സി.ആര്.പ്രഫുല്‍ കൃഷ്ണന്
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍
സമാനതകളില്ലാത്ത അതിനീചമായ അരുംകൊലയുടെ ഓര്‍മ്മപ്പെടുത്തലാണ് ഡിസംബര്‍ ഒന്ന്. നാടിന്റെ പരമ വൈഭവത്തിനായി പ്രവര്‍ത്തിച്ച് വീരമൃത്യു വരിച്ച നമ്മുടെ ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാന ദിനമാണിന്ന്. 1999 ഡിസംബര്‍ ഒന്നിന് കേരളം സാക്ഷിയായത് കേട്ടുകേള്‍വി പോലുമില്ലാത്ത പൈശാചിക ക്രൂരകൃത്യത്തിനായിരുന്നു. ക്ലാസ് മുറിയില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് ഒരധ്യാപകനെ വെട്ടി നുറുക്കിയ നരാധമന്മാര് ഇന്നും പത്തി വിടര്‍ത്തിയാടുന്നത് സാക്ഷര കേരളത്തിന് അപമാനമാണ്. അധികാരത്തിന്റേയും ആഡംബരത്തിന്റേയും അപ്പക്കഷണങ്ങള്‍ക്കും ഉഛിഷ്ടങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്ന ബഹു ഭൂരിപക്ഷം സാംസ്ക്കാരിക നായകരും മൗനം ദീക്ഷിച്ചതും, ഉത്തരേന്ത്യയില്‍ കാക്ക ചിലച്ചാല്‍ വരെ കഥയും കവിതയും എഴുതുന്ന പുരോഗമന ചിന്തകര്‍ വിവേകം പണയം വെച്ചതുമായ ഒരു സന്ദര്‍ഭം കൂടിയാണ് ഇതെന്നും ജയകൃഷ്ണന് മാസ്റ്ററുടെ ചരമദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു
എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അധികാരമേറ്റവര്‍ ഓരോന്നായി ശരിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന നമ്മുടെ സംസ്ഥാനത്ത് വിദ്യാഭ്യാസമില്ലാത്തവര്‍ പോലും കാണിക്കാത്ത സാംസ്കാരിക അധ:പതനം കളിയാടുകയാണ്. പരസ്യചുംബനം മൗലിക അവകാശമാണെന്ന് പറഞ്ഞ് മക്കളെ രാഷ്ട്രീയ ഗോദയിലും, ഡിജെ പാര്‍ട്ടിയിലും ഇറക്കി മയക്കു മരുന്ന് കച്ചവടത്തിന് ആക്കം കൂട്ടിയവര്‍ സ്വന്തം മക്കളേയും ഭാര്യമാരേയും ഉന്നത സ്ഥാനങ്ങളിലെത്തിച്ച് സ്വന്തം തടി രക്ഷപ്പെടുത്തിയതും, കയ്യോടെ പിടിക്കപ്പെട്ടിട്ടും പാര്‍ട്ടി അച്ചടക്കം എന്ന ഭീഷണിയുയര്‍ത്തി സ്വന്തം യുവചേതനയെ ചങ്ങലക്കിട്ട കാലം കൂടിയാണിത്. രാഷ്ട്രീയ യജമാനന്മാരുടെ ആവശ്യം ന്യായീകരിക്കാന്‍ കയറൂരിവിട്ടവര്‍ ചാനല്‍ മുറികളില്‍ കയറി പറയുന്ന നട്ടാല്‍ പൊടിക്കാത്ത നുണകള്‍ വേദ വാക്യമായി പ്രചരിപ്പിക്കുന്ന സൈബര്‍ തൊഴിലാളികള്‍ മാത്രമുള്ള വിപ്ലവ പാര്‍ട്ടിയായി ഇന്നു സിപിഎം മാറിയിരിക്കുന്നു. മുഖ്യമന്ത്രി മുതല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ വരെയുള്ള സിപിഎം ജനനായകരും സഹകരണ ബാങ്ക് ഉടയോന്മാരും സ്വന്തം നാട്ടുകാരാല്‍ വിചാരണ ചെയ്യപ്പെടുന്നത് നിത്യ കാഴ്ചയായി മാറിയിരിക്കുന്നു.
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണെങ്കിലും സാംസ്കാരിക തലസ്ഥാനം തൃശ്ശൂരാണെന്ന് നാം പറയാറുണ്ട്. എന്നാല്‍ കേരളത്തിലെ സകലമാന അക്രമങ്ങളുടേയും വൃത്തികേടുകളുടേയും തലസ്ഥാനമാക്കി കണ്ണൂരിനെ മാറ്റിയിരിക്കുകയാണ് പിണറായി വിജയന്റെ ഭരണം. കൂത്തുപറമ്പ് വെടിവെപ്പില്‍ സഖാക്കള്‍ പിടഞ്ഞു വീണ മണ്ണില്‍ അവരുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ശോഭ കുറഞ്ഞിരിക്കുന്നു. ഭരണത്തുടര്‍ച്ചയ്ക്കായി ‘ഏത് ചെകുത്താന്റേയും കാലു പിടിക്കുമെന്ന്’ പറഞ്ഞ ഇഎംഎസ്സിന്റെ ശിഷ്യര്‍ സഖാക്കളെ വെട്ടിയരിഞ്ഞ എം.വി.രാഘവനേയും കൂട്ടരേയും വിശുദ്ധരാക്കി ഒപ്പം ചേര്‍ത്തതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട അണികളെ ചേര്‍ത്തു പിടിക്കാന്‍ ഒരു ജയരാജന് ചക്രശ്വാസം വെട്ടുന്നത് നാം കാണുന്നു
പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റേയും, പിന്നാക്കക്കാരന്റേയും പേര് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഭരിക്കുന്ന നാട്ടില്‍ പട്ടിണി മാറ്റാനായി അല്പം ഭക്ഷണം എടുത്തതിന്റെ പേരില്‍ ദരിദ്രനും ദളിതനുമായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കേസ് ദുര്‍ബലമാക്കാനായി എല്ലാ സാക്ഷികളും കൂറുമാറാനിടയാക്കി. പാവപ്പെട്ടവന്റെ മോചകനെന്ന് അവകാശപ്പെടുന്ന പിണറായിയുടെ കയ്യിലാണ് ആഭ്യന്തര വകുപ്പ് എന്ന് ഓര്‍ക്കുക. ഇതിനെക്കുറിച്ച് ഒരു ചോദ്യം പോലും ചോദിക്കാന്‍ ധൈര്യമില്ലാത്ത തരത്തിലാണ് മിക്ക പത്ര ദൃശ്യമാധ്യമങ്ങളെന്നതും ഖേദകരമാണ്.
പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളിലും മറ്റും ഉന്നത സ്ഥാനം നല്കാന് തയ്യാറാകുന്ന വൈസ് ചാന്‍സലര്‍മാരെ വീണ്ടും അതേ സ്ഥാനത്തിരുത്തുന്നു. ഖജനാവ് മുടിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പെന്ഷന് കരസ്ഥമാക്കാന്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ ഇഷ്ടം പോലെ നിയമിക്കുകയും വസ്ത്രം മാറ്റുന്നതുപോലെ മാറ്റുകയും ചെയ്യുന്നു. ഇതിനെയൊക്കെ ന്യായീകരിക്കാന്‍ ഓര്‍ഡിനന്‍സും നിയമവുമായി ഭരണഘടനയെപ്പോലും വെല്ലുവിളിക്കുകയാണ് സിപിഎം. നെറികേടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഗവര്‍ണ്ണറെ അപമാനിക്കാന്‍ ശ്രമിച്ചതും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയതും സാംസ്കാരിക കേരളം ലജ്ജയോടെ മാത്രമേ ഓര്‍ക്കുകയുള്ളൂ.
ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന കാലത്ത് ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണിയെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ അസംബ്ലിയില്‍ കസേരകള്‍ മറിച്ചിടുകയും പലതും നശിപ്പിക്കുകയും ശുദ്ധ തെമ്മാടിത്തം കാട്ടുകയും ചെയ്തവര്‍ പലരും ഇന്ന് മന്ത്രിമാരും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണ്. കേരളം സമസ്ത മേഖലകളിലും സമ്പൂര്‍ണമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണപരാജയവും അഴിമതിയും മൂടിവെക്കാന്‍ പല ആയുധങ്ങളും പയറ്റുകയാണ് സിപിഎം. ഗവര്‍ണ്ണര്‍ പാര്‍ട്ടി പോര് അതിന്റെ ഭാഗം മാത്രമാണ്. തിരുവനന്തപുരം മേയറുടെ കത്ത് പുറത്തു വന്നതോടെ സിപിഎമ്മിന്റെ യുവജന വഞ്ചന മറ നീക്കി പുറത്തു വന്നിരിക്കുന്നു. നിലപാട് പോലും പറയാന്‍ കഴിയാത്ത ഗതികേടിലാണ് സിപിഎമ്മിന്റെ യുവജന പ്രസ്ഥാനം.
ദിവസങ്ങളായി വിഴിഞ്ഞം പ്രശ്നം നീട്ടിക്കൊണ്ടുപോകുന്നത് ഇത്തരം വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ തന്നെയാണ്. പാക്കേജ് നടപ്പിലാക്കാതെ തദ്ദേശവാസികളില്‍ ഭയം സൃഷ്ടിക്കുകയാണ്. തീവ്ര സംഘടനകളുടെ ഇടപെടലുകളും, വിദേശ ധനസഹായവും ഉള്‍പ്പെടെയുള്ള ഐബി മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ പരിണിത ഫലമാണ് വിഴിഞ്ഞം കലാപം. മുഖ്യമന്ത്രിയുടേയും ഭരണ സിരാ കേന്ദ്രത്തിന്റേയും മൂക്കിന് താഴെ ഇങ്ങനെ സംഭവിച്ചുവെങ്കില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഭരണപരാജയത്തിന്റെ ആഴവും പരപ്പും എത്രയുണ്ടെന്ന് മനസ്സിലാക്കാം. കെ.ടി.ജയകൃഷ്ണന്മാസ്റ്ററെ ഇല്ലാതാക്കിയവര്‍ സമൂഹമധ്യത്തില്‍ പൂര്‍ണ്ണ പരിഹാസ്യരായി നഗ്നരായി നില്‍ക്കുകയാണ്. കാലം കാത്തു വെച്ച അനിവാര്യത തന്നെയാണ് ഈ കാവ്യനീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: