ആദിത്യ തളിയാടത്ത്
കോഴിക്കോട്: ആരതി സാഹ, സംഗീത പുരി, നിഷ മില്ലെറ്റ്, ശിഖ ടണ്ഠന്, ശിവാനി കഠാരിയ, മാന പട്ടേല്‍… ഇവരുടെ പിന്‍തലമുറക്കാരിയായി ഉയരുകയാണ് ഈ പന്ത്രണ്ടുകാരി. മലയാളിയായ അമ്മയുടെയും തമിഴ്നാട്ടുകാരനായ അച്ഛന്റെയും മകള്‍. പേര് ധിനിധി ദേസിംഗൂ. അച്ഛനമ്മമാര്‍ക്ക് ജോലി ബെംഗളൂരുവിലായതിനാല്‍ ധിനിദി മത്സരിക്കുന്നത് കര്‍ണാടകയ്ക്കുവേണ്ടി.
നീന്തല്‍ക്കുളത്തില്‍നിന്ന് മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി ധിനിദി വാരിക്കൂട്ടിയത് 81 മെഡലുകള്‍. അതില്‍ 72 സ്വര്‍ണം. ഒമ്പത് വെള്ളിയും ആ ശേഖരത്തിലുണ്ട്. ഏറ്റവും ഒടുവില്‍ ഗുജറാത്തില്‍ സമാപിച്ച 36-ാമത് ദേശീയ ഗെയിംസിലെ ഒരു സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടും.
ഏഴാം വയസ്സിലാണ് നീന്തല്‍ പഠിക്കാനിറങ്ങുന്നത്. ബെംഗളൂരു ഡോള്‍ഫിന്‍ അക്കാദമിയിലാണ് പരിശീലനം. 2019-ല്‍ കര്‍ണാടക സംസ്ഥാന സബ്ജൂനിയര്-ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് ആറ് സ്വര്‍ണം നേടിയതോടെയാണ് ഈ മിടുക്കി ദേശീയശ്രദ്ധ പിടിച്ചുപറ്റുന്നത്. അതേ വര്‍ഷം രാജ്കോട്ടില്‍ ദേശീയ സബ് ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും സ്റ്റേറ്റ് റാങ്കിങ് മീറ്റില്‍ അഞ്ച് സ്വര്‍ണം, സംസ്ഥാന ഷോര്‍ട്ട് കോഴ്സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് സ്വര്‍ണം. ഓള് ഇന്ത്യ ഇന്റര്‍ ക്ലബ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണം, 2020-ല്‍ സൗത്ത് സോണ്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും.
2021-ല്‍ സംസ്ഥാന സബ് ജൂനിയര്‍ ആന്‍ഡ് ഓള് ഇന്ത്യ ഇന്‍വിറ്റേഷന്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ 32 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡും ധിനിദി തിരുത്തിക്കുറിച്ചു. 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ 40.37 സെക്കന്‍ഡിന്റെ റിക്കാര്‍ഡ് 39.23 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് ധിനിദി ചരിത്രം കുറിച്ചത്.
സ്വര്ണക്കൊയ്ത്തിനിടയില് വ്യക്തിഗത, റിലേ ഇനങ്ങളിലായി 22 റിക്കാര്‍ഡുകളും ധിനിദി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
നീന്താനുള്ള മകളുടെ പേടി മാറ്റി വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അമ്മ ജസിതയാണ്. കോഴിക്കോട് പുതിയാപ്പ വളപ്പില്‍ വീട്ടില്‍ ജസിതയുടെയും തമിഴ്നാട് വെല്ലൂര്‍ വാലാജപ്പേട്ട് സ്വദേശി ദേസിംഗൂവിന്റെയും മകളാണ് ധിനിദി. അമ്മ ജസിത ബെംഗളൂരു ഡിആര്‍ഡിഒ ടെക്നിക്കല്‍ ഓഫീസറും അച്ഛന് ദേസിംഗൂ ഗൂഗിളില്‍ എന്‍ജിനീയറുമായി ജോലി ചെയുന്നു. ബെംഗളൂരു ഡിആര്‍ഡിഒ കേന്ദ്രീയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധിനിദി. നാല് വര്‍ഷമായി ബി.എം. മധുകുമാറിന്റെ പരിശീലനത്തിന് കീഴിലാണ് 12 വയസ്സുകാരി നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: