കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് സമീപം നടന്ന കാര്‍ ബോംബു സ്ഫോടനം ഭീകരാക്രമണം തന്നെയാണെന്നും സ്ഫോടനത്തില്‍ മരിച്ച ജമീഷ മുബിന് ചാവേറായിരുന്നുവെന്നും ഉറപ്പിക്കാവുന്ന തെളിവുകള്‍ പുറത്തുവരികയാണ്. വന്‍ ആള്‍നാശം ലക്ഷ്യമിട്ടാണ് കാര്‍ബോംബു സ്ഫോടനം ആസൂത്രണം ചെയ്തതെങ്കിലും കാറില്‍ കരുതിയിരുന്ന സിലിണ്ടര്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതാണ് പദ്ധതി പാളാനിടയായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. താന്‍ കൊല്ലപ്പെടുമെന്ന് മുബിന് ഉറപ്പായിരുന്നുവെന്ന് അയാളുടെ വാട്സാപ്പ് സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്. അതിനര്‍ത്ഥം ഇയാള്‍ ഒരു കൊടും ഭീകരനായിരുന്നുവെന്നാണ്. ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയെ ലക്ഷ്യമിട്ട് നടത്തുകയും അറുപതോളം പേര് കൊലചെയ്യപ്പെടുകയും ചെയ്ത കോയമ്പത്തൂര്‍ ബോംബു സ്ഫോടനവുമായി കോട്ടമേട് കാര്‍ബോംബു സ്ഫോടനത്തിന് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. കോയമ്പത്തൂര്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഉമ നേതാവ് സെയ്ദ് അഹമ്മദ് ബാഷയുടെ സഹോദരന് നവാബ് ഖാനുമായി മുബിന് ബന്ധമുണ്ട്. കോയമ്പത്തൂര്‍ കേസില്‍ പ്രതിയായ നവാബ് ഖാന് ഇപ്പോള്‍ ജയിലിലാണ്. മതപരമായ പ്രശ്നങ്ങളോട് തീവ്രമായി പ്രതികരിക്കുന്ന ഉക്കടം എന്ന സ്ഥലത്തിനടുത്താണ് മുബിന് താമസിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കളും ക്ഷേത്രങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും വിവരങ്ങളും കണ്ടെടുക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ള ഫിറോസ് ഇസ്മായിലിനെ ഐഎസ് ബന്ധത്തിന്റെ പേരില്‍ ദുബായ്യില്‍നിന്ന് നാടുകടത്തിയിട്ടുള്ളതുമാണ്.
രണ്ട് വര്‍ഷം മുന്‍പ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ചാവേറാക്രമണത്തിന്റെ മാതൃകയില്‍ സ്ഫോടനം നടത്താനാണ് കോട്ടമേടിലും പദ്ധതിയിട്ടതെന്ന് കരുതപ്പെടുന്നു. ഐഎസ് ബന്ധമുള്ള ഭീകര സംഘടന നടത്തിയ കൊളംബോ സ്ഫോടനത്തില്‍ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതുപോലെ ആള്‍നാശം വരുത്താനാണ് ദീപാവലി ദിനത്തില്‍ കോട്ടമേടിലെ ജനത്തിരക്കേറിയ പ്രദേശം തെരഞ്ഞെടുത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ഈസ്റ്റര്‍ ആക്രമണത്തിന് നേതൃത്വം നല്കിയ ഐഎസ് ഭീകരന് ഷഹ്റാന്‍ ഹാഷിമുമായി കൊല്ലപ്പെട്ട മുബിന് ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്. ഈ വസ്തുതകളൊക്കെ കണക്കിലെടുക്കുമ്പോള്‍ അതിഭീകരമായ ഒരു കൂട്ടക്കൊലയാണ് ഒഴിവായത്. അതില്‍ ആശ്വസിക്കാം. ഇങ്ങനെയൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യാനുള്ള അടിയന്തര പ്രകോപനം എന്തായിരുന്നുവെന്നതിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ യുഎപിഎ നിയമപ്രകാരം ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന്റെ പ്രതികാരമാണോ ഇതെന്ന് പരിശോധിച്ചുവരികയാണ്. ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിരോധനത്തിനെതിരെ നടത്തിയ ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. കോയമ്പത്തൂര്‍ പണ്ടുമുതലേ മതതീവ്രവാദികളുടെ കേന്ദ്രവുമാണ്. തങ്ങള്‍ തോറ്റിട്ടില്ലെന്നു കാണിക്കാന്‍ ഇത്തരമൊരു ആക്രമണത്തിലൂടെ കഴിയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കരുതുന്നുണ്ടാവും.
കോട്ടമേട് സ്ഫോടനത്തിന് കേരള ബന്ധമുണ്ടെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ചാവേറായ ജമീഷ മുബിന് വിയ്യൂര്‍ ജയിലിലെത്തി എന്‍ഐഎ കേസിലെ പ്രതി മുഹമ്മദ് അസറുദീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ഇതിലൊന്ന്. മലപ്പുറത്തെ വിലാസമാണ് ഇയാള്‍ നല്‍കിയതെന്നും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ മറ്റുതരത്തിലുള്ള സഹായവും ഇയാള്‍ക്ക് ലഭിച്ചിരിക്കും. അന്തര്‍സംസ്ഥാന ബന്ധമല്ല, രാജ്യാന്തര ബന്ധം തന്നെ കോട്ടമേട് ചാവേറാക്രമണത്തിന് ഉണ്ടാവും. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും എന്‍ഐഎയുടെ അന്വേഷണത്തിന് സാധ്യമാവും. തമിഴ്നാട് സര്‍ക്കാര്‍ ഒട്ടും വൈകാതെ ഇതിന് അനുമതി നല്‍കിയത് സ്വാഗതാര്‍ഹമാണ്. പഴുതടച്ച അന്വേഷണം ഇക്കാര്യത്തില്‍ നടക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ഈ കേസിന്റെ അന്വേഷണത്തില്‍ പരിഗണിക്കണം. കേരളത്തിന്റെ അയല്പക്കത്ത് ഇങ്ങനെയൊരു ഭീകരാക്രമണം നടന്നിട്ടും പല മലയാള മാധ്യമങ്ങളും അര്‍ഹിക്കുന്ന ശ്രദ്ധ അതിനു കൊടുക്കുന്നില്ല. ശ്രീലങ്കയിലെ ഈസ്റ്റര്‍ ആക്രമണത്തില്‍ കണ്ടതുപോലെ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നില്ല. കോയമ്പത്തൂര്‍ കേസില്‍ പ്രതിയായ മദനിയോടും ഇതേ സമീപനമാണല്ലോ ഈ മാധ്യമങ്ങള്‍ സ്വീകരിച്ചത്. കോട്ടമേട് ആക്രമണത്തിന്റെ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കണം. അന്വേഷണവുമായി കേരളാ പോലീസ് പൂര്‍ണമായി സഹകരിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: