ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതി അന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവ് നിര്‍ണായകമാണ്. ദുരന്തനിവാരണ നിയമപ്രകാരമാണ് പിപിഇ കിറ്റ് നല്‍കിയതെന്നും, ഇതിനാല്‍ ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയ കോടതിയുടെ നടപടി അഴിമതി നടത്താനും അന്വേഷണം അട്ടിമറിച്ച് കുറ്റക്കാരെ രക്ഷിക്കാനും ഏതറ്റംവരെയും പോകുന്ന പിണറായി സര്‍ക്കാരിന്റെ നയത്തിനേറ്റ തിരിച്ചടിയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ ദുരന്തങ്ങളെ മറയാക്കരുതെന്ന കോടതിയുടെ നിരീക്ഷണം പിണറായി സര്‍ക്കാരിനെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. അഴിമതി നടന്നിട്ടില്ലെങ്കില്‍ അന്വേഷണത്തെ എന്തിന് ഭയക്കുന്നുവെന്ന കോടതിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരാണ് മറുപടി പറയേണ്ടത്. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കരാറുണ്ടാക്കുകയായിരുന്നു. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് കിട്ടുമെന്നിരിക്കെ അഴിമതി ലക്ഷ്യംവച്ച് ഒരു കടലാസുകമ്പനിയുടെ പേരില്‍ കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നുവത്രേ.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതികളിലൊന്നു മാത്രമാണ് പിപിഇ കിറ്റ് വാങ്ങിയതില്‍ നടന്നിട്ടുള്ളത്. അഴിമതി നടത്താന്‍ വേണ്ടി മാത്രമാണോ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന സംശയം ജനിപ്പിക്കുന്നവിധം ഒന്നിനു പുറകെ ഒന്നായി നിരവധി അഴിമതികളാണ് നടന്നത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ചില ഇടപാടുകളില്‍നിന്ന് അവസാനനിമിഷം സര്‍ക്കാര്‍ പിന്മാറുകയും ചെയ്തു. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത്, അധികാരപദവിയുടെ മറവില്‍ നടന്നതായി കരുതപ്പെടുന്ന ഡോളര്‍ കടത്ത്, ലൈഫ് മിഷന് അഴിമതിക്കേസ് എന്നിങ്ങനെ നിരവധി കേസുകള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലാണ്. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാല്‍ സ്വര്‍ണക്കടത്തുകേസിന്റെ വിചാരണ കര്‍ണാടകയിലേക്ക് മാറ്റണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഉന്നതര്‍ കുടുങ്ങുമെന്ന ഭയമുള്ളതിനാല്‍ ഈ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ആരോപണവിധേയനായ സ്വര്‍ണക്കടത്തുകേസും ഡോളര്‍ കടത്തുകേസും മറ്റും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു. ഇതേ ലക്ഷ്യത്തോടെയാണ് സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ കര്‍ണാടകയിലേക്ക് മാറ്റുന്നതിനെയും എതിര്‍ക്കുന്നത്.
അഴിമതി നടത്താന്‍ ദുരന്തങ്ങള്‍ മറയാക്കരുതെന്ന കോടതിയുടെ പരാമര്‍ശം പിണറായി സര്‍ക്കാരിനുള്ള കുറ്റപത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇതാണ് സര്‍ക്കാര്‍ ചെയ്തത്. ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങാനും തുക ഒന്നിച്ചുനല്കാനുമൊക്കെ തീരുമാനിച്ചത് ആരോഗ്യമന്ത്രിയായിരുന്ന ശൈലജ മാത്രമല്ല. അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും തലേന്നും പിറ്റേന്നുമായി ഫയലില്‍ ഒപ്പുവച്ചതാണ്. ഇക്കാര്യം മറച്ചുപിടിച്ച് തന്നെ മാത്രം ക്രൂശിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരാറുണ്ടാക്കിയതെന്ന് ശൈലജ തുറന്നടിച്ചിരുന്നു. ഇത് വിവാദമാവുകയും ചെയ്തു. കൊവിഡിന്റെ മറവില്‍ ഒന്നിലധികം അഴിമതികളിലാണ് സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു ലോകായുക്തയുടെ ചിറകരിയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. കൊവിഡ് മഹാമാരിയില്‍പ്പെട്ട് ജനങ്ങള്‍ നരകിക്കുമ്പോഴാണല്ലോ അവരുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തി നല്കി അഴിമതി നടത്താന്‍ ഒരു അമേരിക്കന്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയത്. ദുരന്തങ്ങളെ മറയാക്കി അഴിമതി നടത്തുകയാണെന്ന ആരോപണം പ്രളയകാലത്തും പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അഴിമതി നടന്നിട്ടുണ്ട് എന്നതിനാലാണ് പിപിഇ കിറ്റ് വിവാദം ലോകായുക്ത അന്വേഷിക്കുന്നതിനെ ആരോപണവിധേയര്‍ എതിര്‍ക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ലോകായുക്തയുടെ പരിശോധന നടക്കുകയും കുറ്റവാളികള്‍ പിടികൂടപ്പെടുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: