പൊന്നാനി: സംസ്ഥാന സര്‍ക്കാരിന്റെ വഴിവിട്ട നടപടികളെ കടന്നാക്രമിച്ച് മെട്രോമാന് ഇ. ശ്രീധരന്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളിലും സ്വജന പക്ഷപാതത്തിലും നന്മയുള്ളവര് മൗനം വെടിയണം, അദ്ദേഹം പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. ‘ഈ ലോകം ഒരുപാടു സഹിച്ചു, അതു ചീത്ത മനുഷ്യരുടെ അക്രമങ്ങള്‍ കൊണ്ടല്ല, നല്ലവരുടെ മൗനം മൂലമാണ്’, നെപ്പോളിയന്റെ വാക്കുകള്‍ ഉദ്ധരിച്ച് ശ്രീധരന് ചൂണ്ടിക്കാട്ടി.
* രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ഉന്മാദത്തില് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുകയാണ്. ഇതു പരിഹരിക്കാന്‍ കഴിയാത്ത വിധം സംസ്ഥാനത്തെയും ഇവിടത്തെ ജനത്തെയും ബാധിക്കുന്നുണ്ട്. ഇവിടത്തെ നല്ല, ബുദ്ധിയുള്ളവര്‍ മരവിച്ചിരിക്കുകയാണ്.
* സര്‍വകലാശാലകളിലും സെക്രേട്ടറിയറ്റിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി പാര്‍ട്ടി സഖാക്കളെ തിരുകിക്കയറ്റിയതു ചോദ്യം ചെയ്ത സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവര്‍ണറെ ഉള്‍പ്പെടെ വാക്കുകളാല്‍ ആക്രമിക്കുന്നു.
* നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചിലരെ സംരക്ഷിക്കാന്‍, നിയമസഭയില്‍ ബില്ലുകള്‍ പാസാക്കുന്നു. ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നു. ലോകായുക്തയെത്തന്നെ ഇല്ലാതാക്കുന്നു.
*പാര്‍ട്ടി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോലീസിനെ നഗ്നമായുപയോഗിക്കുന്നു.
*പാര്ട്ടിക്കാര് ഉള്‍പ്പെടുന്ന കേസുകളില്‍ നിയമ നടപടികള്‍ വൈകിക്കുന്നു. നിയമസഭയിലെ അതിക്രമം അതിന് ഉത്തമോദാഹരണമാണ്.
* തത്ത്വദീക്ഷയില്ലാതെ കടമെടുത്തും ധൂര്‍ത്തടിച്ചും സംസ്ഥാനത്തെ പാപ്പരാക്കുന്നു.
* എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സഹകരണ ബാങ്കുകളില്‍, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നു.
ഇത്രയൊക്കെയായിട്ടും നല്ലവരായ ജനങ്ങള്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സങ്കടകരമായ അവസ്ഥ നോക്കൂ. സംസ്ഥാനത്തെ രക്ഷിക്കാന്‍ നല്ലവരായ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: