മൂന്നുനാള്‍…. ഞങ്ങള്‍ മൂന്നുപേര്‍.. വാരാണസിയിലേക്കുള്ള സംഘടനായാത്രക്കിടയില്‍ വഴിയിലിറങ്ങി. മിര്‍ജാപൂര്‍ റയില്‍വേ സ്റ്റേഷനില്‍… മഹാമല്‍പൂരെന്ന ഗ്രാമത്തിലേക്ക്.. വാരാണസിയിലെ മഹാതീര്‍ത്ഥം കാണും മുന്‍പ് മഹാമല്‍പുരിയെന്ന ഗ്രാമതീര്‍ത്ഥത്തിലേക്ക്…
ഇവിടെ ജകിയയുടെ വീട്ടുമുറ്റത്തുണ്ട് കാശി വിശ്വനാഥന്! നിലംപറ്റി വീണ പുല്ക്കുടിലിന് മുന്നില്‍ പാതി പട്ടിട്ടും ആറ്റുനോറ്റ് വളര്‍ത്തിയെടുത്ത ആല്മരച്ചുവട്ടില് കുങ്കുമം ചാര്‍ത്തിയ ത്രിശൂലം… ലോകം മഹാദേവനെക്കാണാന്‍ വാരാണസിയിലേക്ക് ഒഴുകുന്ന കാലത്താണ് എണ്‍പത് കിലോമീറ്ററിനിപ്പുറം ഈ കുടിലിനുമുന്നില് ഉടയതമ്പുരാന് ഇങ്ങനെ കുടിയിരിക്കുന്നത്… വാരണാസിയിലേക്ക് ജകിയ പോയിട്ടില്ല, ജകിയ മാത്രമല്ല മഹാമല്‍പുരിയിലെ ഭൂരിപക്ഷം ആളുകളും പോയിട്ടില്ല. കൃഷി ചെയ്തും കാലിമേച്ചും പട്ടിണിമാറ്റാന്‍ പണിയെടുക്കുന്ന അവര്‍ക്കിടയിലേക്ക് പക്ഷേ വാരാണസീപുരേശന് വന്നു. ഓരോ വീട്ടിലും ത്രിശൂലമായും കുങ്കുമം ചാര്‍ത്തിയ ബിംബമായും അവര്‍ ദേവദേവനെ കുടിയിരുത്തി. ഗംഗാമാതാവ് വാരാണസിയിലെന്ന പോലെ മഹാമല്‍പുരിയിലും ഒഴുകി.. കാടും നാടും അറിഞ്ഞ് ഇന്നാട്ടിലും സംന്യാസിമാര്‍ തപമിരിക്കുന്നു….
ജകിയയും ഭാര്യ ഗീതയും ഇപ്പോള്‍ നിലംപറ്റുമെന്ന മട്ടിലുള്ള കുടിലും പാതിയില്ലാതെപോയ ആല്‍ച്ചുവട്ടിലെ ത്രിശൂലവുമൊക്കെയായി മഹാമല്‍പുരി ഒരു ദര്‍ശനം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മിര്‍ജാപൂര്‍ ജില്ലയിലെ രണ്ട് ചെറുഗ്രാമങ്ങള്‍ ഒത്തുചേരുന്ന ഇമ്മിണി വലിയ ഗ്രാമമാണ് മഹാമല്‍പൂര്‍. യോഗി സര്‍ക്കാര്‍ ഗംഗാനദിക്കു മീതെ തീര്‍ത്ത ഝൂരിബിന്ദ് പാലം കടന്നാല്‍ വിശാലമായ പാടശേഖരങ്ങള്‍. ഇരുപുറവും ബദൗലിയും ബറൈനിയും.
നെല്ലും തിനയും നിറഞ്ഞ പാടങ്ങള്‍ക്കിടയില്‍ അവിടവിടെയായി മാവിന്‍തോപ്പുകള്‍. പറ്റംപറ്റമായി ആട്ടിന്കൂട്ടങ്ങളുമായി നീങ്ങുന്ന ഇടയര്‍. പുല്ലുമേഞ്ഞ ചെറിയ വീടുകള്‍. ഇടുങ്ങിയ വഴികള്‍. ഗംഗയുടെ കൈവഴികളില്‍ വള്ളമൂന്നുന്നവര്‍, ചൂണ്ട നീട്ടി നദിയിറമ്പില്‍ വെള്ളത്തിലേക്ക് കണ്ണുനട്ടിരിക്കുന്നവര്‍. അതിനിടയില്‍ രാംശങ്കര്‍ ശര്‍മ്മയുടെ ദ്വാരികാപ്രസാദ് മെമ്മോറിയല്‍ വിദ്യാലയം.
മഹാമല്‍പുരിയുടെ സ്പന്ദനമാണ് രാമുജിയെന്ന് ഗ്രാമീണര്‍ വിളിക്കുന്ന രാംശങ്കര്‍ ശര്‍മ്മ. ഗ്രാമത്തിലെ ഓരോരുത്തരെയും പേരെടുത്ത് വിളിക്കാന്‍ പരിചയമുള്ളയാള്‍. പതിറ്റാണ്ടുകളായിത്തുടരുന്ന സങ്കീര്‍ണമായ ജാതിക്കുരുക്കുകളില്‍ തീര്‍ത്ത കോളനികളിലേക്ക് ‘ക്യാ ഹാല് ഹേ ഭായ്’ എന്ന ചോദ്യത്തോടെ കടന്നുചെല്ലുന്നയാള്‍. രാമുജിയാണ് ജകിയയുടെ വീട്ടിലേക്കും വഴികാട്ടിയത്. ജാതിയില്‍ ചാമറായ ജകിയയുടെ കൂരയിലേക്ക് മറ്റുള്ളവര്‍ വരില്ല. ഒപ്പമിരിക്കില്ല.
അങ്ങനെയാണ് മഹാമല്‍പുരിയുടെ ജീവിതം. ഓരോ ജാതിക്കും ഓരോ പ്രദേശങ്ങള്‍. ഭൂമിഹാര്‍ ബ്രാഹ്മണര്‍, പട്ടേല്‍, യാദവ് വിഭാഗങ്ങള്‍, പിന്നാക്കത്തില്‍ പിന്നാക്കമായ ബിന്ദുകള്‍, ഭീലുകള്‍, കേവട് വിഭാഗക്കാര്‍, ചാമറുകള്‍, മീന്‍ പിടിച്ച് ജീവിതം കഴിയുന്ന മല്ല വിഭാഗക്കാര്‍…. മനുഷ്യന് പരസ്പരം കയറാത്ത ഈ കൂരകളിലേക്കാണ് വാരാണസീപുരേശന് ത്രിശൂലമായും ശിവലിംഗമായും പവിത്രഗംഗയായും കുങ്കുമധൂളികളായും കടന്നിരിപ്പായത്. കാലമെത്രയോ ആയി രാഷ്ട്രീയ കുബുദ്ധികള്‍ ജാതിക്കുള്ളില്‍ തളച്ചിട്ട ഈ ഗ്രാമജീവിതത്തിന്റെ വഴിത്താരകളിലും മാറ്റത്തിന്റെ വെളിച്ചമെത്തുന്നു. ആരും കടന്നുചെല്ലാത്ത ജകിയയുടെ വീട്ടുമുറ്റത്ത് കയറില്‍ വരിഞ്ഞ കട്ടിലില്‍ രാമുജി ഇരുന്നു. ജകിയയെയും ഭാര്യ ഗീതയെയും പരിചയപ്പെടുത്തി. ചേര്‍ത്തുനിര്‍ത്തി ചിത്രമെടുത്തു. ഉപേക്ഷിച്ചുപോയ മക്കളെക്കുറിച്ച് തിരക്കി. ജീവിതത്തില്‍ ഇങ്ങനെയുമുണ്ടെന്ന് കരുതല്‍ കൊണ്ട് അവരെ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ചുമതലയില്‍ ഗ്രാമവികാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന രാമുജിക്ക് ഇത്തരം യാത്രകള്‍ ശീലമാണ്. ഇതാണ് സംഘജീവിതം എന്ന നെഞ്ച് തൊടുന്ന അനുഭവം.
മേരാ ഗാവ് മേരാ തീര്‍ത്ഥ്, രാമുജിയുടെയും കൂട്ടരുടെയും സങ്കല്പമാണ്. തിരംഗ മഹോത്സവത്തിന്റെ നാളുകളില്‍ ഹര് ഘര്‍ തിരംഗയ്ക്കൊപ്പം ഹര് ഘര്‍ ഗായ് എന്ന ഗ്രാമവികസന മന്ത്രവും അവരുയര്‍ത്തി. കൃഷിയും ഗോസേവയുമായി ഒരു നാട് സമൃദ്ധജീവിതത്തിലേക്ക് ഉയരുന്ന ദൃശ്യമാണ് മഹാമല്‍പുരിയുടേത്. സമൃദ്ധിക്ക് ആധാരം സംതൃപ്തി എന്നതാണ് ഈ ഗ്രാമത്തെ നയിക്കുന്നത്. പുറംകാഴ്ചകളില്‍ വികസനം ദൂരെയെന്ന് തോന്നിക്കുമെങ്കിലും വിയര്‍പ്പൊഴുക്കി ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ ആനന്ദം ഇവിടെ ഓരോരുത്തരിലും കാണാം..
വിന്ധ്യാചലഭൂമിയിലെ യാത്രയിലാണ് ഝൂരിബിന്ദിനെ കേള്‍ക്കുന്നത്. അഭിമാനിക്കാനൊന്നുമില്ലാത്തവരെന്ന് ഉയര്‍ന്ന ജാതിക്കാര്‍ പുച്ഛിച്ചിരുന്ന ബിന്ദുകള്‍ക്ക് മോദിസര്‍ക്കാര്‍ നല്കിയ വീരപുരുഷന്. ബിന്ദുകളുടെ തനിമയാര്‍ന്ന നാടന്‍ വീരഗാഥകളില്‍നിന്ന് ധര്‍മ്മത്തിനും കുലത്തിനും വേണ്ടി പൊരുതിയ ഝൂരിയെ കണ്ടെടുത്തു. ഇതുവരെ പാടാത്ത പാട്ടുകള്‍ ഇനി ഉറക്കെ പാടൂ എന്ന് അവരോട് പറഞ്ഞു. ഗംഗയ്ക്കുമുകളില്‍ മഹാമല്‍പുരിക്കാര്‍ക്ക് വാരാണസിയിലേക്കുള്ള വിശാല പാത തുറന്ന് ഝൂരിബിന്ദ് പാലം… ചരിത്രമിങ്ങനെയാണ് കാലത്തെ അതിജീവിക്കുന്നതെന്ന ഓര്‍മ്മപ്പെടുത്തല്‍.
വിന്ധ്യശൈലത്തിന്റെ താഴ്വരയിലാണ് മഹാമല്‍പുരി. അഷ്ടഭുജദേവി വാഴുന്ന വിന്ധ്യാധാം രാജ്യത്തെ എല്ലാ തീര്‍ത്ഥാടനകേന്ദ്രങ്ങളെയും പോലെ പുനരുത്ഥാനത്തിന്റെ പാതയിലാണ്.. എല്ലാ വഴികളും നവീകരിക്കുന്നു. നമ്മുടെ ചെമ്പരത്തി അവര്‍ക്ക് ദേവീപുഷ്പമാണ്. അഷ്ടഭുജദേവിക്കായുള്ള അര്‍ച്ചനാപുഷ്പം. ഓരോ വീട്ടിലെയും പൂജാമുറിയില്‍ അതുണ്ട്. വിന്ധ്യാധാമിന്റെ പടിക്കെട്ടില്‍ ചെമ്പരത്തിമാലകള്‍ വില്‍ക്കുന്ന ധാരാളം പേര്. ചെമ്പരത്തിപ്പൂവിന് ഇത്ര സൗന്ദര്യം മുമ്പൊരിക്കലും തോന്നിയിട്ടില്ല.
ഇവിടെ കാടിനുള്ളില്‍ രാമനും ജാനകിക്കുമൊപ്പമൊരു സംന്യാസിയുണ്ട്. രാംജാനകി മന്ദിര്‍ എന്ന ഒരു ക്ഷേത്രവും പൂജയുമായി കഴിയുന്ന സ്വാമിജി. പേര് ആര്‍ക്കുമറിയില്ല. ആരും ചോദിച്ചിട്ടില്ല, ചോദിച്ചവരോട് പറഞ്ഞിട്ടുമില്ല. പ്രകൃതം കൊണ്ട് നാട്ടുകാര്‍ ദുര്വാസാ ഋഷി എന്ന് അടക്കം പറയും.
ഗദൗലിയുടെ കവാടത്തിലാണ് ശ്രീജഗദാനന്ദപരമഹംസ ആശ്രമം. ഗംഗയുടെ തീരത്ത് വിശാലമായ പ്രദേശത്ത് ധ്യാനമണ്ഡപവും സ്വാമിജിയുടെ സമാധിപീഠവുമൊക്കെയായി ശാന്തമായ അന്തരീക്ഷം. ആശ്രമകവാടം കടന്നാല്‍ പ്രധാനമന്ദിരത്തിലേക്കുള്ള വഴിയുടെ ഇരുവശവും തണല്‍നീര്‍ത്തി നില്‍ക്കുന്നത് നമ്മുടെ പ്ലാവുകളാണ്. കേരളത്തില്‍ നിന്നുകൊണ്ടുവന്ന അഞ്ഞൂറിലധികം പ്ലാവിന് തൈകള്‍ പരിപാലിച്ചുവളര്‍ത്തിയതാണിത്.
സന്ധ്യ മയങ്ങിയപ്പോഴാണ് മഹന്ത് ശിവാലയുടെ ആശ്രമത്തിലെത്തിയത്. അവിടെ അദ്ദേഹം ഏകാന്തവാസത്തിലെന്ന പോലെ. ഒന്നോ രണ്ടോ സഹായികള്‍. ഗംഗയുടെ തീരങ്ങളിലെ കൈയേറ്റവും അതിനെതിരായ ചെറുത്തുനില്‍പ്പുമൊക്കെയായി മഹന്തിന്റെ ജീവിതം.
മഹന്തിന്റെ ക്ഷേത്രപരിപാലനം നടത്തുന്നതിലൊരുവന്‍ സാളഗ്രാമമാണ്. ചെറുപ്പത്തിലേറ്റ പരിക്കില്‍ ഒരു കാലിന് സ്വാധീനം നഷ്ടപ്പെട്ട സാളഗ്രാമം. ആ രാത്രിയില്‍ സാളഗ്രാമത്തിന്റെ ചെറിയ കുടിലിന് മുന്നില്‍ അരണ്ട വെളിച്ചത്തിലിരുന്ന് വെള്ളം കുടിച്ച്, ശര്‍ക്കരത്തുണ്ട് നുണഞ്ഞ് കുറേ നേരം കുശലം പറഞ്ഞ്…
ഇവിടെ ഏതുവീടും അതിഥികളെ വരവേല്‍ക്കുന്നത് ഇങ്ങനെയാണ്. കുടിക്കാന്‍ ഒരു പാത്രം വെള്ളവും രുചിക്കാന്‍ അല്പം മധുരവും. ജാതിയും കുലവുമില്ലാത്ത ആചാരം. രാമുജിക്കൊപ്പം പ്രയാഗ് രാജിലെ ആസാദ് പാര്‍ക്കും ത്രിവേണീസംഗമവും ആനന്ദ്ഭവനും കണ്ടുമടങ്ങുമ്പോഴാണ് മഹാമല്‍ പുരിയിലേക്കുള്ള നഗരകവാടത്തില്‍ പരവതാനികള്‍ തുന്നുന്നവരെ കണ്ടത്. ഇംഗ്ലണ്ടിലേക്കും അമേരിക്കയിലേക്കുമൊക്കെ ഓര്‍ഡര്‍ അനുസരിച്ച് പലതരം പരവതാനികള്‍ നിര്‍മിച്ച് കയറ്റി അയയ്ക്കുന്നവര്‍. മിര്‍ജാപൂര്‍ ജില്ല പരവതാനികളുടെ ജില്ല എന്ന നിലയില്‍ വിഖ്യാതമാണ്. രാംലാലും കമാല്‍ബിന്ദും ചേര്‍ന്ന് സ്വന്തം വീട്ടില്‍ നടത്തുന്ന പരവതാനി നിര്‍മ്മാണ യൂണിറ്റ് കണ്ടു.
കുടില്‍ വ്യവസായം എന്ന നിലയില്‍ വലിയ വരുമാനം തന്നിരുന്നതാണ് ഈ കരകൗശലവിപണിയെന്ന് അവര്‍ പറഞ്ഞു. പതിനഞ്ച് സൂചികളടങ്ങുന്ന പഞ്ച എന്ന കൈപ്പത്തിയിലൊതുങ്ങുന്ന ഉപകരണമാണ് പണിയായുധം. ഓരോ ഇഴയും അതിലൂടെയാണ് തുന്നിയെടുക്കുക. ചണം നൂല്‍ക്കാനും ഇഴ പിരിക്കാനുമടക്കം വീട്ടിലുള്ളവരെല്ലാം കൂടും. കുട്ടികളും മുതിര്‍ന്നവരുമെല്ലാം. അതിനൊക്കെ പുറത്തുനിന്നാളെ കൂലിക്ക് വച്ചാല്‍ വ്യവസായം നടക്കില്ല. നമ്മുടെ വീട്, നമ്മുടെ അന്നം… പക്ഷേ അവിടെയും സമരക്കൊടിയുമായി കമ്മ്യൂണിസ്റ്റുകള്‍ എത്തി എന്നതാണ് കൗതുകം. സമരം തിന്ന് ജീവിക്കുന്ന ഒരു കൂട്ടര്… ബാലവേലയാണത്രെ… കേസായി, കൊടിപിടിത്തമായി.. ബാലവേലനിരോധിക്കല്‍ നിയമപ്രകാരം കുട്ടികളെ വിലക്കി. എന്നാലും പുറത്തുനിന്നുള്ള ഓര്‍ഡറിന് ഇന്നും വലിയ കുറവൊന്നുമില്ല.
മൂന്ന് ദിനരാത്രങ്ങള്‍, കുലം ചോദിച്ചില്ല, ജാതി ചോദിച്ചില്ല… രാമുജിയുടെ വീട് ഞങ്ങള്‍ക്ക് സ്വന്തം വീടായി. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഞങ്ങള്‍ക്കും സുഹൃത്തുക്കളായി. രാത്രി ഭക്ഷണത്തിനുശേഷം രാമുജിയുടെ അമ്മ പാടിയ ഭജന, മകള്‍ ഞങ്ങള്‍ക്കായി വരച്ച ചിത്രങ്ങള്‍. സാക്ഷാല്‍ കാശിയിലേക്ക് പുറപ്പെടും മുമ്പ് അദ്ദേഹത്തിന്റെ സഹോദരി നെറ്റിയില്‍ നീട്ടിവരച്ച ഗോപിക്കുറികള്‍. അനുഭവത്തില്‍ മഹാദേവനെ കുടിയിരുത്തിയ മറ്റൊരു വാരാണസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: