തിരുവനന്തപുരം: കത്തെഴുതിയത് താനല്ലെന്ന മേയറുടെ നിലപാട് ആശങ്ക വര്‍ദ്ധിപ്പിയ്ക്കുന്നു. നിയമന വിവാദങ്ങളില്‍ നിന്നും തലയൂരുന്നതിലേയ്ക്കായി സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് കത്തെഴുതിയത് താനല്ലെന്ന കോര്പ്പറേഷന് മേയറുടെ നിലപാട് പൊതു സമൂഹത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടുവാനാണെങ്കില്പോലും ഇത്തരത്തിലൊരു നിലപാടു സ്വീകരിയ്ക്കുന്നതിലൂടെ തിരുവനന്തപുരം കോര്പ്പറേഷന് മേയറുടെ ഓഫീസ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് അവര്‍ തന്നെ സമ്മതിയ്ക്കുകയാണ്.
ഇത്തരമൊരോഫീസ് തിരുവനന്തപുരം നഗരത്തിന് ബാധ്യതയാണ്.നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ നടന്ന അഴിമതിയില്‍ തുടങ്ങി പിഡബ്ലിയുഡി റോഡ് സ്വകാര്യ വ്യക്തിയ്ക്ക് വാടകയ്ക്ക് കൊടുത്തതുള്‍പ്പെടെ ഓരോരോ തട്ടിപ്പു കഥകള്‍ പുറത്തു വരുമ്പൊഴും പരസ്പരമായ മറുപടികള്‍ നല്കി രക്ഷപ്പെടുകയാണ് കോര്പ്പറേഷന് ഭരണകൂടവും, എല്‍ഡിഎഫും. കോര്‍പ്പറേഷനില്‍ ഒഴിവുകള്‍ വന്നാല്‍ അത്തരമൊരു കത്ത് പാര്‍ട്ടി സെക്രട്ടറിയ്ക്ക് നല്‍കുന്നത് സ്വാഭാവികമാണെന്നാണ് വിവാദം പുറത്ത് വന്നയുടന്‍ മുന്‍ മേയര്‍ വി. കെ. പ്രശാന്ത് പ്രതികരിച്ചത്. ഇത് കത്ത് കൊടുത്ത നിലപാടിനെ സാധൂകരിയ്ക്കുന്നതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചതു കൊണ്ട് പ്രശ്നം അവസാനിയ്ക്കുന്നില്ല.
കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കുത്തഴിഞ്ഞ നഗരസഭാ ഭരണ സമിതിയെ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബി ജെ പി സമരം ശക്തമാക്കും. ബിജെപി ഗവര്‍ണ്ണറെ കാണും: തിരു:കോര്‍പ്പറേഷനിലെ വിവാദ നിയമനങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി തിരുവനന്തപുരം ജില്ലാപ്രസിഡന്റ് അഡ്വ. വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ 35 കൗണ്‍സിലര്‍മാര്‍ ഒരുമിച്ച് നാളെ ഗവര്ണ്ണറെകാണും.പിന്‍വാതില്‍ നിയമന വിഷയത്തില്‍ ഗവര്‍ണ്ണര്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന സാഹചരൃത്തിലാണ് ബിജെപി നേതാക്കള്‍ മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണറെ കാണുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി തിരു:കോര്‍പ്പറേഷനില്‍ നടന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ്,വീട്ടുകരം തട്ടിപ്പ്,കെട്ടിട നമ്പര്‍ തട്ടിപ്പ് എന്നീ കേസുകളുടെ അന്വേഷണം കേരളപോലീസിലെ വിവിധ ഏജന്‍സികളുടെ പരിധിയിലാണ്. എന്നാല്‍ താഴെതട്ടിലുള്ള ചില ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ച് അഴിമതിപണത്തിന്റെ പങ്ക് പറ്റിയ കോര്പ്പറേഷന് ഭരണാധികാരികളെയും, സിപിഎം, ഡിവൈഎഫ്ഐ നേതാക്കന്മാരെയും രക്ഷിയ്ക്കുവാനാണ് പോലീസ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഭരണഘടനാ സ്ഥാപനത്തിന്റെ തലവന്‍ എന്ന നിലയ്ക്ക് കേസന്വേഷണത്തിന്റെ പുരോഗതി ഡിജിപി യോട് അന്വേഷിയ്ക്കുവാനുള്ള അധികാരം ഗവര്‍ണ്ണര്‍ക്കുണ്ട്.കോര്പ്പറേഷന് ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ അപ്രത്യക്ഷമാകുന്നതും, ഇല്ലാത്ത വാഹനങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് തുകയടയ്ക്കൂന്നതുമുള്പ്പെടെമുള്ള പരാതികള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും, തദ്ദേശ വകുപ്പിന്റെയും മുന്നിലുണ്ട്.ഇക്കാര്യങ്ങളിലും ഗവര്ണ്ണറുടെയിടപെടല് സാധ്യമാക്കുവാനുള്ള പരിശ്രമങ്ങള്‍ ബിജെപി നേതൃത്വത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: