ന്യൂദല്‍ഹി : സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി കേരളം. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതര്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദവും ഗൂഢലക്ഷ്യവുമാണ്. മുമ്പ് കേസില്‍ ഇഡി പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഇപ്പോള്‍ മജിസ്ട്രേറ്റിനും, മാധ്യമങ്ങള്‍ക്കും മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇഡി അന്വേഷണങ്ങളില്‍ ഒന്നാം പിണറായി സര്‍ക്കാരിലെ പല നേതാക്കളുടേയും പേരുകള്‍ പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാരും സിപിഎം കേന്ദ്ര ഏജന്‍സിക്കെതിരെ സിപിഎം നേതൃത്വവും, സംസ്ഥാനത്തെ മന്ത്രിമാരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉണ്ടായിച്ചിരുന്നു.
അതേസമയം അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നടപടി ക്രമങ്ങളെ മാത്രമാണ് വിമര്‍ശിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നല്കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
അതിനിടെ നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണ കടത്ത് കേസിന്റെ തുടക്കം മുതല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണം ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേസിലെ മറ്റൊരു പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും കോടതിയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ കേരള സര്‍ക്കാരിലെ ഭരണ രാഷ്ട്രീയ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തനുള്ള ശ്രമമാണ് ഇഡി നടത്തുന്നത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ സന്തോഷിപ്പിക്കുന്നതിനാണ് കേസിന്റെ വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നും ശിവശങ്കര്‍ ആരോപിക്കുന്നു.
കേസിന്റെ വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതം ആണ്. കേസിന്റെ വിചാരണ സമയത്ത് മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. സ്വപ്ന സുരേഷുമായി ഗൂഢാലോചന നടത്തിയാണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ശിവശങ്കര്‍ നിരപരാധി ആണെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആദ്യ മൊഴി. സ്വപ്നയെ ഭീഷണിപ്പെടുത്തി പിന്നീട് തനിക്കെതിരെ മൊഴി നല്‍കുകയായിരുന്നെന്നും ശിവശങ്കര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: