ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എതിരാളികളില്ലാത്ത പടയോട്ടമാണ് ബിജെപിയുടേത്. ഇത്തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍വരുമെന്ന ആത്മവിശ്വാസമാണ് ഓരോ പ്രവര്ത്തകനിലുമുള്ളത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വീക്ഷിക്കുന്ന ആര്‍ക്കും അതുവ്യക്തമായി മനസ്സിലാകും, എതിരാളികളില്ലാത്ത പോരാട്ടത്തിലാണ് ബിജെപി വിജയം ഉറപ്പിക്കുന്നതെന്ന്. ബിജെപിക്ക് ഇത്തവണ ഒരു പ്രതിയോഗിയുണ്ടെന്ന് പറയാന്‍ പോലും ഗുജറാത്തില്‍ ആരും ഒരുക്കമല്ല. കോണ്‍ഗ്രസും കെജ്രിവാളുമൊക്കെ സ്ഥാനാര്‍ഥികളെ നിര്ത്തിയിട്ടുണ്ടെന്നതിനാല് മാത്രമാണ് മത്സരം നടക്കുന്നത്. 2017 ല്‍ നിന്ന് 2022-ലെത്തിയപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി എന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞദിവസം യാദൃശ്ചികമായാണ് ഗുജറാത്തില്‍ എത്തിയത്. വ്യക്തിപരമായ ഒരു യാത്ര. ഇവിടത്തെ തെരുവുകളില്‍ കേരളത്തിലേതുപോലെയുള്ള വലിയ തെരഞ്ഞെടുപ്പ് ആഘോഷങ്ങള്‍ കാണാനാവില്ല, ഇടയ്ക്ക് ഒരു പ്രധാന കേന്ദ്രത്തില്‍ ഒന്നോ രണ്ടോ ഹോര്‍ഡിങ് ബോര്‍ഡുകള്‍, അതില്‍ നരേന്ദ്ര മോദി, അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര ഭായ് പട്ടേല്‍, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സിആര്‍ പാട്ടീല്‍. പിന്നെ ആ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. അത്ര വലിയതൊന്നുമല്ല അതും. ചുമരെഴുത്ത്, പോസ്റ്റര്‍ എന്നിവ വളരെ വിരളം. കേരളം വിട്ടാല്‍ മറ്റൊരു സംസ്ഥാനത്തും തെരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണത്തിന് വലിയ പ്രാധാന്യമില്ല. വീടുകളില്‍ നിന്ന് വീടുകളിലേക്കാണ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ നീളുന്നത്. ആം ആത്മി പാര്‍ട്ടി പിന്നെയും കുറേകൂടി രംഗത്തുണ്ടെന്ന് വരുത്താന്‍ ശ്രമിക്കുന്നുണ്ട്. വീടുകള്‍ കയറാനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ആവശ്യത്തിന് പ്രവര്‍ത്തകരില്ലാത്തതിനാല്‍ ബോര്‍ഡുകള്‍ വച്ചും പോസ്റ്ററുകള്‍ പതിച്ചും അവര്‍ ഓളമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ വളരെ ദയനീയമാണ്.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെയൊക്കെയാണ്. ബിജെപിക്ക് ഒരു ആശങ്കയുമില്ല. എന്നാല്‍ പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഒരു അലംഭാവവും വേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെല്ലാം സജീവമായി വോട്ടര്‍മാര്‍ക്കൊപ്പമാണ്. നരേന്ദ്ര മോദിയും അമിത്ഷാ യും ജെ.പി.നദ്ദയുമൊക്കെ ആദ്യമേ പ്രചരണരംഗത്തെത്തി. അവര്‍ പങ്കെടുക്കുന്ന റാലികള്‍ക്ക് അഭൂതപൂര്‍വ്വമായ ജനക്കൂട്ടമാണ് ഓരോ സ്ഥലത്തും ഒഴുകിയെത്തുന്നത്. ഭാരതമെമ്പാടും പടരുന്ന മോദിമാജിക്കിന്റെ പിടിയിലമരുകയാണ് ഗുജറാത്ത്.
കഴിഞ്ഞ ശനിയാഴ്ചയിലെ നരേന്ദ്ര മോദിയുടെ പരിപാടികള്‍ ശ്രദ്ധിക്കേണ്ടതാണ്. രാവിലെ ദല്‍ഹിയില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ ഇറ്റനഗറിലേക്ക്. അവിടെ സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം, പിന്നെ ഒരു വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം. ഉടനെ സ്വന്തം മണ്ഡലമായ കാശിയിലേക്ക്, വാരാണസിയില്‍ കാശി -തമിഴ് സംഗമം പരിപാടി. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നു എന്നുപറഞ്ഞു ഡിഎംകെ കേന്ദ്രത്തിനെതിരെ കുപ്രചരണം നടത്തുമ്പോഴാണ് തമിഴ്-ഹിന്ദി- സംസ്കൃതം എന്നിവയുടെയും ആ സംസ്കാരങ്ങളുടെയും ആത്മബന്ധം ഉയര്‍ത്തിപിടിച്ചുകൊണ്ടു ഒരു മഹാസമ്മേളനം സ്വന്തം മണ്ഡലത്തില്‍ നടത്തിയത്. അതുകഴിഞ്ഞു അന്ന് സന്ധ്യയോടെ മോദി ഗുജറാത്തിലെത്തി. ഒരു റോഡ് ഷോ, പിന്നെ മറ്റൊരിടത്ത് കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലി. അത് കച്ച് മേഖലയില്‍. വാപിയിലായിരുന്നു ശനിയാഴ്ച റോഡ് ഷോ, പിന്നെ വരാവലില്‍ റാലി. അതെ സമയം അമിത് ഷായാവട്ടെ നര്‍മ്മദ, താപി ജില്ലകളില്‍ റാലികള്‍ക്കെത്തി. ഞായറാഴ്ച രാവിലെ സോമനാഥ് ക്ഷേത്രദര്‍ശനത്തോടെയാണ് മോദിയുടെ തുടക്കം. പിന്നെ മൂന്നോ നാലോ വന്‍ റാലികള്‍. എല്ലായിടത്തും വന്‍ ജനാവലി.
വെറും വിജയമല്ല; കൂറ്റന്‍ വിജയത്തിലേക്ക്
ബിജെപിക്ക് ഗുജറാത്തില്‍ തുടര്‍ ഭരണം ഉറപ്പാണ്. അതിനെക്കുറിച്ച് പ്രതിപക്ഷത്തിന് പോലും സംശയമില്ല. മൂന്നില്‍ രണ്ടില്‍ കുറഞ്ഞോരു സീറ്റ്, അത് ബിജെപി ചിന്തിക്കുന്നുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയും നാവും ഒക്കെയായിരുന്നവര്‍ ഇന്ന് ബിജെപിക്കോപ്പമാണ്. ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ ഉദാഹരണം. അല്‍പേഷ് താക്കൂറിനു ബിജെപി നല്‍കിയത് ഗാന്ധിനഗര്‍ സൗത്ത് പോലുള്ള സുരക്ഷിത മണ്ഡലം. ഹാര്‍ദിക് വിരംഗം മണ്ഡലത്തില്‍ മത്സരിക്കുന്നു. പട്ടേല്‍ സാന്നിധ്യം നന്നായുള്ള അവിടെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തലാണ് ഇത്തവണ അദ്ദേഹത്തിന്റെ ടാര്‍ജറ്റ്. കോണ്‍ഗ്രസ് തുടര്‍ച്ചയായി ജയിച്ചു വന്നിരുന്ന മണ്ഡലമാണിത്.
കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ഒരു പ്രധാന പത്രത്തിന്റെ ഒന്നാം പേജ് ഫീച്ചര്‍, ‘തോല്‍ക്കാനായി ജനിച്ച’ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചാണ്. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിച്ചു തോറ്റ നേതാക്കളെ തന്നെ കോണ്‍ഗ്രസ് വീണ്ടും കളത്തില്‍ ഇറക്കുന്നത് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നര്‍ത്ഥം. കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ പരക്കം പായുകയാണ്, ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സ്ഥാനമില്ലാതായി. സമൂഹമധ്യത്തില്‍ നിറഞ്ഞു നില്ക്കാന് ഒരു നേതാവുമില്ല ഇന്ന്. ദയനീയ അവസ്ഥ തന്നെ. കോണ്‍ഗ്രസ് ഓഫീസുകളില്‍ എത്തുമ്പോള്‍ ആ ദയനീയത നേരില്‍ കാണാനുമാവും. പിന്നെ ആം ആദ്മി പാര്‍ട്ടിയാണ്. ഗുജറാത്തില്‍ എന്തൊക്കെയോ ചെയ്യാന്‍ പോകുന്നുവെന്ന് അവര്‍ വിളിച്ചു കൂവിനടന്നു. ഇതിനിടയില്‍ ദല്‍ഹിയില്‍ കുറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു, പിന്നെ ദല്‍ഹി കോര്പറേഷന് തെരഞ്ഞെടുപ്പ് കൂടി വന്നപ്പോള്‍ അവരെ പഴയ പോലെ ഗുജറാത്തില്‍ കാണുന്നില്ലെന്ന് മാധ്യമ സുഹൃത്തുക്കള്‍ പറയുന്നു.
എന്നാല്‍ അവര്‍ എല്ലായിടത്തും മത്സരിക്കും. അതവര് ഗോവയില്‍ ചെയ്തു, ഫലമുണ്ടായില്ലല്ലോ. അത്രയുമേ ഗുജറാത്തിലും പ്രതീക്ഷിക്കുന്നുള്ളൂ എന്നര്‍ത്ഥം. മറ്റൊന്ന് ഒരു മുസ്ലിം പാര്‍ട്ടിയാണ്. എഐഎംഐഎം. ഇതാദ്യമയാണ് അവരുടെ രംഗപ്രവേശം. അത് ബിജെപി ആഗ്രഹിച്ചതാണ്. മുസ്ലിം വോട്ടില്‍ കണ്ണുവെച്ചുള്ള കോണ്‍ഗ്രസ്, കേജ്രിവാള് രാഷ്ട്രീയത്തിനാണ് ഇത് തിരിച്ചടിയാവുക. ആറര കോടി മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആ സമുദായത്തില്‍ നിന്ന് മൂന്നു പേരേ കഴിഞ്ഞതവണ നിയമസഭയിലെത്തിയുള്ളൂ. 40 ശതമാനം മുസ്ലിം വോട്ടുള്ള മണ്ഡലങ്ങളില്‍ പോലും ബിജെപി ജയിച്ച ചരിത്രവുമുണ്ട്.
കഴിഞ്ഞതവണ തോറ്റ 45 സീറ്റുകളില്‍ കണ്ണ്
നരേന്ദ്ര മോദിയും അമിത് ഷായും നദ്ദയുമൊക്കെ ആദ്യമേ ശ്രദ്ധവെച്ചത് കഴിഞ്ഞവട്ടം പരാജയപ്പെട്ട മണ്ഡലങ്ങളിലാണ്. അത്തരം 45 മണ്ഡലങ്ങളുണ്ട്. ചിലത് നിസാര വോട്ടിനു നഷ്ടമായതുമുണ്ട്. അവിടേക്കാണ് മോദി ശനിയാഴ്ച എത്തിയത്, പിന്നെ അമിത് ഷായും. മറ്റൊന്ന് 2017-ല്‍ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചു കയറിയ മണ്ഡലങ്ങളുണ്ട്, അയ്യായിരത്തിനടുത്ത് ഭൂരിപക്ഷത്തിന്. കോണ്‍ഗ്രസ് അങ്ങനെ ജയിച്ചത് 18 ഇടത്താണ്, ബിജെപി 16 മണ്ഡലങ്ങളിലും. ഇവിടവും മോദി-അമിത് ഷാ സഖ്യം വിരലൂന്നി. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കാലത്തുണ്ടായിരുന്ന കുറെ പ്രശ്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഹാരമുണ്ടാക്കി എന്നതാണ് മറ്റൊരു വസ്തുത. പട്ടേല്‍ പ്രശ്നം ഇന്ന് പ്രകടമേയല്ല. അന്ന് അതിനു നേതൃത്വം കൊടുത്തവര്‍ ഇന്ന് ബിജെപിക്കൊപ്പവും.
കോണ്‍ഗ്രസിന് തുടക്കത്തിലേ പിഴച്ചു
മോദി ഗുജറാത്തില്‍ എത്തുന്ന ദിവസം രാഹുല്‍ ഗാന്ധി തന്റെ യാത്രയില്‍ കൂടെ നിര്‍ത്തിയത് മേധാ പട്ക്കറെയാണ്. നര്‍മ്മദ പദ്ധതി അട്ടിമറിക്കാന്‍ മേധാ പട്ക്കര്‍ നടത്തിയ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ഉടനെ തയ്യാറായി. മോദി തന്നെ ഇക്കാര്യം ഉന്നയിച്ചു. ഗുജറാത്തിനെ അപമാനിച്ചവര്‍ക്കൊപ്പമാണ് രാഹുല്‍ നടക്കുന്നത് എന്നതു കാണണം എന്ന് മേധയുടെ പേര് പറയാതെ മോദി പരാമര്‍ശിച്ചു. ഇതിനൊന്നും മറുപടി കോണ്‍ഗ്രസിന് നല്കാനാവുന്നില്ല എന്നതാണ് സ്ഥിതി. വികസനവും ദേശീയ കാഴ്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ബിജെപി മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷ നിര വട്ടം കറങ്ങുന്നതാണ് ഗുജറാത്തില്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: