കാസർകോട്: കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന സസ്യാഹാരിയായ അത്ഭുത മുതല ബബിയയുടെ ഓര്‍മ്മയ്ക്ക് ‘ബബിയമന്ദിരം’ എന്ന പേരില്‍ സ്മാരം ക്ഷേത്രവളപ്പില്‍ തന്നെ ഉയരും.
കഴിഞ്ഞ ദിവസം മരണപ്പെട്ട ബബിയയുടെ സംസ്കാരച്ചടങ്ങുകള്‍ ചൊവ്വാഴ്ച ക്ഷേത്രപരിസരത്ത് നടത്തി. ആയിരക്കണക്കിന് വിശ്വാസികളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. സംസ്കാരച്ചടങ്ങിന് മുന്‍പ് പൊതുദര്‍ശനത്തിനും വെച്ചിരുന്നു. ഇവിടെയും നൂറുകണക്കിനാളുകള്‍ ബബിയയെ വണങ്ങാനെത്തി. പലരും ദുഖമടക്കാനാവാതെ പൊട്ടിക്കരഞ്ഞു.
ഞായറാഴ്ച രാത്രി ക്ഷേത്രക്കുളത്തില്‍ പൊങ്ങിക്കിടക്കുന്ന മുതലയെ പരിശോധിച്ചപ്പോഴാണ് ജീവന് നഷ്ടമായതായി അറിഞ്ഞത്. 80 വയസ് പ്രായമുണ്ടെന്ന് പറയപ്പെടുന്ന മുതല സസ്യാഹാരിയായിരുന്നു. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം. പ്രായാധിക്യം മൂലമാണ് മരണമെന്ന് കരുതുന്നു.
ഒട്ടേറെ അത്ഭുത സിദ്ധികളുള്ളതാണ് ബബിയ എന്ന് കരുതുന്നു. സസ്യാഹാരിയായ മുതല എന്നത് ലോകത്ത് തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്.. ക്ഷേത്രത്തില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്കുന്ന നിവേദ്യമായിരുന്നു ബബിയയുടെ ഭക്ഷണം. ഭക്തര്‍ സമര്‍പ്പിക്കുന്ന നിവേദ്യം ഭക്ഷിച്ച് അവരെ ബബിയ അനുഗ്രഹിക്കുന്നു എന്നതാണ് വിശ്വാസം. ക്ഷേത്ര കുളത്തിലേയ്ക്ക് ഈ മുതല എത്തിയത് എങ്ങനെയാണെന്നോ ആരാണ് ഇതിന് പേര് നല്കിയതെന്നോ ആര്‍ക്കും അറിയില്ല. ക്ഷേത്രത്തിലെത്തുന്ന മനുഷ്യരെയോ കുളത്തിലെ മറ്റ് ജീവജാലങ്ങളെയോ മനുഷ്യരെയോ ബബിയ ഉപദ്രവിക്കാറില്ല.
1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന് വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.തടാകത്തില്‍ നിന്ന് മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഇത്തരത്തില്‍ ക്ഷേത്രനടയിലെത്തിയ ബബിയയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: