ കാഡിയന് സിറയന്‍ എച്ച്എസ്എസിലെ വിജയ് കൃഷ്ണ 23.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കി. 110 മീറ്റര്‍ ഹര്‍ഡില്‍സിലും വിജയ് സ്വര്‍ണം നേടിയിരുന്നു. പാലക്കാട് പറളി എച്ച് എസിലെ ആദര്‍ശ് കെ.ബി. വെള്ളിയും എറണാകുളം മാര്‍ബേസില്‍ എച്ച്എസ്എസിലെ ജാസിം ജെ റെസാഖ് വെങ്കലവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് പറളി എച്ച്എസിലെ ജ്യോതിക എം 25.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. 400 മീറ്ററില്‍ സ്വര്‍ണവും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയും സ്വന്തമാക്കി മീറ്റിലെ മേഡല്‍ നേട്ടം മൂന്നായി ഉയര്‍ത്തി. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസിലെ ശാരിക സുനില്‍ കുമാര്‍ (26.23 സെക്കന്‍ഡ്) വെള്ളിയും ആലപ്പുഴ ഗവണ്മെന്റ് ജിഎച്ച്എസ്എസിലെ അഭിരാമി പി.വി. (26.28) വെങ്കലം സ്വന്തമാക്കി.
സീനിയര്‍ ആണ്‍കുട്ടികളില്‍ ആലപ്പുഴ ലിയോ 13 എച്ച്എസ്എസിലെ ആഷ്ലിന് അലക്സാണ്ടര്‍ 22 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തു. മലപ്പുറം കടയ്ക്കാശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ മുഹമ്മദ് ഷാന്‍.പി. (22.14 സെക്കന്‍ഡ്) വെള്ളിയും. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ അനുരാഗ് സി.വി (22.24 സെക്കന്‍ഡ്) വെങ്കലം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ മൂന്നാം ദിനം നടന്ന 100 മീറ്ററിന്റെ തനിയാവര്‍ത്തനമായിരുന്നു. പാലക്കാടിന്റെ മേഘ.എസ് 25.25 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ട്രാക്കില്‍ ഇക്കുറി തനിക്ക് എതിരാളികളില്ലെന്ന് തെളിയിച്ചു. പാലക്കാട് പറളി എച്ച്എസിലെ നേഹ.വി. 25.61 സെക്കന്‍ഡ് വെള്ളിയും മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ അനുഗ്രഹ സി 26.24 സെക്കന്റില്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: