പുതുശ്ശേരി: ദേശീയപാതയിലെ കട്ടന്‍ചായ പദ്ധതി കൊവിഡ് മഹാമാരിക്കുശേഷം തിരിച്ചുവരുന്നു. മണ്ഡലകാലമായതോടെ തീര്‍ത്ഥാടകരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് നിലച്ച പദ്ധതി പുനസ്ഥാപിച്ച് പോലീസ് രംഗത്തെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദേശീയപാതയിലെ പോലീസ് സ്റ്റേഷനുകള്‍ക്കു കീഴില്‍ കട്ടന്‍ചായ പദ്ധതിയുമായി പോലീസെത്തിയത്. രാത്രികാലങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ചരക്കു വാഹനങ്ങളും ബസുകളും നിര്‍ത്തി ഡ്രൈവര്‍മാരുടെ ഉറക്കച്ചടവു മാറ്റാനായി കട്ടന്‍ചായ നല്‍കുന്നതാണ് പദ്ധതിയുടെ രീതി.
വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകള്‍ ഈ പദ്ധതിക്കു കീഴില്‍ വരുന്നതാണ്. എന്നാല്‍ അടുത്ത കാലത്തായി അപകടങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ദേശീയ – സംസ്ഥാന പാതകള്‍ അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. രാത്രികാലങ്ങളില്‍ കട്ടന്‍ചായ നല്കുന്നതിനു പുറമെ 24 മണിക്കൂറും പോലീസ് പട്രോളിങുമുണ്ടാകും. ബോര്‍ഡര്‍ സീലിങ്, ഹൈവേ ടാസ്ക് പരിശോധനകളും തുടങ്ങും.
തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ എന്നിവിടങ്ങളില്‍ നിരവധി വാഹനങ്ങളാണ് ദേശീയപാത വഴി ശബരിമലയിലേക്ക് എത്തിച്ചേരുന്നത്. ഇവരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പോലീസ് നടപടി. മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് കോംബോ പരിശോധനയും ചന്ദ്രനഗര്‍, കാഴ്ചപ്പറമ്പ് എന്നീ പ്രധാന കവലകളിലെ അനധികൃത പാര്‍ക്കിങ് തടയുന്നതിനും പദ്ധതിയുണ്ട്.
റവന്യൂ, പോലീസ്, ആര്‍ടിഒ, നാഷണല്‍ ഹൈവേ അതോറിറ്റി, ക്യാമ്പ് ഹൈവേ ഉദ്യാഗസ്ഥര്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: