തിരുവനന്തപുരം: പുതിയ കേരളം ലഹരിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരെ ബിജെപി ജനജാഗ്രത സദസ് സംഘടിപ്പിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പരിപാടി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലം മുതലാണ് കേരളം അന്താരാഷ്ട്ര ലഹരികടത്തിന്റെ ഹബ്ബായി മാറിയതെന്ന് രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെ ചില നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ലഹരികടത്തും കച്ചവടവുമായി ബന്ധമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകുന്ന അവസ്ഥവരെയുണ്ടായി.
സ്കൂളുകള്‍ക്കു മുന്നിലും തട്ടുകടകളിലും വരെ മാരക ലഹരിമരുന്നുകള്‍ വില്‍പ്പന നടക്കുന്നു. പോലീസിന് ഇതറിയാമെങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കാര്യമായ നടപടിയെടുക്കുന്നില്ല. നാടിന്റെ സുരക്ഷ സിപിഎമ്മിന് പ്രശ്നമല്ലാതായിരിക്കുന്നു. മുഖ്യമന്ത്രിക്കാകട്ടെ തന്റെ കുടുംബത്തിന്റെയും മക്കളുടെ സുരക്ഷയിലും മാത്രമാണ് ശ്രദ്ധ. കേരളത്തെ പോപ്പുലര്‍ ഫ്രണ്ടുപോലുള്ള ഭീകരസംഘടനകളുടെ ലോക തലസ്ഥാനമാക്കാന്‍ അവസരമൊരുക്കുന്നു. ഒടുവില്‍ സംസ്ഥാനത്തെ അറിയിക്കാതെ കേവലം 750 സിആര്‍പിഎഫ് ഭടന്മാരെ ഉപയോഗിച്ച് ഒറ്റരാത്രികൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇതിനെ അടിച്ചമര്‍ത്തിയത്.
തീവ്രവാദത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ലോകത്തിനുതന്നെ കാട്ടിക്കൊടുത്ത മികച്ച ഉദാഹരണമാണിത്. ഇസ്ലാമിക തീവ്രവാദികള്‍ പിണങ്ങുമെന്നതിനാലാണ് തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മടിക്കുന്നത്. വീരസ്യംപറയുന്ന പിണറായി വിജയന് എഴുത്തച്ഛന്‍പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാന്‍ ധൈര്യമുണ്ടോ എന്നും രാജേഷ് ചോദിച്ചു.
എന്നാല്‍ വരും നാളുകളില്‍ എഴുത്തച്ഛന് പ്രതിമ സ്ഥാപിക്കുന്നതിനായി ബിജെപി ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും എന്തുവന്നാലും തുഞ്ചന്‍പറമ്പില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുക തന്നെ ചെയ്യുമെന്നും രാജേഷ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ കരമന അജിത് അധ്യക്ഷത വഹിച്ചു. ഭീകരപ്രവര്‍ത്തകനായ സാദിഖ് ബാഷ ഏതാനും വര്‍ഷം വട്ടിയൂര്‍ക്കാവില്‍ താമസിച്ചിട്ടുപോലും സിപിഎം സര്‍ക്കാരിനോ അവരുടെ പോലീസിനോ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ജില്ലാ ഉപാധ്യക്ഷന്‍ തിരുമല അനില്‍ പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രചരണം നടത്തുകയും മദ്യം പ്രധാന വരുമാനമാര്‍ഗ്ഗമായി കരുതുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് പറഞ്ഞു. ജില്ലാ ഉപാധ്യക്ഷന്‍ ആര്.എസ്.രാജീവ്, ജനറല്‍ സെക്രട്ടറി വി.ജി.ഗിരികുമാര്‍, സെക്രട്ടറി പി.വി.മഞ്ജു, നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്.ഗോപന്, നിഷാന്ത് സുഗുണന്, ആര്.എസ്.സമ്പത്ത്, ഇലകമണ്‍ സതീശന്, പാച്ചല്ലൂര്‍ സതീശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: