വി.കെ. ആദര്‍ശ്
എന്താണ് ഡിജിറ്റല്‍ കറന്‍സി? കേന്ദ്ര ബാങ്കിന്റെ, അതായത് ഭാരതീയ റിസര്‍വ് ബാങ്കിന്റെ പിന്തുണയേടുകൂടി പുറത്തിറക്കുന്ന ഡിജിറ്റല്‍ പണമൂല്യമാണ് ഇ റുപ്പീ അഥവാ സിബിഡിസി. ഈ സാമ്പത്തിക വര്‍ഷം തന്നെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍ബിഐ ബന്ധപ്പെട്ട സംവിധാനങ്ങള്‍ ചിട്ടപ്പെടുത്തി തുടങ്ങിയിരുന്നു. പ്രാരംഭ ദശയിലെ പരീക്ഷണ ഇടപാടുകളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. രണ്ടു തരം ഡിജിറ്റല്‍ കറന്‍സി ഇറക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിട്ടുള്ളത്. ഒന്ന് വലിയ ഇടപാടുകള്‍ക്കുള്ള ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സിയും രണ്ട്, സാധാരണ വിനിമയത്തിനുള്ള റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സിയും.
ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സി
വന്‍കിട ഇടപാടുകള്‍ക്കും വന്‍കിട വ്യാപാരങ്ങള്‍ സംബന്ധിച്ചുള്ള പണമിടപാടുകള്‍ക്കുമാണ് ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സി. ഇത് ചെറു മൂല്യങ്ങളില്‍ ഉള്ളവ ആയിരിക്കില്ല. ബോണ്ട് മാര്‍ക്കറ്റ് പോലുള്ള ലക്ഷക്കണക്കിന് കോടി രൂപയുടെ ഇടപാടുകള്‍ പോലുള്ളവ ആയിരിക്കും. അതായത് സര്‍ക്കാരുകള്‍ തമ്മില്‍, സര്‍ക്കാര്‍ ബിസിനസും, ബിസിനസുകളും തമ്മിലുമുള്ള ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്ക്.
റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി
വ്യക്തിഗത ഇടപാടുകാര്‍ക്ക് വേണ്ടിയുള്ളതാണ് റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി. വ്യക്തികള്‍ തമ്മില്‍ കൈമാറുന്നതോ ഒരു വ്യക്തിയില്‍ നിന്ന് കടകളില്‍ കൊടുക്കുന്നതോ ആയ പണമിടപാടാണ് റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി. ഇതിനാണ് കൂടുതല്‍ ഊന്നല്‍ വരും കാലം സംഭവിക്കാന്‍ പോകുന്നത്. നിയമപരമായ പിന്തുണയും മൂല്യത്തിന്റെ ആര്‍ബിഐ ഗ്യാരണ്ടിയും ഉള്ളതിനാല്‍ ലോഹനാണയത്തുട്ടുകള്‍ പോലെയോ കടലാസ് കറന്‍സി പോലെയോ ഉപയോഗിക്കാം.
എന്തിനാണ് ഡിജിറ്റല്‍ കറന്‍സി?
നിലവില്‍ നമ്മള് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് തുല്യമായ നാണയമോ കടലാസ് കറന്‍സിയോ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുന്നതോടെ നമ്മള് കൈമാറുന്ന തുകയ്ക്ക് തുല്യമായ പേപ്പര്‍ കറന്‍സിയോ നാണയ തുട്ടുകളോ ഒരു സ്ഥപനങ്ങളിലും ഉണ്ടായിരിക്കുന്നതല്ല. പകരം ടോക്കണ്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ ആയിരിക്കും ഇനി ഉണ്ടാവുക. അതേ സമയം ഇതുവരെ ഉപയോഗിച്ചു വന്ന എല്ലാ സൗകര്യങ്ങളും ഇ റുപ്പിക്കും ഉണ്ട് എന്ന സൗകര്യവും ഉണ്ട്. ഇതുവരെ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ യുപിഐ, ഐഎംപിഎസ് പോലുള്ള ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യങ്ങളാണ് നമ്മള് പണം നിക്ഷേപിച്ചിരുന്ന ബാങ്കുകള്‍ ഒരുക്കി തന്നിരുന്നത്. എന്നാല്‍ ഇനി ഡിജിറ്റല്‍ പണമിടപാടുകള്‍ ആര്‍ബിഐയുടെ ഇ റുപ്പി പ്ലാറ്റ്ഫോമിലും കൂടിയാകും, ഇതില്‍ ബാങ്കുകള്‍ ചാലക ശക്തികളായി പ്രവര്‍ത്തിക്കും.
ഡിജിറ്റല്‍ കറന്‍സി വരുന്നതുകൊണ്ടുള്ള മാറ്റം?
1. ഡിജിറ്റല്‍ പണമിടപാടിന്റെ വേഗം വര്‍ധിക്കും. യുപിഐ വന്നതിന് ശേഷമുള്ള പണമിടപാടില്‍ നിന്ന് വേഗത്തില്‍ തന്നെ ഡിജിറ്റല്‍ കറന്‍സിവഴി പണം കൈമാറാന്‍ സാധിക്കും.
2. ഡിജിറ്റല്‍ റുപ്പിക്ക് ഔദ്യോഗിക കറന്‍സി രൂപം വന്നു, നാളിതുവരെ നാണയം-കടലാസ് കറന്‍സിയുടെ മേലുള്ള ഒരു ഡിജിറ്റല്‍ ഇടപാടുകള്‍ ആയിരുന്നെങ്കില്‍ ഇനി തനത് ഡിജിറ്റല്‍ രൂപം.
3. ഒരു വര്‍ഷം 5000 കോടി രൂപ വരെ കറന്‍സി അച്ചടിക്കുന്നതിനായി ആര്‍ബിഐ ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സി എത്തുന്നതോടെ പേപ്പര്‍ കറന്‍സിയും നാണയത്തുട്ടുകളും ഇറക്കുന്നതിനുള്ള ചെലവ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. കടലാസ് നാണയ കറന്‍സിയുടെ ഉപയോഗം ഉടനെ പൂര്‍ണമായും മാറ്റാന്‍ സാധിക്കില്ലെങ്കിലും, ഭൗതിക രൂപമുള്ള കറന്‍സിയുടെ ഉപയോഗം കുറയ്ക്കാനും ഇതിലൂടെ അച്ചടിക്കുന്നതിന്റെ ചെലവ് ഓരോ വര്‍ഷം പിന്നിടുംതോറും കുറയ്ക്കാനും സാധിക്കും.
4.ലോകത്തില്‍ വളരെ ചുരുക്കം രാജ്യങ്ങളില്‍ മാത്രമാണ് സിബിഡിസി അല്ലെങ്കില്‍ സെന്‍ട്രല്‍ ബാങ്ക് പിന്തുണയുള്ള കറന്‍സി നിലവിലുള്ളത്. ഇത് അതത് രാജ്യങ്ങളുടെ നിയമ പ്രകാരമുള്ള കേന്ദ്ര ബാങ്കിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സി എന്നത് പുതുലോക വിനിമയത്തില്‍ അനിവാര്യമാണ്.
5. ഇതില്‍ നിന്ന് വ്യത്യസ്തമാണ് ക്രിപ്റ്റോ കറന്‍സി. ക്രിപ്റ്റോ കറന്‍സിക്ക് ഊഹത്തിലുള്ള മൂല്യം മാത്രമാണുള്ളത്. ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സിക്ക് ആര്‍ബിഐ അംഗീകാരം നല്‍കിയിട്ടില്ല. ഇതുമൂലം നഷ്ടം സംഭവിച്ചാല്‍ നിയമ പരിരക്ഷ ലഭിക്കില്ല. എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയില്‍ നിയമ പരിരക്ഷ നല്‍കിയുള്ള ആര്‍ബിഐയുടെ ഉറപ്പും സുരക്ഷയും ലളിതമായി വിനിമയം ചെയ്യാനുള്ള സൗകര്യങ്ങളും അടങ്ങുന്നു. അതായത് ക്രിപ്റ്റോ കറന്‍സിയില്‍ മൂല്യത്തില്‍ വ്യതിയാനം ഉണ്ടാകാം, ഒരു വേള ആ കറന്‍സി വന്‍ നഷ്ടം വരെ ഉണ്ടാക്കി തന്നേക്കാം. എന്നാല്‍ ഇ റുപ്പിയില്‍ വിനിമയ മൂല്യം എല്ലായ്പ്പോഴും സ്ഥിരമായിരിക്കും.
ഇത് എങ്ങനെ ഉപയോഗിക്കും?
നിലവില്‍ സാധാരണ ഒരാള്‍ തന്റെ പേഴ്സില്‍ ഉള്ള പണം ഉപയോഗിക്കുന്നപോലെ തന്നെ ഇ റുപ്പിയും ഉപയോഗിക്കുവാന്‍ സാധിക്കും. അതായത് കറന്‍സി കീശയിലെ പഴ്സില്‍ വയ്ക്കുന്നു, ആവശ്യം വരുമ്പോള്‍ എടുത്ത് നല്കുന്നു. ഇ റുപ്പി തങ്ങളുടെ ഫോണിലെ പേഴ്സിന് സമാനമായ രീതിയിലുള്ള ഡിജിറ്റല്‍ വാലറ്റില്‍ ആയിരിക്കും സൂക്ഷിക്കാന്‍ സാധിക്കുക. ക്യു ആര് കോഡ് സ്കാന്‍ ചെയ്തോ, ഫോണിലെ സമീപസ്ഥ വിനിമയ സംവിധാനം ഉപയോഗിച്ചോ വ്യക്തികള്‍ തമ്മിലോ, കടകളിലോ പണം നല്‍കാം.
ഡിജിറ്റല്‍ വാലറ്റ്
മൊബൈല്‍ ഫോണില്‍ പണം സൂക്ഷിക്കാനുള്ള ഒരു ആപ്പ് ആണിതെന്ന് പറയാം. ബാങ്കില്‍ നിന്നോ ഇ റുപ്പി ഉള്ള വ്യക്തികള്‍ നല്കിയതോ ആയ ഇ-റുപ്പി ഇതില്‍ സൂക്ഷിച്ച് നമ്മുടെ ആവശ്യാനുസരണം ഉപയോഗിക്കാം. ഇത് ഇലക്ട്രോണിക് രീതിയില്‍ പണമിടപാട് നടത്താന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു. ഇ-വാലറ്റ് നല്കുന്ന സേവനം ഡെബിറ്റ് കാര്‍ഡിന് തുല്യമോ അതിനു മേലെയോ ആണ്. കടലാസില്ലാത്ത പണമിടപാട് എളുപ്പമാക്കുക എന്നതാണ് ഇ-വാലറ്റിന്റെ പ്രധാന ലക്ഷ്യം. ഇന്റര്‍നെറ്റ് സംവിധാനം ഉള്ള ഫോണിലാകും ഇത് പ്രവര്‍ത്തിക്കുക, എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെ യുഎസ്എസ്ഡി അടിസ്ഥാനമാക്കിയും സാങ്കേതികമായി ഇത് സാധ്യമാണ്, നിലവില്‍ യുപിഐ ഇടപാടുകള്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണ്‍ വഴി നടത്താം എന്നത് ഓര്‍ക്കുക.
ഗുണങ്ങള്‍
1.പണം കൈമാറ്റത്തിന് ബാങ്ക് അക്കൗണ്ടുകള്‍ ആവശ്യമില്ലാത്തതിനാല്‍ കുറച്ചുകൂടി എളുപ്പം. അതുകൊണ്ടുതന്നെ അക്കൗണ്ട് വിവരങ്ങള്‍ ഒരിടത്തും നല്‍കേണ്ടി വരില്ല.
2. ചില ഇ-വാലറ്റുകളില്‍ കുറഞ്ഞ തുക പോലും നിക്ഷേപിക്കാം, തീരെ ചെറിയ ഇടപാടുകള്‍ക്ക് ചില്ലറ ഇല്ല എന്ന പല്ലവി വേണ്ട !
3. ആവശ്യമുള്ളപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആവശ്യമുള്ള തുക മാത്രം ഇ-വാലറ്റില്‍ നിക്ഷേപിക്കാന്‍ അവസരം, തിരിച്ചും.
4. റെയില്‍ വേ ടിക്കറ്റ് ബുക്കിങ്, ഇലക്ട്രിസിറ്റി ബില്‍ അടവ് തുടങ്ങിയ ബില്‍ പേയ്മെന്റ്സംവിധാനങ്ങള് പെട്ടെന്ന് നടത്താം.
5. നിലവില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ബാങ്ക് അക്കൗണ്ട് ഉള്ളവരില്‍ മാത്രം പരിമിതപ്പെടുന്നു, എന്നാല്‍ ഇത് ആ അടിസ്ഥാനം അഥവാ ബേയ്സ് വിപുലമാക്കി എല്ലാ ജനങ്ങളിലേക്കും എത്തുന്നു.
എന്തിനെല്ലാം ഉപയോഗിക്കാം?
ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡിജിറ്റല്‍ വാലറ്റിലേക്ക് മാറ്റിയ പണം പേപ്പര്‍ കറന്‍സി ഉപയോഗിക്കുന്ന രീതിയില്‍ത്തന്നെ ഉപയോഗിക്കാന്‍ സാധിക്കും.
1. സാധനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും
2. വ്യക്തികള്‍ തമ്മില്‍ പണം കൈമാറ്റം
3. ബില്‍ തുകകള്‍ അടയ്ക്കല്‍
4. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും സ്ഥിര നിക്ഷേപത്തിനും
5. വലിയ കറന്‍സികള്‍ ചില്ലറയാക്കുന്നതിനും ഡിജിറ്റല്‍ വാലറ്റിലൂടെ സാധിക്കും
ഡിജിറ്റല്‍ കറന്‍സി പൂര്‍ണ്ണമായി എന്ന് പുറത്തിറങ്ങും?
ഡിജിറ്റല്‍ കറന്‍സി പൂര്‍ണ്ണതോതില്‍ പുറത്തിറങ്ങുന്നതിന്് മുന്‍പായി പരീക്ഷണത്തിനായി ആദ്യഘട്ടത്തില്‍ മുംബൈ, ദല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ സ്ഥലങ്ങളിലെ തിരഞ്ഞെടുത്ത കച്ചവട സ്ഥാപനങ്ങളിലും വ്യക്തികളിലുമായി തിരഞ്ഞെടുത്ത ബാങ്കുകള്‍ പരീക്ഷിക്കും. രണ്ടാം ഘട്ടത്തില്‍ കൊച്ചി അടക്കമുള്ള മറ്റ് നഗരങ്ങളിലും മറ്റ് ചില ബാങ്കുകളിലും ഇത് പരീക്ഷിക്കും. തിരഞ്ഞെടുത്തവരില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുകയും മാറ്റങ്ങള്‍ അനിവാര്യമെങ്കില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്യും. അതിന് ശേഷമായിരിക്കും ജനങ്ങളിലേക്ക് ഇത് എത്തുക.
യുപിഐ നിലവില്‍ വന്നപ്പോള്‍ ഇപ്പോള്‍ കാണുന്നത്ര ഇടപാട് എണ്ണം പ്രതീക്ഷിച്ചിരുന്നില്ല, എന്നാല്‍ ചിന്തയ്ക്കുമപ്പുറത്തെ വലിപ്പത്തിലേക്ക് യുപിഐ മാറി, എന്ന് മാത്രമല്ല ടാക്സി ബുക്ക് ചെയ്യാനും ഭക്ഷണം ഓഡര്‍ ചെയ്യാനുമൊക്കെയുള്ള ഇ-ഉപാധികള്‍ ഇത്രകണ്ട് പ്രചാരം കിട്ടാന്‍ കാരണം തികച്ചും ലളിത ഘടനയുള്ള യുപിഐ ആര്‍ക്കിടെക്ചര്‍ ആണ്. നിലവില്‍ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെ ഒന്നായെടുത്താല്‍ ചെയ്യുന്നതിനെക്കാള്‍ എണ്ണം ഇടപാടുകള്‍ ഭാരതത്തിന്റെ യുപിഐ വഴി നടക്കുന്നു എന്നത് അതിശയോക്തിയല്ല. എന്‍പിസിഐ ആകട്ടെ ഈ സംവിധാനത്തെ വിവിധ ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നു. പല ലോകരാജ്യങ്ങള്‍ക്കും പകര്‍ത്താന്‍ പറ്റിയ മാതൃക ആയി യുപിഐ മാറിക്കഴിഞ്ഞു.
യുപിഐ യുടെ അതേ പാതയില്‍ തന്നെയാകും ഇ-റുപ്പിയുടെ യാത്രയും, ഇത് ഒരു തുടക്കമാണ്, ചെറിയ പ്രശ്നങ്ങള്‍ ആദ്യഘട്ടത്തില്‍ ഉണ്ടാകാം. എന്നാല്‍ നമ്മള് ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി തുടങ്ങിക്കഴിഞ്ഞു എന്നത് സാമ്പത്തിക- ബാങ്കിങ് ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ഒരു വലിയ യാത്രയുടെ ചെറിയ തുടക്കം. സമ്പദ് വ്യവസ്ഥ ഫോര്‍മലൈസ് ചെയ്യുന്നതുകൊണ്ടുള്ള നേട്ടം ചെറുകിട കച്ചവടക്കാര്‍ക്കും സാധാരണ ജനങ്ങള്‍ക്കുമാണ്, അത് കൊണ്ടുതന്നെ താഴെത്തട്ടിലുള്ള ജനകീയത പെട്ടെന്ന് കൈവരിക്കുന്നത് ഇതിന്റെ വിജയയാത്രയില്‍ അനിവാര്യം. പരീക്ഷണഘട്ടം കഴിഞ്ഞ് ഇത് വ്യാപക ഉപയോഗത്തിനെത്തുന്നതോടെ നമുക്കെല്ലാം ഇത് ഉപയോഗിച്ച് തുടങ്ങാം.
നിലവില്‍ സാധാരണ ഒരാള്‍ തന്റെ പേഴ്സില്‍ ഉള്ള പണം ഉപയോഗിക്കുന്നപോലെ തന്നെ ഇ റുപ്പിയും ഉപയോഗിക്കുവാന്‍ സാധിക്കും. അതായത് കറന്‍സി കീശയിലെ പഴ്സില്‍ വയ്ക്കുന്നു, ആവശ്യം വരുമ്പോള്‍ എടുത്ത് നല്കുന്നു. ഇ റുപ്പി തങ്ങളുടെ ഫോണിലെ പേഴ്സിന് സമാനമായ രീതിയിലുള്ള ഡിജിറ്റല്‍ വാലറ്റില്‍ ആയിരിക്കും സൂക്ഷിക്കാന്‍ സാധിക്കുക. ക്യു ആര് കോഡ് സ്കാന്‍ ചെയ്തോ, ഫോണിലെ സമീപസ്ഥ വിനിമയ സംവിധാനം ഉപയോഗിച്ചോ വ്യക്തികള്‍ തമ്മിലോ, കടകളിലോ പണം നല്‍കാം. മൊബൈല്‍ ഫോണില്‍ പണം സൂക്ഷിക്കാനുള്ള ഒരു ആപ്പ് ആണ് ഡിജിറ്റല്‍ വാലറ്റ്. ബാങ്കില്‍ നിന്നോ ഇ റുപ്പി ഉള്ള വ്യക്തികള്‍ നല്കിയതോ ആയ ഇ-റുപ്പി ഇതില്‍ സൂക്ഷിച്ച് നമ്മുടെ ആവശ്യാനുസരണം ഉപയോഗിക്കാം. ഇത് ഇലക്ട്രോണിക് രീതിയില്‍ പണമിടപാട് നടത്താന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: