തൃശൂര്‍: കാര്‍ഷിക സര്‍വ്വകലാശാലാ രജിസ്ട്രാര്‍ സക്കീര്‍ ഹുസൈന്റെ പിഎച്ച്ഡി ബിരുദം യുജിസിയുടെയോ ഐസിഎആറിന്റെയോ അംഗീകാരമില്ലാത്തതാണെന്നും അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു. ഒരു സെമസ്റ്റര്‍ മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന പഠന കോഴ്സുകള്‍ ജയിക്കേണ്ടത് പിഎച്ച്ഡി ബിരുദം നേടുന്നതിനുള്ള അനിവാര്യമായ ഘടകമാണ്. ഇതില്ലാതെയുള്ള പിഎച്ച്ഡി ബിരുദത്തിന് ഇന്ത്യയിലോ വിദേശത്തോ അംഗീകാരമില്ലാത്തതിനാല്‍ വ്യാജ ബിരുദത്തിന് തുല്യമായാണ് പരിഗണിക്കുക.
കേരള കാര്‍ഷിക സര്‍വ്വകലാശാലക്ക് ഐസിഎആര്‍ മാനദണ്ഡങ്ങളാണ് ബാധകമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷനും(യുജിസി) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഡോ സക്കീർ ഹുസൈൻ അന്ന് യുജിസിയുടെയും ഐസിഎആറിന്റെയും അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിക്കുകയോ പരീക്ഷകൾ ജയിക്കുകയോ ആവശ്യമില്ലാത്ത തമിഴ്നാട്ടിലെ ഗാന്ധി റാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് പി എച്ച് ഡി ബിരുദം നേടിയത്. ഇദ്ദേഹം ഗവേഷണ ബിരുദത്തിന് പ്രബന്ധം സമർപ്പിച്ചത് 18/04/ 2010 യുജിസി ഇത്തരം ബിരുദങ്ങൾക്ക് അംഗീകാരം ഇല്ല എന്ന് നിയമം കൊണ്ടുവന്നതിന് ശേഷമാണ് കോഴ്സുകള്‍ പഠിക്കുകയോ പരീക്ഷകള്‍ എഴുതുകയോ ചെയ്യാതെ വെറുമൊരു സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സക്കീര്‍ ഹുസൈന് പിഎച്ച്ഡി നേടിയതത്രെ. ഇത്തരത്തില്‍ അംഗീകാരമില്ലാത്ത പിഎച്ച്ഡി ബിരുദത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള പ്രമോഷന് ഉള്‍പ്പെടെ നേടിയെടുത്തത്. ഇതേപ്പറ്റി അന്വേഷിച്ച് അനധികൃതമായി നേടിയെടുത്ത പ്രമോഷനുകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും റദ്ദാക്കേണ്ടത് മാതൃകാപരവും അനിവാര്യവുമണെന്ന ആവശ്യമാണ് ഉയരുന്നത്. ഇത്തരം യോഗ്യത ഇല്ലാത്തവരുടെ ഭരണമാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല അതിന്റെ മികവ് അടിസ്ഥാനപ്പെടുത്തിയുള്ള റാങ്കിങ്ങില്‍ ഒന്നില്‍ നിന്ന് 28 ലേക്ക് കൂപ്പുകുത്തിയത് എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞമാസം വിരമിച്ച വൈസ് ചാന്‍സലറും വ്യാജരേഖകള്‍ ചമച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടിരുന്നു. എന്നാല്‍ ആ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല അനധികൃതമായി നേടിയെടുത്ത 8,55,382 ലക്ഷം രൂപ തിരികെ അടയ്ക്കാതെയാണ് അദ്ദേഹം പടിയിറങ്ങിയതും. ഇക്കാര്യം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇദ്ദേഹത്തിന് സംരക്ഷണമൊരുക്കി വന്‍ യാത്രയയപ്പ് നല്കി പറഞ്ഞയച്ചതും സിപിഐ അനുകൂല സംഘടനകളായിരുന്നു. രജിസ്ട്രാര്‍ക്കെതിരെ സിപിഎം അനുകൂല സംഘടനകള്‍ ഒരു മാസത്തോളമായി പ്രക്ഷോഭത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: