നാടിനെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലിക്കേസിനെ തുടര്‍ന്ന് സമൂഹത്തില്‍ വലിയ ആശങ്കയുയര്‍ത്തുന്ന മറ്റൊരു പ്രശ്നവും പൊന്തിവന്നിരിക്കുകയാണ്. ആളുകളെ കാണാതാവുന്ന സംഭവങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതാണിത്. ഇലന്തൂരില്‍ രണ്ടുപേരെ നരബലിയര്‍പ്പിച്ചു എന്നാണ് കേസെങ്കിലും ഇത്തരത്തില്‍ കൂടുതല്‍ പേരെ പ്രാകൃതമായി കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്ന സംശയം നാട്ടുകാര്‍ക്കും പോലീസിനു തന്നെയും ഉണ്ടായിരിക്കുകയാണ്. നരബലിയുടെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാഫി ചില വിദ്യാര്‍ത്ഥികളെയും ഇപ്പോള്‍ കൊല നടത്തിയ വീട്ടില്‍ എത്തിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് സമീപകാലത്ത് നിരവധിപേര്‍ കാണാതായ സംഭവങ്ങളുമായി ഷാഫിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഈ നരാധമന്റെ വിഹാരകേന്ദ്രമായിരുന്ന ജില്ലയാണിതെന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ കാണാതായതില്‍ ഇയാള്‍ക്ക് പങ്കുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഷാഫി പ്രലോഭനങ്ങളുമായി തങ്ങളെ സമീപിച്ചിരുന്നതായി വേറെയും സ്ത്രീകളും സുഹൃത്തുക്കളുമൊക്കെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വ്യാജ പ്രൊഫൈലുള്ള ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞത് ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായമാവും. ആരൊക്കെയാണ് ഇയാളുടെ ബന്ധത്തിലുണ്ടായിരുന്നതെന്നും, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും പരിശോധിച്ചാല്‍ ചിത്രം വ്യക്തമാവും. എറണാകുളം ജില്ലയില്‍ 2017 മുതല്‍ 12 സ്ത്രീകളെ കാണാതായതിന്റെ അന്വേഷണം പോലീസ് പുനരാരംഭിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് പ്രതിവര്‍ഷം പതിനായിരം പേര് വീതം കാണാതാവുന്നു എന്നാണ് പോലീസിന്റെ കണക്ക്. റിപ്പോര്‍ട്ടു ചെയ്യപ്പെടാത്തതും, പരാതികളില്ലാത്തതുമായ സംഭവങ്ങള്‍ ഇതിനെക്കാള്‍ വളരെ കൂടുതലായിരിക്കും. 2018 ല്‍ തന്നെ 12000 ലേറെ തിരോധാന കേസുകളുള്ളതായാണ് പോലീസിന്റെ കണക്ക്. വയനാടൊഴികെ മറ്റെല്ലാ ജില്ലകളിലും വലിയ തോതിലാണ് ആളുകളെ കാണാതാവുന്നത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. 2016 മുതലുള്ള ഒരു കണക്കനുസരിച്ച് 60000 ലേറെ പേരെ കാണാതായിട്ടുണ്ടെന്നും, ഇതില്‍ 40000 ലേറെ സ്ത്രീകളും കുട്ടികളുമാണെന്നും അറിയുമ്പോള്‍ അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. അസാന്മാര്ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും, മതംമാറ്റ കേന്ദ്രങ്ങളില്‍ എത്തിക്കുന്നവരും ഇതിലുണ്ടാവും. ജോലി വാഗ്ദാനം ചെയ്തുള്ള മനുഷ്യക്കടത്തുകള്‍ നടന്നിട്ടുണ്ടാവും. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയിട്ടുള്ളവരും ഇതില്‍പ്പെടും. സംസ്ഥാനത്ത് കാണാതായ ചിലര്‍ വിദേശ രാജ്യങ്ങളില്‍ ഭീകരപ്രവര്ത്തനങ്ങളിലേര്പ്പെടുന്നതായും, അവിടങ്ങളിലെ ജയിലുകളില്‍ കഴിയുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നതാണല്ലോ. ഇതിനിടെ ചിലര്‍ സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ തിരോധാന കേസുകള്‍ പെരുകിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ല. ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പോലീസ് തന്നെയാണ്. കൃത്യമായ പരാതികള്‍ ലഭിച്ചാലും ഗൗരവത്തിലുള്ള അന്വേഷണം നടക്കാറില്ല. സിനിമകളിലും മറ്റും കാണുന്നതുപോലെ പരാതിയുമായെത്തുന്നവരോട് മോശമായി പെരുമാറുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുന്ന രീതിയാണ് പോലീസിന്റേത്. തിരോധാന കേസുകള്‍ അന്വേഷിക്കുന്നത് തങ്ങളുടെ പണിയല്ലെന്നു കരുതുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ചില കേസുകളില്‍ അന്വേഷിച്ചു കണ്ടെത്തുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലും പോലീസ് തയ്യാറല്ല. ഒരു മലയാളം ചാനലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനെ കാണാതായി വര്‍ഷങ്ങളായിട്ടും ഒരു വിവരവുമില്ലല്ലോ. കാണാതായ ജസ്ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടി എവിടെയുണ്ടെന്ന് അറിയാമെന്നു പറഞ്ഞ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പിന്നീട് മൗനം പാലിക്കുകയായിരുന്നല്ലോ. പോലീസിന്റെ സ്വഭാവത്തില്‍ മാത്രമല്ല സംവിധാനത്തില്‍ തന്നെ മാറ്റം വരേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ തിരോധാന കേസുകള്‍ ഫലപ്രദമായി അന്വേഷിക്കാനാവൂ. ജനമൈത്രി പോലീസ്, ജനകീയ പോലീസ് എന്നൊക്കെയുള്ള വിശേഷണങ്ങള്‍കൊണ്ടു മാത്രം കാര്യമൊന്നുമില്ല. ക്രമസമാധാന പാലനവും അന്വേഷണവും ഫലപ്രദമായി നടത്താന്‍ ഇക്കാര്യത്തില്‍ ഒരു ‘തൊഴില്‍ വിഭജനം’ തന്നെ കൊണ്ടുവന്നാലും കുഴപ്പമില്ല. തിരോധാന കേസുകളില്‍ സജീവമായ താല്‍പ്പര്യം പോലീസിന്റെ തലപ്പത്തു തന്നെ ഉണ്ടാവണം. ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധ ഇതില്‍ പ്രത്യേകമായി പതിയുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: