അഡ് ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ നവമ്പര്‍ 10 വ്യാഴാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം നടക്കാന്‍ പോവുകയാണ് . ഇതിന് മുന്നോടിയായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന നാസര്‍ ഹുസൈന് തന്റെ ടീമിന് ഒരു പ്രധാന ഉപദേശം നല്‍കിയിരിക്കുകയാണ്.
ഇന്ത്യന്‍ ടീമില്‍ ഒരാളെ ഭയപ്പെടണം എന്നാണ് നാസര്‍ ഹുസൈന്റെ മുന്നറിയിപ്പ്. മികച്ച ഫോമിലുള്ള ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണായ സൂര്യകുമാര്‍ യാദവിനെ ഭയക്കണം എന്നാണ് നാസര്‍ ഹുസൈന് ഉപദേശിക്കുന്നത്.
“സൂര്യകുമാര്‍ യാദവ് മികച്ച ഒരു താരമാണ്. 360 എന്ന വിശേഷണം സൂര്യകുമാറിന്റെ കാര്യത്തില്‍ ശരിയാണ്. ഓഫ് സ്റ്റംപിന് പുറത്തുനിന്നുള്ള പന്ത് ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ സിക്സറടിക്കം. അസാധാരണ സ്ഥലങ്ങളിലേക്ക് സൂര്യ കൈക്കുഴ ഉപയോഗിച്ച് പന്ത് പറത്തും. അദ്ദേഹത്തിന് ഇപ്പോഴത്തെ താരങ്ങള്‍ക്ക് വേണ്ട കരുത്തും അസാധാരണ ബാറ്റിംഗ് സ്പീഡൂമുണ്ട്. സൂര്യകുമാറില്‍ ഒരു പിഴവ് കണ്ടെത്തുക പ്രയാസം. ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്ക് എതിരെയുള്ള പ്രകടനത്തില്‍ മാത്രമാണ് അല്പം പോരായ്മയുള്ളത്. “-നാസര്‍ ഹുസൈന് എഴുതിയ ലേഖനത്തില്‍ പറയുന്നു.
2021ല്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് ഒരു വര്‍ഷത്തിനുള്ളില്‍ ടി20യില്‍ മാത്രം ആയിരം റണ്‍സ് നേടി. ആസ്ത്രേല്യയില്‍ നടക്കുന്ന ടി20 ലോകപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച അഞ്ച് കളികളില്‍ മാത്രം 225 റണ്‍സ് നേടി. അതിവേഗത്തില്‍ സ്കോര്‍ ചെയ്യുന്നതാണ് സൂര്യകുമാറിനെ എതിരാളികളുടെ പേടി സ്വപ്നമാക്കുന്നത്. സിംബാബ് വെയുമായുള്ള കഴിഞ്ഞ മത്സരത്തില്‍ 25 പന്തുകളില്‍ നിന്നും 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ആദ്യ സെമിയില്‍ ന്യൂസിലാന്റിനെ തകര്‍ത്ത് പാകിസ്ഥാന് ഫൈനലില്‍ ഇടം പിടിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യ ഇംഗ്ലണ്ടിനെ തോല്പിച്ചാല് വീണ്ടും ഇന്ത്യാ-പാക് എന്ന സ്വപ്ന ഫൈനല്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: